ഒരാൾക്ക് തന്റെ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ച് എത്ര മൊബൈൽ നമ്പരുകൾ വരെ സ്വന്തമാക്കാം? നമ്മൾ മുൻപ് ഓഫറുകൾ കണ്ടും വീട്ടുകാർക്കുമൊക്കെയായി തിരിച്ചറിയൽ കാർഡും മറ്റ് രേഖകളും ഉപയോ​ഗിച്ച് നിരവധി സിം കാർഡുകളാണ് വാങ്ങി ഉപയോ​ഗിച്ചിരുന്നത്. എല്ലാ മൊബൈൽ കണക്ഷനുകളും ആധാറുമായി ലിങ്ക് ചെയ്തതോടെ ഈ സിം കാർഡ് വാങ്ങിച്ച് കൂട്ടലിന് അൽപ്പം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ. ഡ്യുവൽ സിമ്മുളള ഫോണുകളുടെ വരവോടെ രണ്ട് നമ്പരുകൾ ഇല്ലാത്ത ആളുകൾ ചുരുക്കമായി.

നിലവിൽ ഒരാൾക്ക് ഒൻപത് സിം കാർഡുകളാണ് നിയമാനുസൃതം സ്വന്തമാക്കാൻ കഴിയുന്നത്. ഉപയോ​ഗിക്കാത്ത സിം കാർഡുകളും ഒൻപതിലേറെയുളള കണക്ഷനുകളും ടെലികോം മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം നേരത്തെ സേവനദാതാക്കൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഒരു ദിവസം പരമാവധി രണ്ട് സിം കാർഡുകളാണ് ഒരാൾക്ക് തന്റെ പേരിൽ എടുക്കാൻ കഴിയുക. പലർക്കായി, പലപ്പോഴായി നമ്മൾ എത്ര സിം കാർഡുകൾ നമ്മുടെ ഐഡിയിൽ വാങ്ങി എന്നത് മറന്നുപോയോ? അത് കണ്ടുപിടിക്കാനും ആ നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയാനും വഴിയുണ്ട്.

ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇതിനായി ടാഫ് കോപ് (TAFCOP) ഒരു വെബ്സൈറ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. https://tafcop.dgtelecom.gov.in/alert.php എന്നതാണ് ആ വെബ്സൈറ്റ്. അവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നൽകാൻ നിശ്ചിത കോളം കാണിച്ചിട്ടുണ്ടാകും. മൊബൈൽ നമ്പർ അടിച്ച് കഴിച്ചാൽ നമ്മുടെ മൊബൈലിലേക്ക് ഒടിപി വരും. ഈ ഒടിപി സൈറ്റിൽ നൽകിയാൽ നമ്മുടെ പേരിലുളള മറ്റ് ഫോൺ നമ്പരുകൾ ഏതൊക്കെയാണ് ഇപ്പോൾ നിലവിലുളളതെന്ന് അറിയാൻ കഴിയും. ഈ വിവരങ്ങളാകും ഒടിപി കൊടുത്താൽ സ്ക്രീനിൽ വരിക. ഇതിൽ എല്ലാവരുടെയും ഡാറ്റകൾ ഉൾപ്പെടുത്തി കഴിഞ്ഞിട്ടില്ല. അതിനാൽ ചിലർക്ക് മൊബൈൽ നമ്പർ എന്റർ ചെയ്താലും സ്റ്റേ ട്യൂൺഡ് എന്നായിരിക്കും കാണിക്കുക. ഡാറ്റ അപ്ഡേറ്റായി കഴിഞ്ഞാൽ നമ്മുടെ പേരിലുളള മുഴുവൻ നമ്പരുകളും അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *