ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനാറ് പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടുതിനുപിന്നാലെ കിഴക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം നടത്തി തിരിച്ചടിച്ച് ഹമാസ്. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്‌ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണണം. ഗാസയിലെ ഹമാസ് ഭരണത്തിന്‍റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്‌സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്കലോണ്‍, ലോട് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *