ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം വൈകും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇത് കൂടി പരിഗണിച്ചാകും തീരുമാനം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ജൂൺ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടേയും പരീക്ഷ ബോർഡ് സെക്രട്ടറിമാരുടേയും യോഗത്തിൽ അന്ന് വരെയുള്ള സ്ഥിതി പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും.

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രോഗവ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലാണ്. പരീക്ഷ കൂടാതെ ഫല പ്രഖ്യാപനത്തിന് മറ്റു വഴികൾ തേടണമെന്നാവശ്യപ്പെട്ട് രക്ഷകർത്താക്കളുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

പരീക്ഷ റദ്ദാക്കുകയാണെങ്കിൽ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടന മികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കുക. മാര്‍ക്ക് കുറഞ്ഞു പോയെന്നു കരുതുന്നവരെ മാത്രം പരീക്ഷ എഴുതിക്കുക തുടങ്ങിയ ആലോചനകളുണ്ട്. അതേസമയം കൊവി‍ഡ് വ്യാപനം കുറഞ്ഞ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ ഗൾഫ് കൗൺസിൽ ബോർഡിന് കത്ത് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *