മഴക്കാടുകൾ എന്നിലേക്ക്
വളരുകയാണ്.
മാനംമുട്ടെ വളർന്ന്
ചുമരുകളാകുന്നു.
കാർമേഘങ്ങൾ
പെയ്യാൻ കഴിയാതെ
ഇരുൾ മൂടി നിൽക്കവേ
ഒരു മഴത്തുള്ളി മാത്രം
ഭൂമിയിലേക്ക്
പച്ചിലത്തലപ്പിലൂടിറങ്ങി
കല്ലെറിഞ്ഞ മുറിവിൽ
ഒരു തലോടൽ.

കാറ്റുതിർക്കുന്നതിലൂടെ വിശപ്പാറ്റിയും
പച്ചിലകളിലൂടെ നഗ്നതയകറ്റിയും
മണ്ണിന് വളമാകുന്ന
ചെറുപുഴുക്കളും പറയുന്നുണ്ട്
ഇത് എന്റെ മണ്ണാണെന്ന്.

പെയ്തു തോരാത്ത മിഴികളിൽ
ഉറഞ്ഞുപ്പോയ ലാവണങ്ങളിൽ
നെഞ്ചിലും വയറ്റിലും ഉരുകൊള്ളുന്ന
അഗ്നിഗോളങ്ങളാൽ
സ്വപ്നങ്ങൾ തീർത്ത
നീർച്ചാലുകൾക്ക് ,
കാക്കയെടുക്കാത്ത ബലിച്ചോറിന് ,
സംസത്തിനും ഹനാനിനും പുണ്യാഹത്തിനുമപ്പുറത്ത്,
വിയർപ്പു വറ്റി വരണ്ടുണങ്ങിയ
പച്ചതുരുത്തുകൾക്ക് ,
പുഴ പോലും അന്യമാകുന്നു.

അടിയൊഴുക്കുകളിൽ
കലർന്നു പോയ മാലിന്യം
പതിതന്റെത് മാത്രമാകുന്നു.
വെയിലിൽ നിന്ന് മണ്ണ്
പണിതവർക്ക് ഭൂമിയന്യമാകുന്നു.
മരിച്ചവനിൽ നിന്നും
മരിക്കാത്തവനിലേയ്ക്കുള്ള ദൂരം
അധികമില്ലെന്ന് മതവും മനുഷ്യനും ഇനിയും തിരിച്ചറിയുകയില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *