കാലാന്തരങ്ങൾക്ക് മുൻപ് കൈവിട്ടുപോയ ഉറക്കത്തിന്റെ വേരുകളാണ് ഇന്നെന്നെ പൊതിഞ്ഞു കെട്ടിയിരിക്കുന്നത്

കാഴ്ചക്കാരുടെ ബഹളങ്ങളോ സൗഗന്ധികങ്ങളുടെ

സുഗന്ധമോ
ഞാനാസ്വദിക്കുന്നില്ല
നല്ലൊരു ഉറക്കത്തിന്റെ ആലസ്യത്തിലാണ് ഞാൻ.

വിതച്ചിട്ട വിത്തുകളിൽ നിന്നും മുളച്ചു പൊന്തിയ
ബന്ധങ്ങളിൽ നിന്നും വിട്ടകന്ന്
ശാന്തമായ ഉറക്കത്തിന് മുൻപുള്ള മയക്കം.

പുറമെ ചില സങ്കടങ്ങൾ
ചില അടക്കം പറയലുകൾ
ചിരിക്കണമെന്നുണ്ട് പക്ഷെ
നിർവികാരമാണ് മുഖം.

ഗാഢമായി ഉറങ്ങുന്നത് പോലെയാണ്
കിടപ്പ് എന്നാരോ പിറുപിറുക്കുന്നുണ്ട്
ഉണർന്നിരിക്കുകയാണെന്ന് പറയണമെന്നുണ്ട്
കഴിയുന്നില്ല അർദ്ധമയക്കത്തിലാണ് ഞാൻ

എന്തിനാണ് എല്ലാവരും എന്നെ കണ്ടു വണങ്ങുന്നത് എന്നറിയില്ല.
മുൻപെങ്ങും ഇല്ലാത്ത ചില പതിവുകൾ.
എന്താണെന്നറിയില്ല ഇതൊന്നും കണ്ടിട്ടും എനിക്ക് പ്രതികരിക്കണം എന്ന് തോന്നുന്നില്ല.

ഇവിടിരിക്കുന്നവർ ആരെയൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്.
സമയമാവുന്നു എന്ന് തിടുക്കം കൂട്ടുന്നു.
ഇടക്ക് ആരെയോ വിളിച്ച് അന്വേഷിക്കുന്നു.

ആരെയും ഞാനിപ്പോൾ പ്രതീക്ഷിക്കുന്നില്ല.
ആരോടും ഒന്നും പറയാനുമില്ല
അല്ലെങ്കിലും അശാന്തമായ ജീവിതം സ്വപ്നം കാണുന്ന
ഇവരോട് ഞാനെന്ത് പറയാൻ?

അവർ വന്നു.
ആരൊക്കെയോ ചേർന്ന് എന്നെ പൊക്കിയെടുത്തു.
ഒരു മണവാളനെ പോലെ അണിയിച്ചൊരുക്കി.
ആരെയും കാത്തു നിൽക്കാതെ
അറയിലിറക്കി ധൃതിയിൽ
അടച്ചു പൂട്ടുകയാണ്.

ചുറ്റും നിശബ്ദത..
ഇരുട്ടിന്റെ ഗന്ധം…
ഞാൻ ഉറക്കത്തിലേക്ക് വീണു പോകുന്നു.
സ്വപ്നങ്ങളില്ലാതെ

ഇനി ഞാനൊന്നുറങ്ങുകയാണ്. ..

-സുധീപ് അഞ്ചത്ത്

Leave a Reply

Your email address will not be published. Required fields are marked *