ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സിയും (60) പാർലമെന്റ് മുൻ സ്പീക്കർ അലി ലാറിജാനിയും. നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പിൻഗാമിക്കായി ജൂൺ 18നാണു തിരഞ്ഞെടുപ്പ്.
തീവ്രനിലപാടുകാരനായ റയ്സി 2019 മാർച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. ഖമനയിയുടെ ഉപദേഷ്ടാവ് കൂടിയായ ലാറിജാനി നേരത്തെ വൻശക്തികളുമായുള്ള ആണവചർച്ചകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. റൂഹാനി പക്ഷക്കാരനായ ഫസ്റ്റ് വൈസ് പ്രസിഡന്റ് ഇഷാഖ് ജഗൻഗിരിയും മത്സരരംഗത്തുണ്ട്.

തീവ്രനിലപാടുകാർക്കൊപ്പം മിതവാദികളുടെയും പിന്തുണ നേടാൻ കഴിയുന്ന നേതാവാണു ലാറിജാനി എന്നാണു വിലയിരുത്തൽ. 1980കളിൽ ജഡ്ജിയായിരുന്ന കാലത്ത് റയ്സി ഒട്ടേറെ രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ചത് എതിർപക്ഷം തിരഞ്ഞെടുപ്പു വിഷയമാക്കിയിട്ടുണ്ട്.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയായിരുന്നു. ആണവക്കരാർ പ്രതിസന്ധിയും യുഎസ് ഉപരോധങ്ങളും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാൻ. റൂഹാനി സർക്കാരിനോടു പൊതുവിലുള്ള അതൃപ്തി നേട്ടമാക്കാനാണ് തീവ്രപക്ഷം ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *