ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ സ്ഥലങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രഭരണ പ്രദേശമായ ഡിയുവിലും ഗുജറാത്തിലുമായിരുന്നു ആകാശമർഗമുള്ള അദ്ദേഹത്തിന്റെ സന്ദർശനം. സൈനിക ഹെലികോപ്ടറിലാണ് അദ്ദേഹം എത്തിയത്. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ അദ്ദേഹം നിരീക്ഷിച്ചു. ഗുജറാത്തിലെ ഗിർ-സോംനാഥ്, ഭാവ്നഗർ, അമ്രേലി ജില്ലകളിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിന്റെ സഹായം ഉണ്ടാകുമെന്ന് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. 70 കിലോമീറ്ററായി വേഗം കുറഞ്ഞ് ദുർബലമായ ചുഴലിക്കാറ്റ് ഇന്നു രാജസ്ഥാനിലും നാളെ പടിഞ്ഞാറൻ ഉത്തർപ്രദേശിലും ഡൽഹിയിലും എത്തുമെന്നാണ് സൂചന. ഡൽഹിയിൽ ഓറഞ്ച് അലർട് നൽകിയിട്ടുണ്ട്. ഗുജറാത്തിൽ 7 പേരുടെ ജീവനപഹരിച്ച ചുഴലിക്കാറ്റ് സംസ്ഥാനത്തു കനത്ത നാശമാണ് വിതച്ചത്. അഹമ്മദാബാദ് നഗരമടക്കം പല പ്രദേശങ്ങളെയും കനത്ത മഴ വെള്ളത്തിലാക്കി.16,000 വീടുകളാണ് നശിച്ചത്. 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. തീരത്തുനിന്ന് കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയ ബോട്ടിൽ നിന്ന് 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കടൽ ക്ഷോഭത്തിൽ പെട്ട കപ്പലിൽ നിന്ന് 8 ജീവനക്കാരെ രക്ഷിച്ചു. 16 ആശുപത്രികളിൽ വൈദ്യുതി തകരാർ ഉണ്ടായെങ്കിലും 12 ഇടത്ത് പുനഃസ്ഥാപിച്ചു.