ഗാസ സിറ്റി ∙ ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിന് ശമനമില്ല. ചൊവ്വാഴ്ച ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്ന 6 നില കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തു. ആളപായമില്ല. ഈ മാസം 10ന് സംഘർഷം തുടങ്ങിയശേഷം ആദ്യമായി ചൊവ്വാഴ്ച ഗാസയിൽ മരണം റിപ്പോർട്ട് ചെയ്തില്ല.
അതേസമയം, ഹമാസ് നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് ഉണ്ടായ റോക്കറ്റ് ആക്രമണങ്ങളിൽ 2 പേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരുക്കേറ്റതായും ഇസ്രയേൽ പറഞ്ഞു.
വെടിനിർത്തൽ ശ്രമങ്ങൾ നിലച്ച അവസ്ഥയാണ് ഗാസയിൽ. ജൂതരും പലസ്തീനികളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായതോടെ സംഘർഷം വർഗീയ കലാപമായി മാറി. വാഹനങ്ങളും കെട്ടിടങ്ങളും പരസ്പരം തകർത്തു.
കഴിഞ്ഞ 10ന് സംഘർഷം തുടങ്ങിയശേഷം ഇതേവരെ 213 പലസ്തീനികളാണ് ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1440 പേർക്കു പരുക്കേറ്റു. അതേസമയം 65 ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും 60 പോർവിമാനങ്ങൾ ഉപയോഗിച്ചെന്നും ഇസ്രയേൽ വ്യക്തമാക്കി. ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകളിൽ 90 ശതമാനവും തകർത്തതായും അവകാശപ്പെട്ടു.
ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിൽ ഒരു 5 വയസ്സുകാരൻ ഉൾപ്പെടെ 10 ഇസ്രയേൽ പൗരൻമാരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഗാസയിലെ പലസ്തീൻകാരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇസ്രയേലിലും ഈസ്റ്റ് ജറുസലേമിലും വെസ്റ്റ്ബാങ്കിലും ഉള്ള പലസ്തീൻകാർ പണിമുടക്കി.
മാനവരാശിക്ക് എതിരായ അക്രമമെന്ന് ആംനസ്റ്റി
ജനീവ ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് 52,000 പലസ്തീനികൾ ഭവനരഹിതരായതായി യുഎൻ വ്യക്തമാക്കി. യുഎൻ നടത്തുന്ന അഭയാർഥി കേന്ദ്രങ്ങളിലാണ് 47,000 പേർ താമസിക്കുന്നത്. 132 കെട്ടിടങ്ങൾ പൂർണമായും 316 എണ്ണം ഭാഗികമായും തകർന്നു. ഇതിൽ 6 ആശുപത്രികളും 9 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ജനവാസമുള്ള കെട്ടിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണം യുദ്ധക്കുറ്റമായോ മാനവരാശിക്ക് എതിരായ അക്രമമായോ കാണണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ പറഞ്ഞു.
from – malayala manorama news