ന്യൂഡൽഹി: പതിനേഴു വയസിനു താഴെയുള്ള പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ അടുത്ത വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കും. ഒക്ടോബർ 11-ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ ഒക്ടോബർ മുപ്പതിന് ആയിരിക്കുമെന്ന് ഫിഫ കൗൺസിൽ അറിയിച്ചു.
16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അഹമ്മദാബാദ്, ഭുവനേശ്വർ, ഗുവാഹട്ടി, കൊൽക്കത്തട്ട, നവി മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 32 മത്സരങ്ങളാണ് ആകെ ഉണ്ടാവുക.
ഇത് രണ്ടാം തവണയാണ് ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കു ഇന്ത്യ വേദിയാവുന്നത്. 2017-ൽ ആൺകുട്ടികളുടെ അണ്ടർ 17 ലോകകപ്പാണ് ഇന്ത്യയിൽ ആദ്യമായി നടത്തിയ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്. ഫിഫയുടെ ചരിത്രത്തിൽ അണ്ടർ 17 ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികൾ കണ്ടതും ഈ ടൂർണമെന്റായിരുന്നു.
ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയതായും കോവിഡ് സാഹചര്യങ്ങളിൽ അയവു വന്നാൽ കൂടുതൽ ആസൂത്രണത്തോടെ മുന്നോട്ടു പോവുമെന്നും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. അണ്ടർ 17 ഫിഫ വനിതാ കപ്പിന്റെ ഏഴാം എഡിഷനാണ് അടുത്ത വർഷം ഇന്ത്യയിൽ തിരശീല ഉയരുക.