ന്യൂയോർക്ക് ∙ അന്റാർട്ടിക്കയുടെ വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഹിമഭാഗമായ റോൺ ഐസ് ഷെൽഫിൽ നിന്നു കൂറ്റൻ മഞ്ഞുപാളി അടർന്നുമാറി. 4320 ചതുരശ്ര കിലോമീറ്റർ വിസ്തീർണം വരുന്നതാണ് ഇത് (തിരുവനന്തപുരം ജില്ലയുടെ ഏകദേശം രണ്ടിരട്ടി). എ76 എന്നു പേരുള്ള മഞ്ഞുപാളി വടക്കുഭാഗത്തെ വെഡ്ഡൽ കടലിലേക്കാണു പൊട്ടിയിറങ്ങിയത്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയാണിതെന്നു ശാസ്ത്രജ്ഞർ പറയുന്നു.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹങ്ങളാണ് ഇതിന്റെ ദൃശ്യം ആദ്യം പകർത്തിയത്. യുഎസും സ്ഥിരീകരിച്ചു. വിരലിന്റെ ആകൃതിയുള്ള പാളിക്ക് 175 കിലോമീറ്റർ നീളം വരും. ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്നും കാലാവസ്ഥാമാറ്റം മൂലമല്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഐസ് ഷെൽഫുകൾ കടലിൽ പൊങ്ങിക്കിടക്കുന്നവയായതിനാൽ ഇവയിൽ നിന്നു പാളികൾ അടർന്നു മാറുന്നതു മൂലം സമുദ്രനിരപ്പ് ഗണ്യമായി ഉയരില്ല. ലോകത്ത് ഇതുവരെ കണ്ട ഏറ്റവും വലിയ മഞ്ഞുപാളി അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫിൽ നിന്ന് അടർന്നു മാറിയ ബി–15 ആയിരുന്നു (10,877 ചതുരശ്ര കിലോമീറ്റർ). 21 വർഷം മുൻപാണ് ഇതു കാണപ്പെട്ടത്.