എത്ര തെരുവോരങ്ങളെ നീ
മാറിലിട്ടു കൊട്ടിപ്പാടിയുറക്കി.
എത്ര നഗരങ്ങളെ നീ കള്ളുമണക്കും
ചുണ്ടുകൊണ്ടുചുംബിച്ചുണർത്തി.

നിന്നെ തിരയുമ്പോഴൊക്കെയും
ഞാനെന്നെത്തിരയുകയായിരുന്നു.
നിന്നെ കണ്ടെത്തുമ്പോഴൊക്കെയും
ഞാനെന്നെ കണ്ടെത്തുകയായിരുന്നു.

ഉച്ചവെയിൽ കൊണ്ട് പൊള്ളിയതല്ല
കർക്കിടക മഴ കൊണ്ടു നനഞ്ഞതല്ല
നിന്നിലെ അക്ഷരക്കനലുകൊണ്ടുള്ളു
പൊള്ളിനീറിയതാണെന്നിലെ ഹൃദയം.

മന്ത്രം മണക്കുന്ന വാക്കുകളല്ല നീ
യാന്ത്രിക സീൽക്കാര ശബ്ദവുമല്ല.

ശരണം വിളിച്ചുവരുന്നവർക്കൊക്കെ
പേമഴയും ചുഴലിയും പെരുമലരിയും
കല്ലും മുള്ളും കരിമലയും കണ്ണീരിൻ കാട്ടാറും നട്ടുച്ചയും നാലുമണിപ്പൂവും
കട്ടകാരപ്പഴവും കാഞ്ഞിരത്തണലും
കൊണ്ടൊരുക്കിയ തത്ത്വമസിയാണു നീ..

Leave a Reply

Your email address will not be published. Required fields are marked *