തോഴികളേ നമുക്കിനി
പ്രണയത്തിലഭിരമിക്കാം
കാല്പനീകലോകത്തിൽ
വർണ്ണചിത്രങ്ങൾ
മാത്രം രചിക്കാം…
ചലച്ചിത്രാനുരാഗഗാനങ്ങൾ പാടി
നക്ഷത്രങ്ങൾക്കു
തീകൊളുത്താം
പ്രണയമത്സ്യങ്ങളെ ചുറ്റിലും
വിരിയിച്ചെടുക്കാം
നീലാകാശങ്ങളിലവയ്ക്കു
ചിറകൊരുക്കിപ്പറത്താം…
ആകാശഗംഗയിലേക്ക് നമുക്കു
ചേക്കേറാം
മണ്ണിലേക്കൊരു
മടക്കയാത്രയുമിനി വേണ്ട
തോഴികളേ…
ചുറ്റിലും കാണുന്ന
കല്ലിലും മുള്ളിലും ഷെല്ലിലും
തട്ടിമറിയരുതേ
തൊട്ടാൽ കിനിയുന്ന
ചോരയുടെ
നിറവുമറിയരുതേ
മാറിമാറിയുന്ന
നിറങ്ങളിൽ
തെളിയുന്ന കൊടിയും കോടിയും
ചിലപ്പോൾ നിങ്ങളുടെ മുഖം
മറച്ചേക്കാം
ഗതിക്കിട്ടാപ്രേതമായ്
നിങ്ങളലഞ്ഞേക്കാം…
തോഴരേ
നമുക്കിനി
പ്രണയം മാത്രം രുചിക്കാം
കാമനകളെ രചിക്കാം
ഒന്നുമോർക്കാതെ
ഋതുക്കളിൽ മരിച്ചുവീഴാം
നിറങ്ങളില്ലാത്തൊരു
സാമ്രാജ്യത്തെ
സ്വപ്നം കണ്ടു മരിക്കാം
ഭൂമിയിലേക്കൊരു
തിരിച്ചുവരവില്ലാതെ
പുനർജനിക്കാം!
കവികളേ നിങ്ങളിനി
കല്പനയിലഭിരമിക്കുക
നിർഗന്ധപ്രണയപുഷ്പങ്ങൾ
മാത്രം വിടർത്തുക
സ്വയമെരിഞ്ഞു തീരുക
രാജ്യം വേണ്ടാത്ത ലോകത്തിൽ
അഭിരമിക്കുക…
ഡോ. അജയ് നാരായണൻ

Leave a Reply

Your email address will not be published. Required fields are marked *