വാഷിങ്ടൻ ∙ കോവിഡ് 19ന്റെ ഉദ്ഭവം അന്വേഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ യുഎസ് രഹസ്യാന്വേഷണ ഏജൻസികളോടു പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ചൈനയിലെ ലാബിൽ നിന്നാണു വൈറസ് വന്നതെന്ന സിദ്ധാന്തം അടക്കം അന്വേഷിക്കണം. റിപ്പോർട്ട് 90 ദിവസത്തിനകം സമർപ്പിക്കണം. രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കാൻ ചൈനയ്ക്കുമേൽ സമ്മർദം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി.
വൈറസ് ബാധിച്ച മൃഗവുമായുണ്ടായ സമ്പർക്കമാണോ ലാബിലെ ചോർച്ചയാണോ കോവിഡിനു കാരണമായത് എന്നതിൽ യുഎസ് രഹസ്യാന്വേഷകർ രണ്ടു തട്ടിലാണെന്നും ആധികാരികമായ നിഗമനത്തിലേക്ക് എത്തേണ്ടത് ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു.
യുഎസ് ആവശ്യം തള്ളിയ ചൈന, രാഷ്ട്രീയ മുതലെടുപ്പും പഴിചാരലുമാണ് യുഎസ് നടത്തുന്നതെന്ന് ആരോപിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിച്ചതിന്റെ ഇരുണ്ട ചരിത്രമാണു യുഎസ് ഏജൻസികൾക്കുള്ളത്. ‘വീണ്ടും പഴിചാരലും ദുഷ്പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ലാബിൽനിന്നു ചോർന്നതാണെന്ന ഗൂഢാലോചന സിദ്ധാന്തവും തലപൊക്കിയിട്ടുണ്ട്’– യുഎസിലെ ചൈനീസ് എംബസി പ്രസ്താവിച്ചു.
2019 അവസാനം ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ചത്. വുഹാനിലെ മത്സ്യച്ചന്തയിൽനിന്നാണു പടർന്നതെന്നായിരുന്നു നിഗമനം. കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുമാണ് വൈറസ് വന്നതു ചൈനീസ് ലാബിൽനിന്നാണെന്ന പ്രചാരണം കൊടുത്തത്.
എന്നാൽ ലോകാരോഗ്യ സംഘടന ഈ വാദം അംഗീകരിച്ചില്ല. വവ്വാലിൽനിന്നു മനുഷ്യരിലേക്കു വൈറസ് പടർന്നിരിക്കാനാണു സാധ്യതയെന്നും അവർ വ്യക്തമാക്കി.
സ്ഥാനമേറ്റതിനു പിന്നാലെ ബൈഡൻ കോവിഡ് ഉദ്ഭവം സംബന്ധിച്ച റിപ്പോർട്ട് വിവിധ ഏജൻസികളോട് ആവശ്യപ്പെട്ടിരുന്നു. അവർ നൽകിയ റിപ്പോർട്ട് അപൂർണമെന്നു വിലയിരുത്തിയാണു കൂടുതൽ അന്വേഷണത്തിനു നിർദേശിച്ചത്.
കോവിഡ് മൃഗങ്ങളിൽനിന്നു പടർന്നതാണെന്നാണു താനടക്കം വിശ്വസിക്കുന്നതെങ്കിലും 100% ഉറപ്പില്ലെന്നാണു വൈറ്റ് ഹൗസിന്റെ കൊറോണ ഉപദേശകനായ ഡോ. ആന്റണി ഫൗച്ചി യുഎസ് സെനറ്റിൽ മൊഴി നൽകിയത്. പുതിയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Joe Biden orders probe into virus origins