ജനീവ ∙ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയത് യുദ്ധക്കുറ്റമായേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ ഹൈക്കമ്മിഷണർ മിഷേൽ ബചെലറ്റ് പറഞ്ഞു. 11 ദിവസം നീണ്ട ഇസ്രയേലിന്റെ സൈനിക നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളും വ്യക്തമായ യുദ്ധനിയമ ലംഘനങ്ങളാണെന്നു ഹൈക്കമ്മിഷണർ വ്യക്തമാക്കി.
ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക യുഎൻ സമ്മേളനത്തിലാണു പരാമർശം. സംഘർഷത്തിൽ ഗാസയിൽ 66 കുട്ടികളും 39 സ്ത്രീകളുമടക്കം 248 പേരാണു കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 2 കുട്ടികളടക്കം 12 പേരും.
കിഴക്കൻ ജറുസലമിലെ പലസ്തീൻ കുടുംബങ്ങളുടെ നിർബന്ധിത കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളും ചർച്ചയായി. ഇസ്രയേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ യുഎൻ കമ്മിഷൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) അവതരിപ്പിച്ച പ്രമേയപ്രകാരമാണു സമ്മേളനം ഓൺലൈനിൽ വിളിച്ചു കൂട്ടിയത്.
English Summary: UN rights chief: Israeli strikes in Gaza may be war crimes