ന്യൂഡൽഹി∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 10ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
മേയ് 23ന് നടന്ന യോഗത്തിൽ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ ജൂലൈ 15നും ഓഗസ്റ്റ് 26നും മധ്യേ നടത്താമെന്ന് തത്വത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ പരീക്ഷ നടത്താതെയുള്ള മറ്റു വഴികൾ നോക്കണമെന്ന നിലപാടാണ് മഹാരാഷ്ട്ര സ്വീകരിച്ചത്. പരീക്ഷയ്ക്കു മുന്‍പായി എല്ലാ കുട്ടികളെയും വാക്സിനേറ്റ് ചെയ്യിക്കണമെന്ന് ഡൽഹിയും കേരളവും നിർദേശിച്ചു.