ന്യുഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ ഏറെ നൊമ്പരപ്പെടുത്തിയതായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ യാത്ര. തൊഴിലിടങ്ങളില്‍ നിന്ന് കാല്‍നടയായും സൈക്കിളുകളിലും ഉന്തുവണ്ടികളിലുമായി ആയിരക്കണക്കിന് ആളുകളാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഗര്‍ഭിണികളും കുട്ടികളും നടന്നുനീങ്ങുന്ന ദയനീയകാഴ്ച നൊമ്പരമായിരുന്നു. വിശന്നുവലഞ്ഞ് നാളുകള്‍ നീണ്ട യാത്രയും പാതിവഴിയില്‍ തളര്‍ന്നുവീണും അപകടങ്ങളിലും നിരവധി പേര്‍ മരിച്ചുവീഴുകയും ചെയ്തു.

തൊഴിലിടത്ത് കുടുങ്ങിപ്പോയ പിതാവിനെ സൈക്കിളില്‍ നാട്ടിലെത്തിച്ച പതിനഞ്ചുകാരിയുടെ ദൃശ്യവും ഇതിനിടെ കടന്നുവന്നിരുന്നു. ഗുരുഗ്രാമില്‍ ഇ-റിക്ഷാ തൊഴിലാളിയായ പിതാവിനെ 1200 കിലോമീറ്റര്‍ സൈക്കിളില്‍ വഹിച്ചാണ് ജ്യോതികുമാരി എന്ന പെണ്‍കുട്ടി ബിഹാര്‍ ദര്‍ഭംഗയിലെ വീട്ടിലെത്തിച്ചത്. ജോലി സ്ഥലത്ത് അപകടം പറ്റി വിശ്രമിക്കുകയായിരുന്ന പിതാവ് മോഹന്‍ പാസ്വാനെ സന്ദര്‍ശിക്കാന്‍ ഗുരുഗ്രാമില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.

ഇതിനിടെ, മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പെണ്‍കുട്ടിയും അവിടെ കുടുങ്ങിപ്പോയി. ജീവിതമാര്‍ഗം പൂര്‍ണ്ണമായും അടഞ്ഞുവെന്ന് കണ്ട പെണ്‍കുട്ടി നുള്ളിപ്പെറുക്കിയ സമ്പാദ്യവുമായി വാടകയ്ക്ക് എടുത്ത പഴയ സൈക്കിളില്‍ അദ്ദേഹത്തെ ഇരുത്തി വീട്ടിലേക്ക് തിരിച്ചു. ഏഴ് ദിവസം കടുത്ത വിശപ്പും ദാഹവും സഹിച്ചാണ് അവര്‍ വീട്ടിലെത്തിയത്.

അവളുടെ ത്യാഗത്തിന് ഒരു വര്‍ഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. പിതാവ് മോഹന്‍ പാസ്വാന്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു.

ജ്യോതികുമാരിയുടെ ത്യാഗം അവള്‍ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ അവളെ തേടിയെത്തി. ഐഐടി-ജെഇഇ പരീക്ഷയ്ക്ക് ഒരുങ്ങാന്‍ സൗജന്യ കോച്ചിംഗ് പ്രമുഖ കോച്ചിംഗ് സെന്ററായി സൂപ്പര്‍30 വാഗ്ദാനം ചെയ്തു. ലോക് ജന്‍ശക്തി പാര്‍ട്ടി അവളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ജ്യോതികുമാരിയെ ആദരിച്ചു. തന്റെ ജീവന്‍ മകളോട് കടപ്പെട്ടിരിക്കുന്നുവെന്നും അവളെയോര്‍ത്ത് അഭിമാനിക്കുവെന്നും ആ പിതാവ് അന്ന് പറഞ്ഞു. മകളുടെ വിദ്യാഭ്യാസത്തിനാണ് തന്റെ മുന്‍ഗണനയെന്നും മോഹന്‍ പാസ്വാന്‍ പറഞ്ഞു. എന്നാല്‍ മകള്‍ കൂടുതല്‍ ഉയരങ്ങളും ദൂരങ്ങളും താണ്ടുന്നത് കാണാതെ ആ പിതാവ് വിധിക്ക് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *