വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം വളാഞ്ചേരി അർമ ലബോറട്ടറി ഉടമ സുനിൽ സാദത്ത് അറസ്റ്റിൽ. ആറു മാസം മുൻപ് നടന്ന കൃത്രിമത്തിലാണ് പ്രധാനപ്രതി തെളിവു സഹിതം പിടിയിലാവുന്നത്.

കോവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമിച്ച് ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്ന ആക്ഷേപം ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് ആസ്ഥാനമായ ഐ.സി.എം.ആറിൻ്റെ അംഗീകാരമുള്ള ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അർമ ലബോറട്ടറി ഓഗസ്റ്റ് 16 മുതൽ കോവിഡ് പരിശോധനക്കായി 2500 പേരിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ 496 സാമ്പിളുകൾ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിരുന്നത്. ബാക്കി സാമ്പിളുകൾ അർമ ലാബിൽ തന്നെ നശിപ്പിച്ച് കോഴിക്കോടുള്ള ലാബിന്റെ പേരില്‍ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമിച്ച് നൽകിയെന്നാണ് പരാതി. കേസില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലാബ് ഉടമയായ സുനില്‍ സാദത്ത് ഈ കാലയളവില്‍ ഒളിവില്‍ പോവുകയും ചെയ്തു.

കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സുനില്‍ സാദത്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മാത്രം ഒന്നാം പ്രതിയായ സുനില്‍സാദത്തിനെ കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി ആള്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയപ്പോഴാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്. നേരത്തെ ലാബില്‍ നിന്ന് കണ്ടെടുത്ത രേഖകളെല്ലാം പൊലീസ് കണ്ടുകെട്ടി ലാബ് സീല്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *