പകലെരിഞ്ഞടങ്ങി. സൂര്യൻ തേർതട്ടിൽനിന്നും താഴെയിറങ്ങി.
റോഡു വളവുതിരിയുന്ന ഭാഗത്തുനിന്നും ഒരു ബൈക്കിന്റെ ശബ്ദവും ഒപ്പം ഒരു സ്ത്രീയുടെ കരച്ചിലും.
“അയ്യോ, ഓടിവരണേ. കള്ളൻ. ഹെൽമറ്റു കള്ളൻ. എന്റെ പത്തുപവന്റെ മാല പൊട്ടിച്ചുകൊണ്ടുകടന്നേ”.
സന്ധ്യാനേരത്ത് ഈ അലർച്ച കേട്ട് ആളുകൾ ഓടിക്കൂടി. അപ്പോൾ ബി. എസ്. എൻ. എൽ -ൽ ജോലി ചെയ്യുന്ന സുഗുണന്റെ പാതിമെയ്യ്, അയാളുടെ വാരിയെല്ല് ഓടിച്ചെടുത്തു ദൈവം സൃഷ്ടിച്ചുവിട്ട ഭാര്യാമണി–തങ്കം അവളുടെ മനോഹരമായ മാർവ്വിടം കൈകൊണ്ടിടിച്ചുനിരത്തി കരയുകയാണ്.
“എന്റെ മാല പോയേ “.
അവളുടെ പത്തുപവന്റെ മാല പോയതിൽ അകമേ വളരെ സന്തോഷിച്ച പലരും വിഷമം അഭിനയിച്ചു ചോദിച്ചു.
മാല പൊട്ടിച്ചതാരാണെന്നു കണ്ടോ? കഷ്ടമായല്ലോ.
മുഖം ഞാനെങ്ങനെ കാണാനാ. ആ കാലൻ ഹെൽമറ്റു വെച്ചിരുന്നു.
എന്നാലും അയാളുടെ വസ്ത്രവും ശരീരഘടനയും ഊഹിച്ചുകൂടെ. ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചോ. ഓരോരുത്തർ ചോദിച്ചുകൊണ്ടിരുന്നു.
ഓ, അതെങ്ങനെയാ. പെട്ടെന്നു പാഞ്ഞുവന്നു മാല പൊട്ടിച്ചു വന്നവഴിയേ തിരിച്ചു പോയി. കഴുത്തു മുറിഞ്ഞെന്നാ തോന്നുന്നത്. അവൾ കരഞ്ഞു മൂക്കുപിഴിഞ്ഞു.
അവൻ അധികദൂരം പോയിക്കാണില്ല. നാട്ടുകാർ പറഞ്ഞു. ഏതാനും ചെറുപ്പക്കാർ ബൈക്കു പോയവഴിയേ അന്വേഷിച്ചു പോയി. പക്ഷേ ഫലം ഒന്നുമുണ്ടായില്ല.
സുഗുണൻ സംഭവമറിഞ്ഞു വന്നു.
അയാൾ അവളോട് കോപിച്ചു. സൂക്ഷിക്കണമായിരുന്നു. പോയതു പോയി. കരഞ്ഞു നിൽക്കാതെ വാ. വീട്ടിൽ പോകാം.
അങ്ങനെ പറഞ്ഞാൽ പറ്റില്ല. പോലീസിൽ പരാതിപ്പെടണം. പത്തു പവൻ വേണമെങ്കിൽ ഇന്നത്തെകാലത്ത് എത്ര രൂപാ വേണം. അതു മാത്രമാണോ. ചേട്ടൻ കല്യാണത്തിന് എനിക്കിട്ട മാലയല്ലിയോ അത്. അവൾ ചീറി.
പരാതിപ്പെടുന്നതിനു മുൻപുതന്നെ സ്ഥലം പോലീസ് ജീപ്പ് അതുവഴി വന്നു. മണൽ ലോറി പിടിക്കാൻ പോയിട്ടു വരുന്ന വഴിയാണ്. എസ്. ഐയ്യും സംഘവും ആൾകൂട്ടം കണ്ട് ജീപ്പ് നിർത്തി. ജീപ്പിന്റെ മുൻസീറ്റിൽ ഇപ്പം ചാടും എന്നമട്ടിൽ ഒരു കാലു പുറത്തേക്കു വെച്ചിരുന്ന എസ്. ഐ ചാടിയിറങ്ങി.
“ഉം…. എന്താ പ്രശ്നം?.
ഈ സ്ത്രീ എന്തിനാ കരയുന്നത്. വല്ല പീഡന ശ്രമവും നടന്നോ. അപ്പോഴേക്കും തങ്കം വലിയ വായിൽ കരച്ചിൽ തുടങ്ങി.
“എന്റെ പൊന്നു സാറേ, ഞാൻ സന്ധ്യക്ക് അമ്പലത്തിൽ പോയിട്ടു വരുമ്പോൾ ഒരു ബൈക്കുകാരൻ എന്റെ പത്തുപവന്റെ മാല പൊട്ടിച്ചു കൊണ്ടുപോയി.”
ഓ, അതാണ് പ്രശ്നം അല്ലേ. എസ്. ഐ. മീശ തടവി.
അതിരിക്കട്ടെ. ഈ സന്ധ്യാനേരത്ത് ഇത്രയും തൂക്കമുള്ള മാല ധരിച്ച് അമ്പലത്തിൽ പോയതെന്തിന്. മാലയിടാതെ ചെന്നാൽ ഭാഗവാൻ പ്രസാദിക്കില്ലേ. സ്ത്രീകളുടെ ആഭരണഭ്രമമാണ് ഇത്തരം സംഭവങ്ങൾക്കു കാരണം. ഏതായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ. നിങ്ങൾ ദിവസവും പത്രത്തിൽ മാല മോഷണത്തെപ്പറ്റി വായിക്കാറില്ലേ. ഞങ്ങൾ പോലീസിന് ഇതൊരു തലവേദനയായിരിക്കയാണ്. കള്ളനെ പിടിച്ചാൽ അവൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയായിരിക്കും. ഞങ്ങൾക്കു സസ്പെൻഷൻ ഉറപ്പ്.
അപ്പോൾ തങ്കം കണ്ണു തുടച്ചു പറഞ്ഞു. എന്റെ സാറേ. ഞാൻ ഈ മാല വെളിയിൽ എടുക്കില്ലായിരുന്നു. ചേട്ടൻ പറഞ്ഞു, ഞാൻ കല്യാണത്തിനിട്ട മാലയില്ലേ. അത് എന്തെ നീ കഴുത്തിലണിയാത്തത്. അദ്ദേഹം നിർബന്ധിച്ചിട്ടാണ് ഞാൻ ആ മാല ധരിച്ചു അമ്പലത്തിൽ പോയത്.
ദൈവമേ, എന്റെ മാല പൊട്ടിച്ചെടുത്തവൻ ബൈക്കോടെ വല്ല ടിപ്പർ ലോറിയും ഇടിച്ചു ചാകണേ. അവൾ തലയിൽ കൈവച്ചു പ്രാകി.
ഇൻസ്‌പെക്ടർ പറഞ്ഞു ഇനിയും പ്രാകിയിട്ടു കാര്യമില്ല. അടുത്ത നടപടിയിലേക്ക് കടക്കാം. ഏതായാലും ഒരു കടലാസ്സെഴുതി സ്റ്റേഷനിൽ താ. അന്വേഷിക്കാം.
ഇതുകേട്ടു സുഗുണൻ പറഞ്ഞു. കേസ്സിനും കൂട്ടത്തിനും ഒന്നും ഞാനില്ല. കേസിന്റെ പിറകേ തൂങ്ങിയാൽ എനിക്കു ജോലിക്കു പോകേണ്ടതാ. അതുമല്ല പത്തിന്, പതിനഞ്ചു പവൻ വാങ്ങിക്കാനുള്ള രൂപാ കേസിനു നടന്നു തീരും. പോയതു പോട്ടെ ഞാൻ സഹിച്ചു.
ഭാര്യയുടെ നിർബന്ധത്തിനു മുൻപിൽ അയാൾ ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനിൽ പോയി പരാതി എഴുതിക്കൊടുത്തു.
പരാതിക്കടലാസ്സിൽ കൂടി ഇൻസ്‌പെക്ടറുടെ കണ്ണുകൾ അതിവേഗം സഞ്ചരിച്ചു. ഉള്ളടക്കം ഇപ്രകാരമായിരുന്നു.
“പൊന്നുസാറേ, എന്റെ മൂത്ത മകൻ പ്ലസ് ടൂ കഴിഞ്ഞ് എഞ്ചിനീയെറിങ്ങിന്റെ എൻട്രൻസ് പാസ്സായി. അവനെ കോളേജിൽ ചേർക്കാൻ എന്റെ കൈയിൽ പൈസ ഇല്ലായിരുന്നു. വീടു വെച്ചതു തന്നെ ഭാരിച്ച ലോൺ ബാങ്കിൽ നിന്ന് എടുത്താണ്.ഞാൻ ഭാര്യയോട് അവളുടെ സ്വർണ്ണം കുറച്ചു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാമന്ന് പറഞ്ഞു. അന്നേരം അവൾ പറഞ്ഞു. എന്റെ സ്വർണം തരില്ല. മകനേ വേണേൽ പഠിപ്പിച്ച് എഞ്ചിനീയറാക്കിയാൽ മതി. അല്ലെങ്കിൽ നിങ്ങൾക്കെന്തിനാണ് രണ്ടു കിഡ്നി. ഒന്നു പോരെ ആവശ്യങ്ങൾ നടത്താൻ. ഒരെണ്ണം കൊടുത്തു കാശുമേടിക്ക്. അത് എനിക്കുവളരെ വേദന ഉളവാക്കി മനസ്സിൽ. മകന്റെ ഭാവിയേക്കാൾ വലുത് അവൾക്കു സ്വർണ്ണമാണ്. അതിനാൽ ഞാനൊരുപായം കണ്ടെത്തി. ഞാൻ കല്യാണത്തിന് അവൾക്കിട്ട മാല പത്തു പവൻ ആയിരുന്നു. അത് അമ്പലത്തിലിട്ടോണ്ടു പോകാൻ പറഞ്ഞിട്ട് അവൾ തിരിച്ചുവരുന്ന നേരം നോക്കി ഹെൽമറ്റും തലയിൽ വെച്ച് ബൈക്കിൽ ചെന്നു മാല പൊട്ടിച്ചു കടന്നുകളഞ്ഞു. അതു വിറ്റിട്ടുവേണം മകനെ പഠിക്കാൻ വിടാൻ. സർ, ഈ വിവരം ആരോടും പറയരുത്. ഗതികെട്ട ഒരു പിതാവിന്റെ ആത്മാലാപമാണിത്.”
എന്ന് സുഗുണൻ.
പരാതി വായിച്ചുതീർന്ന് ഇൻസ്‌പെക്ടർ സുഗുണന്റെ കൈപിടിച്ചു കുലുക്കി പറഞ്ഞു. “താൻ മിടുക്കനാണ്. എന്റെ ഇത്രയും നാളത്തെ സർവ്വീസിൽ ഇതുപോലൊരു സംഭവം ആദ്യമാണ്. സ്വന്തം മുതൽ തന്നെ മോഷ്ടിക്കേണ്ടിവരുന്ന ഗതികേട് “.
ഇൻസ്‌പെക്ടറുടെ മനസ്സിലും ഒരു ചിത്രം തെളിഞ്ഞു. മെഡിക്കൽ എൻട്രൻസ് കഴിഞ്ഞു നിൽക്കുന്ന മകനും ഇരുന്നൂറു പവൻ ഇട്ടുനിൽക്കുന്ന തന്റെ ഭാര്യയും. എനിക്കും എന്റെ മകന്റെ ഭാവിയാണ് വലുത്. അയാൾ മനസ്സിൽ പറഞ്ഞു.
ഇൻസ്‌പെക്ടർ ചിരിച്ചുകൊണ്ട് സുഗുണന്റെ തോളിൽ തട്ടി. താൻ ധൈര്യമായി പൊയ്ക്കൊള്ളു. കേസു കൊടുത്തിട്ടുണ്ട്. മാല കിട്ടിയാൽ അറിയിക്കും. കിട്ടാൻ വലിയ ചാൻസൊന്നുമില്ലായെന്നു ഭാര്യയോടു പറയു. അദ്ദേഹം പരാതി കീറി വേസ്റ്റു ബോക്സിൽ ഇട്ടു.
സുഗുണൻ പോയി തന്റെ ഹെൽമറ്റിനൊരുമ്മയും കൊടുത്തു ബൈക്കിൽ യാത്രയായി.
ഇൻസ്‌പെക്ടർ മകന്റെ പഠിത്തത്തിന് ആവശ്യമായ പണത്തിനു പുതിയ മാർഗ്ഗം കണ്ടെത്തിയതിൽ സന്തോഷിച്ചു തൊപ്പി തലയിൽ ഒന്നുകൂടി ഉറപ്പിച്ചുവെച്ചു പൊട്ടിച്ചിരിച്ചു.
“സുഗുണാ നിന്റെ ഹെൽമറ്റിനൊരുമ്മ”.
“””””””””””””””””””””””””””””””””””