ബ്ലാക് ഫംഗസ് മരുന്നിന്‍റെ നികുതി ഒഴിവാക്കി. കോവിഡ് ചികില്‍സാ സാമഗ്രികളുടെ നികുതി കുറയ്ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. വാക്സീന്‍റെ നികുതി 5 ശതമാനമാക്കി നിലനിര്‍ത്തി. സെപ്റ്റംബര്‍ 30വരെയാണ് നികുതി ഇളവുണ്ടാകും. ആര്‍ടിപിസി പരിശോധനയ്ക്കുള്ള മെഷീന്‍റെ നികുതി കുറയ്ക്കാത്തതിലും മാസ്കിന്‍റെയും സാനിറ്റൈസറിന്‍റെയും നികുതി ഒഴിവാക്കാത്തതിലും കേരളത്തിന് എതിര്‍പ്പുണ്ട്.

മ്യൂക്കോര്‍മൈക്കോസിസ് മരുന്ന് അംഫോടെറിസിന്‍ ബിയുടെയും കോവിഡ് ചികില്‍സയ്ക്കുള്ള ടൊസിലിസുമാബിന്‍റെയും നികുതി ഒഴിവാക്കി. ഹെപ്പാരിന്‍റെയും റെംഡെസിവിറിന്‍റെയും നികുതി 12ല്‍ നിന്ന് 5 ശതമാനമാക്കി. മെഡിക്കല്‍ ഗ്രേഡ് ഒാക്സിജന്‍, ഒാക്സിജന്‍‌ കോണ്‍സണ്‍ട്രേറ്റര്‍, ഒാക്സിജന്‍ ജനറേറ്റര്‍, വെന്‍റിലേറ്റര്‍, വെന്‍റിലേറ്റര്‍ മാസ്ക്, ബൈപാപ് മെഷീന്‍, എച്ച്എഫ്എന്‍സി ഡിവൈസ്, കോവിഡ് പരിശോധന കിറ്റ്, പ്രത്യേക പരിശോധന കിറ്റുകള്‍, പള്‍സ് ഒാക്സിമീറ്റര്‍, സാനിറ്റൈസര്‍ എന്നിവയുടെ ജിഎസ്ടി 5 ശതമാനമാക്കി. ഇലക്ട്രിക് ഫര്‍ണസുകള്‍ക്കും ശരീരോഷ്മാവ് പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ക്കും നികുതി 5 ശതമാനം.

ആംബുലന്‍സുകള്‍ക്ക് 12 ശതമാനം. വാക്സീന്‍ നികുതി 5 ശതമാനമാക്കി നിലനിര്‍ത്തി. 18 വയസ് കഴിഞ്ഞവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നതിനാല്‍ നികുതി ജനങ്ങളെ ബാധിക്കില്ല. വാക്സീന്‍റെ നികുതി വരുമാനത്തിലെ 71 ശതമാനം സംസ്ഥാനങ്ങള്‍ക്കും ബാക്കി കേന്ദ്രസര്‍ക്കാരിനും ലഭിക്കും. നികുതിയിളവ് പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതി ജൂണ്‍ 6നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നികുതിയിളവ് സംസ്ഥാനങ്ങള്‍ ഒന്നിച്ച് നേടിയ വിജയമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *