ന്യൂയോർക്ക് ∙ കോവിഡ് മഹാമാരിയുടെയും യുഎസിലെ വംശീയ കൊലപാതകത്തിന്റെയും റിപ്പോർട്ടുകൾക്ക് ഇത്തവണത്തെ പുലിറ്റ്സർ പുരസ്കാരം. യുഎസിലെ മിനിയപ്പലിസിൽ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോർട്ടിങ്ങിന് ബ്രേക്കിങ് ന്യൂസ് വിഭാഗത്തിൽ മിനിയപ്പലിസ് സ്റ്റാർ ട്രൈബൂൺ പുരസ്കാരം നേടി.
നടുറോഡിൽ ഫ്ലോയ്ഡിനെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിക്കുന്ന വിഡിയോ ചിത്രീകരിച്ച ഡാർണെല ഫ്രേസിയറിന് പ്രത്യേക പരാമർശമുണ്ട്. പതിനേഴുകാരിയായ ഫ്രേസിയർ സമൂഹമാധ്യമങ്ങളിലിട്ട വിഡിയോയിലൂടെയാണു സംഭവം ജനശ്രദ്ധ നേടിയത്. ഫ്ലോയ്ഡ് സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധ ചിത്രങ്ങൾക്കും കൊറോണ ചിത്രങ്ങൾക്കും അസോഷ്യേറ്റഡ് പ്രസ് 2 പുരസ്കാരങ്ങൾ നേടി.
കൊറോണ വാർത്തകൾക്ക് ന്യൂയോർക്ക് ടൈംസിന് സമൂഹസേവന വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു. വിമർശന വിഭാഗത്തിലും ടൈംസ് പുരസ്കാരം നേടി. കൊറോണ വാർത്തകൾക്ക് ദി അറ്റ്ലാന്റിക്കിലെ എഡ് യോങ്ങും പുരസ്കാരം നേടി. ദ് ബോസ്റ്റൻ ഗ്ലോബ് (അന്വേഷണാത്മക റിപ്പോർട്ടിങ്), ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ, അലിസൻ കില്ലിങ്, ക്രിസ്റ്റോ ബുഷെക് (രാജ്യാന്തര റിപ്പോർട്ടിങ്), ലൊസാഞ്ചലസ് ടൈംസ് (എഡിറ്റോറിയൽ) എന്നിവയാണു മറ്റു പുരസ്കാരങ്ങൾ. ഇന്ത്യൻ വംശജയാണ് മേഘ രാജഗോപാലൻ.
സാഹിത്യ വിഭാഗം പുരസ്കാരം: നോവൽ –ദ് നൈറ്റ് വാച്ച്മാൻ (ലൂയിസ് ഏർഡ്റിച്ച്), കവിത–പോസ്റ്റ് കൊളോണിയൽ ലവ് പോം (നടാലിയ ഡയസ്), നാടകം–ദ് ഹോട് വിങ് കിങ് (കതോറി ഹാൾ), ചരിത്രം– ഫ്രാഞ്ചൈസ് ദ് ഗോൾഡൻ ആർക്ക്സ് ഇൻ ബ്ലാക്ക് അമേരിക്ക (മാരസിയ ചാതേലിയൻ),
English Summary: 2021 Pulitzer prize winners