തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 16 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ മൂന്നിന് കാലവ‍ർഷം കേരളത്തിൽ എത്തിയതായി ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായെങ്കിലും, ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി മഴ ലഭിക്കാൻ തുടങ്ങിയത്.

ശരാശരി ശക്തിയിൽ ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്നും വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അറബിക്കടലിൽ കാലവ‍ർഷക്കാറ്റും ശക്തമായിട്ടുണ്ട്. മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേ​ഗതയിലാണ് പലഭാ​ഗങ്ങളിലും കാറ്റ് വീശുന്നത്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ പിലിക്കോട്, പീരുമേട് എന്നിവി‌ടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഉരുൾ പൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *