ഡ്രൈവിങ് ഒഴിവു സമയത്തിൽ ഏർപ്പെടാവുന്ന രസകരമായ പ്രവൃത്തികളിൽ ഒന്നാണ്. അതേ സമയം അവശ്യ സന്ദർഭങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാനും ഡ്രൈവിങ് നമ്മളെ സഹായിക്കും. അവധിക്കാലത്ത് വിദേശ രാജ്യങ്ങളിൽ പോയി അതിമനോഹരമായ ഭൂപ്രദേശങ്ങളിലൂടെ കണ്ണ് കുളിർപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് വാഹനമോടിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അത്രമേൽ രസകരമായ മറ്റൊരനുഭവം ഉണ്ടാകാനിടയില്ല. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കഴിയുന്ന ഏതാനും ചില വിദേശ രാജ്യങ്ങൾ നമുക്ക് പരിചയപ്പെടാം.
ജർമനി
ജർമനിയിൽ ആറു മാസക്കാലം ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കഴിയും. എന്നാൽ, ജർമൻ അധികൃതർക്ക് നിങ്ങളുടെ ലൈസൻസിന്റെ ജർമൻ അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പകർപ്പ് ആവശ്യമായി വരും.
യുണൈറ്റഡ് കിങ്‌ഡം
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യു കെയിൽ ഒരു വർഷക്കാലം വാഹനമോടിക്കാൻ കഴിയും. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയ്ൽസ് എന്നീ മൂന്ന് രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് അനുമതിയുണ്ട്.
ഓസ്‌ട്രേലിയ
നിങ്ങളുടെ കൈവശം ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഓസ്‌ട്രേലിയയിലും നിങ്ങൾക്ക് വാഹനമോടിക്കാൻ കഴിയും. എന്നാൽ, അത്തരത്തിൽ വാഹനമോടിക്കാൻ നൽകുന്ന അനുമതിയുടെ കാലാവധി മൂന്ന് മാസം മാത്രമാണ്. മാത്രവുമല്ല, ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഇന്ത്യയിലെ പോലെ തന്നെ ഓസ്‌ട്രേലിയയിലും റോഡിന്റെ ഇടതുവശത്തുകൂടിയാണ് ഡ്രൈവിങ് അനുവദിച്ചിട്ടുള്ളത്.
ന്യൂസിലൻഡ്
ഡ്രൈവിങിന് അനുയോജ്യമായ മനോഹരമായ പാതകളുള്ള ഒരു കൊച്ചു പസഫിക് രാജ്യമാണ് ന്യൂസിലൻഡ്. തങ്ങളുടെ രാജ്യത്തെ ആഭ്യന്തര ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷക്കാലം വാഹനമോടിക്കാൻ ഈ രാജ്യത്ത് വിനോദസഞ്ചാരികൾക്ക് അനുമതിയുണ്ട്. നിങ്ങളുടെ ലൈസൻസ് ഏത് തരത്തിലുള്ള വാഹനം ഓടിക്കുന്നതിന് വേണ്ടിയുള്ളതാണോ ആ വാഹനങ്ങൾ മാത്രമേ അവിടെയും ഓടിക്കാൻ കഴിയുകയുള്ളൂ.
സ്വിറ്റ്‌സർലൻഡ്
സാധുവായ ഒരു ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള സന്ദർശകർക്ക് ഒരു വർഷക്കാലം ഈ രാജ്യത്ത് വാഹനമോടിക്കാം. ലൈസൻസിന്റെ ഇംഗ്ലീഷ് പകർപ്പ് കരുതണമെന്ന് മാത്രം.
ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയിലെ മനോഹരമായ പട്ടണങ്ങളിലൂടെ വാഹനമോടിക്കാൻ നിങ്ങളുടെ കൈവശമുള്ള ഇന്ത്യൻ ലൈസൻസ് മാത്രം മതിയാകും. ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒപ്പം നിങ്ങളുടെ ചിത്രവും ഒപ്പും ലൈസൻസിൽ ഉണ്ടാകണം.
സ്വീഡൻ
ഇംഗ്ലീഷ്, സ്വീഡിഷ്, ജർമൻ, ഫ്രഞ്ച്, നോർവീജിയൻ എന്നീ ഭാഷകളിൽ ഒന്നിലുള്ള ലൈസൻസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്വീഡനിൽ വാഹനമോടിക്കാം.
സിംഗപ്പൂർ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷക്കാലം സിംഗപ്പൂരിൽ വാഹനമോടിക്കാൻ കഴിയും.
ഹോങ്‌കോങ്
ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഹോങ്‌കോങ്ങിലും ഒരു വർഷക്കാലം വാഹനമോടിക്കാൻ കഴിയും.
മലേഷ്യ
ഇംഗ്ലീഷ്, മലായ് എന്നീ ഭാഷകളിലുള്ള ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് മലേഷ്യയിൽ വാഹനമോടിക്കാം. എന്നാൽ, അതിന് മലേഷ്യയിലെ ഇന്ത്യൻ എംബസിയുടെ അനുമതി ആവശ്യമാണ്.