ബെയ്ജിങ്∙ ചൈനയിൽ 1933ൽ കണ്ടെത്തിയ തലയോട്ടിയുടെ ഉടമ നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ള ആദിമമനുഷ്യവംശത്തിലെ കണ്ണിയാണെന്നു കണ്ടെത്തൽ. ഡ്രാഗൺമാൻ എന്നാണ് ഈ ഫോസിലിനു ചൈനീസ് നരവംശ ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. ആദിമ മനുഷ്യവംശങ്ങളായ നിയാണ്ടർത്താൽ,

ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിലെ കണ്ണിയല്ല ഇവയെന്നും മറിച്ചു വഴിതിരിഞ്ഞു വംശനാശം സംഭവിച്ച വിഭാഗമാണെന്നും ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ‘ഹോമോ ലോംഗി’ എന്നാണ് ഈ പുതിയ വംശത്തിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം.

ഒന്നരലക്ഷം വർഷം മുൻപു കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഈ തലയോട്ടിയുടെ ഉടമയെന്നു ശാസ്ത്രജ്ഞർ പറയുന്നു. വടക്കുകിഴക്കൻ ചൈനയിലെ ഹാർബിനിലാണു തലയോട്ടി കണ്ടെത്തിയത്. തലയോട്ടി കിട്ടിയയാൾ ഇതു മറച്ചുവച്ചു. പിന്നീടു പതിറ്റാണ്ടുകൾക്കു ശേഷമാണിതു ശാസ്ത്രജ്ഞർക്കു ലഭിച്ചത്. ബ്ലാക്ക് ഡ്രാഗൺ എന്ന നദിയുടെ കരയിൽ നിന്നു കണ്ടെടുത്തതായതിനാലാണു ഫോസിലിനു ഡ്രാഗൺമാനെന്നു പേരുകിട്ടിയത്.

ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. എന്നാൽ ഡ്രാഗൺമാൻ, ശാസ്ത്രലോകത്തിന് അറിയാവുന്ന ഡെനിസോവൻ വംശത്തിലുൾപ്പെട്ട ആളാണെന്നും വാദമുണ്ട്.

English Summary: Scientists discovers a ‘Dragon Man’ species that may be our closest relative

Leave a Reply

Your email address will not be published. Required fields are marked *