നാഡിവ്യതിയാനത്തിൻ്റെ പ്രവർ‌ത്തന തത്വം
മസ്തിഷ്കവ്യതിയാനം കൊണ്ടുളള നേട്ടങ്ങൾ
മസ്തിഷ്ക വ്യതിയാനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്?
കുട്ടികളിലെ മസ്തിഷ്കവ്യതിയാനം
മസ്തിഷ്കവ്യതിയാനം മുതിർന്നവരിൽ
മസ്തിഷ്കവ്യതിയാനം എങ്ങനെ അഭ്യസിക്കാം?

നാഡിവ്യതിയാനം (Neuroplasticity)

ആൻ്റെണി പുത്തൻപുരക്കൽ

(മുന്നറിയിപ്പ്: ഈ ലേഖനം മുഴുവനും നിങ്ങൾ വായിച്ചു കഴിയുമ്പോൾ തീർച്ചയായും നിങ്ങളുടെ മസ്തിഷ്കത്തിൽ വ്യതിയാനം സംഭവിച്ചിരിക്കും).

എന്താണ് നാഡിവ്യതിയാനം?
നാഡിവ്യതിയാനത്തിൻ്റെ പ്രവർ‌ത്തന തത്വം
മസ്തിഷ്കവ്യതിയാനം കൊണ്ടുളള നേട്ടങ്ങൾ
മസ്തിഷ്ക വ്യതിയാനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്?
കുട്ടികളിലെ മസ്തിഷ്കവ്യതിയാനം
മസ്തിഷ്കവ്യതിയാനം മുതിർന്നവരിൽ

നമ്മുടെ ജീവിതത്തിലെ എല്ലാ സംവേദനങ്ങളും അനുഭവങ്ങളും പെരുമാറ്റരീതികളും മസ്തിഷ്കത്തിന്റെ ഭാഗമാണ്. അത്യൽപമായ ഒരു ചിന്താശകലം, സൂക്ഷ്മവൈകാരിക അനുസ്വാനം, സംഭാഷണങ്ങൾ മുതൽ നമ്മുടെ വിശാലവും വ്യത്യസ്തവുമായ സംസ്കാരം വരെ നമ്മുടെ തലച്ചോറിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അനുനിമിഷം മസ്തിഷ്കം മാറ്റത്തിനു വിധേയമായിക്കൊണ്ടുമിരിക്കുന്നു. നമ്മൾ ആരാണെന്ന് തീരുമാനിക്കുന്നതിൻ്റെ സുപ്രധാന ഘടകം നമ്മുടെ മസ്തിഷ്കമാണ്. നാഢീയകോശങ്ങൾ നിരന്തരമായി അതിന്റെ പരിപഥം (circuit) മാറ്റിക്കൊണ്ടിരിക്കുന്നു. തന്മൂലം മസ്തിഷ്കത്തിന്റെ ഉള്ളടക്കവും സദാ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ നാഢീയശൃംഖലയിലെ വികാസമാതൃകകൾ എപ്പോഴും മാറുന്നതുകൊണ്ട്, നമ്മുടെ സത്വവും (identity) വളരെ വേഗത്തിൽ മാറ്റത്തിനു വിധേയമാണ്. ഇക്കാരണത്താൽ നാം ആഗ്രഹിക്കുന്ന ഒരു അന്തിമ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമുക്ക് ഒരിക്കലും കഴിയുകയുമില്ല.

എന്താണ് നാഡിവ്യതിയാനം? ജീവിതത്തിലുടനീളം മാറുന്ന പരിസ്ഥിതിക്കനുസരിച്ച് പുതിയ നാഢീയ സംയോജകങ്ങൾ സൃഷ്ടിക്കാനും സ്വയം പുനഃസംഘടിക്കാനുമുളള നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവിനെയാണ് നാഡിവ്യതിയാനം എന്നു വിളിക്കുന്നത്. ഈ വ്യതിയാനത്തെ, മാറ്റത്തെ, മസ്തിഷ്കവ്യതിയാനം അല്ലെങ്കിൽ മസ്തിഷ്ക പത്രണീയത (brain malleability) എന്നും അറിയപ്പെടുന്നു. നമ്മുടെ നാഡീകോശങ്ങൾക്ക് പരിക്കോ, രോഗമോ ഉണ്ടായാൽ അവയെ പരിഹരിക്കുന്നതിനും പുതിയ സാഹചര്യങ്ങളോട്, പരിസ്ഥിതിയോട് പ്രതികരിക്കുന്നതിനും, ആവശ്യമായ മാറ്റങ്ങൾക്ക് വിധേയമായി മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും ഈ കഴിവ് നമ്മെ സഹായിക്കുന്നു. ലളിതമായി പറഞ്ഞാൽ, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതുതായി രൂപമെടുക്കുന്ന നാഡികോശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുതിയ നാഡി സംയോജകങ്ങളിൽ അങ്കുരണകോശങ്ങളെ (sprout cell) സൃഷ്ടിക്കുന്നു. ഇതുപോലെ, തന്ത്രിക അക്ഷങ്ങൾ (axon) മസ്തിഷ്ക പുനഃസംഘടനയിലൂടെ, നാഡികോശങ്ങളുടെ അഗ്രങ്ങളെ ബന്ധിപ്പിക്കാൻ പുതിയ നാഡീയ പാതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉദാഹരണമായി, തലച്ചോറിന്റെ ഒരു അർദ്ധഗോളത്തിന് ക്ഷതമോ, കേടുപാടോ സംഭവിക്കുകയാണെങ്കിൽ, മറ്റെ അർദ്ധഗോളം ക്ഷതമെറ്റ അർദ്ധഗോളത്തിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കേടുപാടുകൾ സംഭവിച്ച അർദ്ധഗോളത്തിലെ നാഡികോശങ്ങളെ ഉത്തേജിപ്പിച്ച്, അല്ലെങ്കിൽ പുനഃസംഘടിപ്പിച്ച് പുതിയ സംയോജകകോശങ്ങൾ വളർത്തി മസ്തിക ഭാഗത്തെ കേടുപാടുകളിൽ നിന്നും വീണ്ടെടുക്കും.

മസ്തിഷ്ക വ്യതിയാനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്? മാറുന്ന പരിസ്ഥിതിക്കനുസരിച്ച് കൂടുതൽ വികസിപ്പിക്കാനും കൂടുതൽ പൊരുത്തപ്പെടാനുമുള്ള മനുഷ്യ മസ്തിഷ്കത്തിന്റെ കഴിവിനെ ഇതു സൂചിപ്പിക്കുന്നു. തലച്ചോറിൽ ശാരീരികമായും പ്രവർത്തനപരമായും രാസപരമായും അക്ഷരാർത്ഥത്തിൽ മാറ്റം സംഭവിക്കും. ഇതിനർത്ഥം നമ്മുടെ അറിവ്, ബുദ്ധി, ഓർമ്മ, വിവേകം എന്നിവയ്ക്ക് ഉത്തരവാദിയായ നമ്മുടെ തലച്ചോറിനെ നിർദ്ദിഷ്ട മസ്തിഷ്ക പരിശീലന വ്യായാമങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിക്കാനും ശക്തി വർദ്ധിപ്പിക്കാനും കഴിയുമെന്നർത്ഥം. നമ്മുടെ പരിശീലനം അല്ലെങ്കിൽ തീവ്രമായ ആഗ്രഹം എന്നിവക്ക് അനുസരിച്ചു നമ്മിൽ മസ്തിഷവ്യതിയാനം സംഭവിക്കും. മസ്തിഷ്ക പത്രണീയത (brain malleability) അനുസരിച്ച്, വ്യക്തിയുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി മസ്തിഷ്കം അതിന്റെ ഘടനയിൽ മാറ്റം വരുത്തും. മസ്തിഷ്കം പുതിയ അറിവ് സംഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും കൃത്യമായ രീതിയെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന്, നമ്മൾ ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കാൻ ശ്രമിക്കുമ്പോൾ, ഈ പുതിയ നൈപുണ്യത്തിന് ആവശ്യമായ വിവരങ്ങൾ അടങ്ങിയിരിക്കുന്ന പുതിയ നാഡീയ പാതകളെ നമ്മുടെ മസ്തിഷ്കം സ്വയം സൃഷ്ടിച്ച് അവയെ പരസ്പരം ബന്ധിപ്പിക്കുന്നു. എന്നാൽ ഈ മാറ്റങ്ങൾ‌ എല്ലായ്‌പ്പോഴും മികച്ചതല്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. മസ്തിഷ്ക വ്യതിയാന നിയമമനുസരിച്ച് നാഡീയ പാതകളുടെ എണ്ണം കാലക്രമേണ കുറഞ്ഞാൽ സംഭരിച്ച വിവരങ്ങളുടെ ഗുണനിലവാരം മോശമാകും. അതുകൊണ്ട് തലച്ചോറിന്റെ വളർച്ചയും മികവും മെച്ചപ്പെടുത്താനും നിലനിർത്താനും തുടർന്നുളള മസ്തിഷ്ക പരിശീലനം അത്യന്താപേക്ഷിതമാണ്.

നാഡിവ്യതിയാനത്തിൻ്റെ പിന്നിലെ പ്രധാന പ്രവർത്തന തത്ത്വം നാഡിസന്ധി അഗ്രകോതലും (synaptic pruning) പുനഃസൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഡി സന്ധികളുടെ പുനഃക്രമീകരണം വഴി തലച്ചോറിലെ വ്യക്തിഗത നാഡി സംയോനകൾ നിരന്തരം മാറ്റത്തിനു വിധേയമാകും. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ, നാഢികോശങ്ങൾ നമ്മുടെ ആവശ്യങ്ങൾക്കും പരിസ്ഥിതിക്കുമനുസരിച്ചു നിരന്തരം മാറ്റങ്ങൾക്കു വഴങ്ങുന്നതാണ്. ഇതിനർത്ഥം ഒരേ ചോദനം (impulse) സൃഷ്ടിക്കുന്ന രണ്ട് നാഢീകോശങ്ങൾ അവയുടെ ആവൃതി ഘടനയിൽ (cortical map) ലയിക്കുകയും സമാനാമായ വൈദ്യുതി തരംഗങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഒരേ സമയം ചോദനം സൃഷ്ടിക്കാത്ത നാഢീകോശങ്ങളും നിലവിലെ ആവൃതി ഘടനയിൽ നിന്ന് വ്യതിചലിച്ച് വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കുന്നു.

നാഡികോശസന്ധി (synapses) എന്ന് നാം വിളിക്കുന്ന പ്രത്യേക സംയോജകങ്ങൾ വഴി മസ്തിഷ്കം ഒരു നാഡികോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് അനസ്യൂതം വിവരങ്ങൾ കൈമാറുന്നു. രണ്ട് നാഡികോശങ്ങൾക്കിടയിലുള്ള നാഡികോശസന്ധികളെ പൂർവ്വ-, പിൻ നാഡികോശസന്ധി അഗ്രങ്ങൾ എന്ന് വിളിക്കുന്നു. ഇവയെ വേർതിരിക്കുന്ന കോശങ്ങൾ നാഡിസന്ധി വിദരങ്ങൾ (synaptic clefts) എന്നാണ് അറിയപ്പെടുന്നത്. രണ്ട് നാഡികോശസന്ധി അഗ്രങ്ങളിലും വ്യത്യസ്ത ശാരീരിക പ്രതിപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന നാഡി പ്രക്ഷേപിണികൾ അടങ്ങിയിരിക്കുന്ന ചെറിയ പുടവാഹിനികളാൽ (vesicles) നിറഞ്ഞിരിക്കുന്നു. നാഡികോശങ്ങൾ വൈദ്യുത പ്രേരണകളിലൂടെ വിവരങ്ങൾ ശരീരത്തിലൂടെ വിവിധ നാഡികോശസന്ധി അഗ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ നാഡികോശസന്ധി അഗ്രങ്ങൾ നാഡിസന്ധി പിളർപ്പിലുടനീളം വ്യാപിച്ചുകഴിഞ്ഞാൽ, അവ ഗ്രാഹികളുമായി ബന്ധിപ്പിക്കുകയും പിൻ നാഡികോശസന്ധി അഗ്രങ്ങളിൽ മറ്റൊരു വൈദ്യുത സിഗ്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

മസ്തിഷ്കകോശങ്ങൾ പരിമിതമായ അളവിൽ നൽകപ്പെടുന്നുവെന്നും അവ പ്രായമാകുമ്പോൾ സാവധാനം നശിക്കുമെന്നും, തലച്ചോറ് ഒരു പുനരുൽപ്പാദന ശേഷിയില്ലാത്ത അവയവമാണെന്നും നൂറ്റാണ്ടുകളായി കരുതപ്പെട്ടിരുന്നു. 1900-ത്തിൻ്റെ ആരംഭം മുതൽ പല ശാസ്ത്രജ്ഞരും ഒരു വ്യക്തി പ്രായപൂർത്തി (ഇരുപത് വയസ്സു) ആയതിനുശേഷം തലച്ചോറിൽ മാറ്റം വരാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. നാഡിവ്യതിയാനം എന്ന പദം നാഡീയ ഘടനയിലെ വ്യതിയാനങ്ങൾ വിവരിക്കാൻ ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ പോളിഷ് നാഡിവിദഗദ്ധനായ ജെർസി കൊണോർസ്കിയാണ് (1948). എന്നാൽ 1960 വരെ ഈ വാക്ക് ശാസ്ത്രലോകത്തെ വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. നാഢീകോശങ്ങൾക്ക് ആഘാതമേറ്റൽ അവ തനിയെ പുനഃസംഘടനയും തലച്ചോറിന്റെ ഘടനയെയും മാറ്റുമെന്ന് 1960 കളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതുകൂടാതെ, മനസ്സിക സമ്മർദ്ദം മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയോ, കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാക്കുകയോ ചെയ്യുമെന്നും ഇക്കാലത്ത് ഗവേഷകർ കണ്ടെത്തി. തലച്ചോറിലെ മാറ്റങ്ങൾ ശൈശവത്തിലും കുട്ടിക്കാലത്തും മാത്രമേ സംഭവിക്കൂ എന്നും പിന്നീട് ഇതിന്റെ ശാരീരിക ഘടന കൂടുതലും സ്ഥിരമാണെന്നുമുള്ള വിശ്വാസം ഇതോടെ നിലച്ചു. മസ്തിഷ്കം അസാധാരണമായ ഒരു യന്ത്രം പോലെയാണെന്ന പുരാതന ധാരണയും തിരുത്തപ്പെട്ടു.

1960-നു ശേഷം ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചവരിൽ മസ്തിഷ്കവ്യതിയാനം മൂലം സുഖം പ്രാപിക്കാൻ കഴിഞ്ഞ സംഭവങ്ങൾ സ്ഥിരീകരിക്കാൻ തുടങ്ങി. പുതിയ അനുഭവങ്ങളുമായി പൊരുത്തപ്പെടാനും നവീനമായ വിവരങ്ങൾ പഠിക്കാനും അപരിചിതമായ ഓർമ്മകൾ സൃഷ്ടിക്കാനും മസ്തിഷ്കം നൂതനമായ നാഡിയ പാത സൃഷ്ടിക്കുകയും നിലവിലുള്ളവയിൽ മാറ്റം വരുത്തുകയും ചെയ്യുന്നുവെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതൊടെ, ആധുനിക സാങ്കേതികവിദ്യയുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ തലച്ചോറിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് മുമ്പൊരിക്കലും സാധ്യമല്ലാത്ത ഒരു രൂപം നേടാൻ ഗവേഷകർക്ക് കഴിഞ്ഞു. ജന്മനാ തന്നെ പരിമിതമായ മാനസ്സിക കഴിവുളളവരുടെ തലച്ചോറുകളിൽ പോലും ശ്രദ്ധേയമായ അഭിവൃദ്ധി സാദ്ധ്യതകൾ വരുത്തുവാൻ മസ്തിഷ്കവ്യതിയാനത്തിലൂടെ കഴിയുമെന്ന് ഇന്ന് ശാസ്ത്ര ലോകത്തിന് അറിയാം.

ഇന്നുവരെ ലഭ്യമായ എല്ലാ ഗവേഷണ രീതികളുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും വെളിച്ചത്തിൽ ശാസ്ത്രജ്ഞർക്ക് പൂർണ്ണമായി മനസിലാക്കാൻ കഴിയാത്ത ഒന്നാണ് വൈദ്യുത സിഗ്നലുകൾ എങ്ങനെ മനുഷ്യരിൽ സ്വയം അവബോധം സൃഷ്ടിക്കുന്നുവെന്നത്. ഭൂമിയിലെ മറ്റൊരു മൃഗത്തിനും ലഭിക്കാത്ത, എപ്പോൾ, എവിടെ വേണമെങ്കിലും സ്വയം അവബോധം സൃഷ്ടിക്കാനുളള കഴിവും, ബുദ്ധി ഉൽപാദിപ്പിക്കാനുള്ള അതുല്യമായ സിദ്ധിയും ഈ പ്രക്രിയയിലൂടെ എങ്ങനെ സാധിതമാകുന്നു എന്ന വസ്തുതയും ഇന്നും കടംങ്കഥയായി തുടരുന്നു. ഇത്രയേറെ വിവരങ്ങൾ ഒരേ സമയം എങ്ങനെ മനുഷ്യ മസ്തിഷ്കം വിലയിരുത്തുന്നു എന്നതാണ് മറ്റൊരത്ഭുതം. ഇനിയുമുണ്ട് നമുക്ക് അറിയാനുള്ള മറ്റു പലതും. മസ്തിഷ്കത്തിന്റെ പ്രവർത്തനം എങ്ങിനെയാണ് നമ്മിൽ ജിജ്ഞാസ ജനിപ്പിക്കുന്നത്? വൈദ്യുത തരംഗങ്ങൾ എപ്രകാരമാണ് മനസ്സിനെ മൂർച്ച കൂട്ടുന്നതിനുള്ള സാധ്യതകളായി മാറുന്നത്? ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ പരിണാമ വഴികൾ എന്തെല്ലാമാണ്?

കുട്ടികളുടെ തലച്ചോർ നിരന്തരം വളരുകയും വികസിക്കുകയും മാറുകയും ചെയ്യുന്നു. ഓരോ പുതിയ അനുഭവവും തലച്ചോറിന്റെ ഘടനയിലും, പ്രവർത്തനത്തിലും, അല്ലെങ്കിൽ രണ്ടിലും മാറ്റം വരുത്തുന്നു.

ഒരു ശിശുവിന്റെ വളർച്ചയുടെ ആദ്യ കുറച്ച് വർഷങ്ങളിൽ മസ്തിഷ്കത്തിന്റെ വളർച്ച അതിവേഗത്തിലായിരിക്കും. ജനിക്കുമ്പോൾ, മസ്തിഷ്ക ആവൃതിയിലെ (cerebral cortex) ഓരോ നാഡികോശത്തിനും ഏകദേശം 2,500 നാഡികോശസന്ധികൾ ഉണ്ട്. മൂന്നാമത്തെ വയസ്സിൽ, ഇവയുടെ എണ്ണം ഒരു നാഡികോശത്തിന് 15,000 നാഡികോശസന്ധികളായി വളരുന്നു. ശരാശരി മുതിർന്ന ഒരാൾക്ക് നാഡികോശസന്ധികളുടെ എണ്ണം ഇതിന്റെ പകുതിയോളമായിരിക്കും. ഇതിനു കാരണം, നമ്മൾ പുതിയ അനുഭവങ്ങൾ‌ നേടുന്നതിനനുസരിച്ച്, ചില ഭാഗങ്ങളിലെ സംയോജങ്ങൾ കൂടുതൽ ശക്തി ആർജ്ജിക്കുമ്പോൾ സജീവമല്ലാത്ത കേന്ദ്രങ്ങളിലെ കോശങ്ങൾക്ക് പ്രവർത്തനക്ഷമത കുറയുന്നതു കൊണ്ടാണ്. ഈ പ്രക്രിയയെ നാഡികോശ കോതൽ (synaptic pruning) എന്ന് വിളിക്കുന്നു. പതിവായി ഉപയോഗിക്കുന്ന നാഡികോശങ്ങൾ ശക്തമായ സംയോജകങ്ങൾ നിലനിർത്തുമ്പോൾ അപൂർവ്വമായി അല്ലെങ്കിൽ ഒരിക്കലും ഉപയോഗിക്കാത്തവ സാവധാനം മരിക്കുകയും ചെയ്യുന്നു.

കുട്ടികളിൽ പ്രധാനമായും നാല് തരം മസ്തിഷ്കവ്യതിയാനങ്ങൾ ഉണ്ട്:
അനുകൂലക മാറ്റം: കുട്ടികൾ ഒരു പ്രത്യേക വൈദഗ്ദ്ധ്യം പരിശീലിപ്പിക്കുകയും തലച്ചോറിലെ പ്രവർത്തനപരമോ ഘടനാപരമോ ആയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തലച്ചോറിനെ അനുവദിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണിത്.
വൈകല്യമുള്ളത്: ജനിതക അല്ലെങ്കിൽ സ്വായത്തമാക്കിയ തകരാറുകൾ കാരണം സംഭവിക്കുന്ന മാറ്റങ്ങൾ.
അമിതമായത്: ശാരീരിക വികലത, അല്ലെങ്കിൽ രോഗങ്ങൾ മൂലമുണ്ടാകുന്ന പുതിയ, തെറ്റായ നാഡിയപാതകളുടെ പുനഃസംഘടന.
തലച്ചോറിനെ പരിക്കിനു വിധേയമാക്കുന്ന വ്യതിയാനം: ദോഷകരമായ നാഡീയ പാതകളുടെ രൂപപ്പെടൽ. ഇത് മസ്തിഷ്കത്തിന് പരിക്കോ അനാവശ്യ സ്വാധീനമോ ഉണ്ടാക്കുന്നു. ഈ മാറ്റങ്ങൾ ചെറിയ കുട്ടികളിൽ കൂടുതൽ ശക്തവും വ്യക്തവുമായി കാണാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള മിക്ക വൈകല്യങ്ങളും മുതിർന്നവരേക്കാളും വളരെ ഫലപ്രദമായി കുട്ടികളിൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും.

കുട്ടികളിൽ കാണുന്ന തരത്തിലുള്ള ദ്രുതഗതിയിലുളള മാറ്റം മുതിർന്നവരുടെ മസ്തിഷ്കത്തൽ സംഭവിക്കുന്നില്ല. എന്നിരുന്നാലും, മുതിർന്നവരുടെ മസ്തിഷ്കം എപ്പോഴും അസാധാരണമായ മാറ്റത്തിന് പ്രാപ്തമാണ്. കുറച്ച് കാലമായി ഉപയോഗിക്കാത്ത പഴയതും നഷ്‌ടപ്പെട്ടതുമായ സംയോജകങ്ങളും ബൗദ്ധിക പ്രവൃത്തികളും പുനഃസ്ഥാപിക്കാനും ഓർമ്മകൾക്ക് മൂർച്ച കൂട്ടാനും മൊത്തത്തിലുള്ള വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കാനും ഇതിന് കഴിയും.
കുട്ടികളിലും ചെറുപ്പക്കാരിലും ഉള്ളതുപോലെ പ്രായപൂർത്തിയായവരിൽ സാധ്യതകൾ പൊതുവെ വലുതായിരിക്കില്ല. എന്നാൽ നിരന്തരമായ പരിശ്രമവും ആരോഗ്യകരമായ ജീവിതശൈലിയും ഉപയോഗിച്ച് മുതിർന്നവർക്ക് അവരുടെ തലച്ചോറിൽ ഫലപ്രദമായ മാറ്റവും വളർച്ചയും യുവതലമുറയെപ്പോലെ വർദ്ധിപ്പിക്കാൻ കഴിയും.

മസ്തിഷ്കവ്യതിയാനം പ്രധാനമായും രണ്ട് തരം ഉണ്ട്. ഒന്ന് ഘടനാപരമായ നാഡിയവ്യതിയാനം. ഇതിൽ നാഡികോശം അല്ലെങ്കിൽ നാഡികോശസന്ധികൾ തമ്മിലുള്ള സംയോജകങ്ങളുടെ ശക്തി മാറുന്ന സ്വഭാവം. രണ്ടാമത്തെത്,
പഠനവും വികാസവും മൂലം നാഡികോശസന്ധികളിൽ സ്ഥിരമായി ഉണ്ടാകുന്ന മാറ്റങ്ങൾ വിവരിക്കുന്ന ഫലന മസ്തിഷ്കവ്യതിയാനം (functional neuroplasticity). ഈ രണ്ടുതരം മസ്തിഷ്കവ്യതിയാനങ്ങളും വളരെ ക്ഷമതയുള്ളതാണ് (potential).
എന്നാൽ തലച്ചോറിന്റെ യഥാർത്ഥ ഘടനയിലെ മാറ്റങ്ങളാണ് കൂടുതൽ ആവേശകരമായ സാധ്യതകൾ നിലനിർത്തുന്നത്.

മസ്തിഷ്കവ്യതിയാനം കൊണ്ട് അനേകം അവിശ്വസനീയമായ പ്രയോജനങ്ങൾ നമുക്കുണ്ട്. ഇത് മാറുന്ന പരിതഃസ്ഥിതികളോട് അതിവേഗത്തിൽ അനുരൂപീകരണപ്പെടാനും മാറ്റം വരുത്തുവാനും നമ്മുടെ തലച്ചോറിനെ സഹായിക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള നമ്മുടെ കഴിവ്, പ്രത്യേകിച്ച്,
നമ്മുടെ നിലവിലുള്ള വൈജ്ഞാനിക കഴിവുകൾ ഇതു വർദ്ധിപ്പിക്കും.
ഹൃദയാഘാതം മൂലം നമ്മുടെ തലച്ചോറിനേല്ക്കുന്ന പരിക്കുകളിൽ നിന്നും നമ്മുടെ മസ്തിഷ്കത്തെ വീണ്ടെടുക്കാൻ മസ്തിഷ്കവ്യതിയാനം സഹായിക്കും. മനുഷ്യനായിരിക്കുക എന്നതിന്റെ പ്രധാന ലക്ഷണങ്ങളായ പഠനവും ഓർമ്മയും ഈ പ്രക്രിയ കൂടാതെ നമുക്ക് സാധ്യമല്ല. കൂടാതെ, നാഢീയ മനോരോഗ അവ്യവസ്ഥ, മസ്തിഷ്ക ക്ഷതം എന്നിവയെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് മസ്തിഷ്കവ്യതിയാനത്തെക്കുറിച്ചുളള പഠനം അനിവാര്യമാണ്. മനസ്സിന്റെ ശാന്തതയ്ക്കും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും നമ്മുടെ മനോഭാവത്തെ മാറ്റുന്നതിനും മസ്തിഷ്കവ്യതിയാനത്തിലൂടെ കഴിയും.

മസ്തിഷ്കവ്യതിയാനം സദാ നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. നാഡികോശങ്ങൾ ഒഴികെയുള്ള എല്ലാ മസ്തിഷ്ക കോശങ്ങളും – ഗ്ലിയൽ കോശങ്ങൾ, സംവഹന കോശങ്ങൾ (vascular cells) എന്നിവയെല്ലാം ഈ മാറ്റത്തിന്റെ ഭാഗമാണ്. ഈ മാറ്റങ്ങൾക്കു കാരണം നമ്മിൽ നിരന്തരം സംഭവിക്കുന്ന പഠനം, അനുഭവജ്ഞാനം, ഓർമ്മ രൂപീകരണം എന്നിവയുടെ ഫലമായിട്ടോ, അല്ലെങ്കിൽ തലച്ചോറിന് സംഭവിക്കുന്ന കേടുപാടുകൾ കാരണമോ ഇതു സംഭവിക്കാം. ഒരു നിശ്ചിത പ്രായത്തിന് ശേഷം മസ്തിഷ്ക വളർച്ച നിശ്ചലമാണെന്നാണ് പഴയകാല വിശ്വാസം. എന്നാൽ, പഠനത്തോടുള്ള പ്രതികരണമായി മസ്തിഷ്കം എപ്പോഴും മാറുന്നുവെന്നും ഈ മാറ്റം മരണം വരെ തുടരുമെന്നും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തന്നു. ഹൃദയാഘാതം മൂലം തലച്ചോറിന് കേടുപാടുകൾ സംഭവിക്കുന്ന സന്ദർഭങ്ങളിൽ, ചില പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങൾ തകരാറിലായേക്കാം. ക്രമേണ, തലച്ചോറിന്റെ ആരോഗ്യകരമായ ഭാഗങ്ങൾ അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും കഴിവുകൾ പുനഃസ്ഥാപിക്കുകയും ചെയ്യും.

നമ്മുടെ മസ്തിഷ്കം സദാ സജീവവും മാറ്റത്തിനുള്ള പ്രവണതയുള്ളതാണെങ്കിലും നാഡിവ്യതിയാനത്തിനും പരിമിതികൾ ഉണ്ട്. തലച്ചോറിന്റെ ചില മേഖലകളിലെ പ്രവർത്തനങ്ങൾക്ക് വിവിധ രോഗങ്ങൾ കാരണങ്ങൾ കേടുപാടുകൾ സംഭവിക്കാം. വളരെക്കാലം നീണ്ടുനിൽക്കുന്ന വൈകാരിക സമ്മർദ്ദം മൂലം നാഡികോശസന്ധികൾ പ്രവർത്തന രഹിതമാകാറുണ്ട്. ചില പ്രമേഹരോഗികളിൽ സംവേദക നാഡി നാരുകൾക്കും തന്ത്രിക അക്ഷങ്ങൾക്കും സ്ഥിരമായ കേടുപാടുകൾ സംഭവിച്ചേക്കാം. ഇങ്ങനെയുള്ള കോശങ്ങൾ വീണ്ടും സജീവമാക്കാൻ ഒരിക്കലും സാധിക്കുകയില്ല. ഗുരുതരമായ അപകടം മൂലം മസ്തികത്തിനുണ്ടാകുന്ന ചില ക്ഷതങ്ങളിൽ നിന്നും പൂർണ്ണമായി സുഖം പ്രാപിക്കുവാനോ, ചലനം, ഭാഷ, സംസാരം, അറിവ് മുതലായ സിദ്ധികൾ വീണ്ടെടുക്കാനോ കഴിയാതെ വരും.

ഏതാനും പതിറ്റാണ്ടുകൾക്കു മുൻപുവരെ നാഡീവിദഗ്ധരും വൈദ്യശാസ്ത്രവും
കരുതിയിരുന്നത് നമ്മുടെ മസ്തിഷ്കവും അതിലെ കോശങ്ങളും ഒരു നിശ്ചിത കാലഘട്ടം വരെ മാത്രമേ വളരുകയും കോശവിഭജനം നടത്തുകയും ചെയ്യുകയുളളുവെന്നായിരുന്നു. ശൈശവം മുതൽ ഇരുപത് വയസ്സു വരെയായിരുന്നു ഈ കാലഘട്ടം. ആധുനിക പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഗർഭാശയത്തിൽ മസ്തിഷ്കം വികസിക്കാൻ തുടങ്ങുന്ന സമയം മുതൽ മരിക്കുന്ന ദിവസം വരെ, ഒരു വ്യക്തിയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചുളള പ്രതികരണമായി ഒരാളുടെ തലച്ചോറിലെ കോശങ്ങൾ പുനഃസൃഷ്ടിക്കപ്പെടുകയും, തമ്മിൽ തമ്മിലുള്ള ബന്ധം എപ്പോഴും നവീകരണ വിധേയമാകുകയും പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുവാൻ വേണ്ടി പുനഃസംഘടന – പുതിയ നാഡീയ സംയോജകങ്ങളുടെ സൃഷ്ടി തുടരും.

എന്താണ് നാഡീവ്യതിയാനം (Neuroplasticity)? ലളിതമായ ഭാഷയിൽ പറഞ്ഞാൽ, മാറുന്ന ഏതു സാഹചര്യത്തിലും നേരിടേണ്ടിവരുന്ന വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളിലും സ്വയം പൊരുത്തപ്പെടുവാനും ആവശ്യമെങ്കിൽ പുതിയ പാടവം നേടുവാനുമുളള നമ്മുടെ മസ്തിഷ്കത്തിൻ്റെ ചലനാത്മകമായ അനുകൂലക ക്ഷമതതയാണ് നാഡീവ്യതിയാനം. ദിനംതോറും നാം നമ്മുടെ പരിസ്ഥിതിയുമായി ഇടപെടുമ്പോഴും മറ്റിതര വ്യക്തികളുമായി വ്യവഹരിക്കുമ്പോഴും അനേകം ശാരീരിക വ്യതിയാനങ്ങളും പ്രതികരണങ്ങളും നമ്മുടെ മനസ്സിലും തലച്ചോറിലും സംഭവിക്കുന്നുണ്ട്. ഗർഭാശയത്തിൽ മസ്തിഷ്കം വികസിക്കാൻ തുടങ്ങുന്ന സമയം മുതൽ മരിക്കുന്ന സമയം വരെ, നമ്മുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ മസ്തിഷ്കത്തിലെ കോശങ്ങളിൽ നടക്കുന്ന വ്യത്യസ്ത പുനഃസംഘടനയാണ് നാഡിവ്യതിയാനം.

മസ്തിഷ്ക കോശങ്ങളുടെ പിറവി, വളർച്ച, മറ്റു കോശങ്ങളുമായുളള സംയോജനം എന്നീ വിഷയങ്ങളെക്കുറിച്ചുളള പഠനശാഖയെ നാഡീയോൽപത്തി (neurogenesis) എന്നാണ് അറിയപ്പെടുന്നത്. ഒരു ഭ്രൂണം വികസിക്കുവാൻ തുടങ്ങുമ്പോഴുളള നാഡീയോൽപത്തി അതീവ നിർണ്ണായകമാണ്. മാത്രമല്ല ജനനത്തിനു ശേഷവും നമ്മുടെ ആയുസ്സ് മുഴുവൻ ചില മസ്തിഷ്ക പ്രദേശങ്ങളിലും ഈ പ്രക്രിയ തുടരുന്നു. പക്വതയുള്ള തലച്ചോറിന്റെ പ്രവർത്തനത്തിന് നിരവധി പ്രത്യേക മേഖലകളുണ്ട്. കൂടാതെ ഘടനയിലും സംയോജകങ്ങളിലും വ്യത്യാസമുള്ള നാഡികോശങ്ങളുണ്ട്. ഉദാഹരണത്തിന്, ഓർമ്മശക്തി, സ്ഥാനിക നിർണ്ണയം എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസിന് (hippocampus) കുറഞ്ഞത് ഇരുപത്തിയേഴ് വ്യത്യസ്ത നാഡീയകോശങ്ങൾ ഉണ്ട്. തലച്ചോറിലെ നാഡീയകോശങ്ങളുടെ അവിശ്വസനീയമായ വൈവിധ്യം ഭ്രൂണവികസന സമയത്ത് നിയന്ത്രിത നാഡീയോൽപത്തിയുടെ ഫലമാണ്. ഈ പ്രക്രിയയ്ക്കിടയിലാണ് വിവിധ തരത്തിലുള്ള നാഡീയ മൂല കോശങ്ങൾ വേർതിരിക്കുപ്പെടുന്നത്.

നമ്മുടെ മസ്തിഷ്കത്തിന്റെ ഈ അസാധാരണമായ സവിശേഷതകളെ ഒരു കമ്പ്യൂട്ടറുമായി നമുക്ക് ഉപമിക്കാം. സാധാരണ കമ്പ്യൂട്ടറുകളിൽ‌ മിക്കവാറും പുതിയ സോഫ്റ്റ്‌വെയർറുകളുടെ പ്രകാരഭേദം മാത്രമേ പ്രതിഷ്ഠാപനം ചെയ്യാൻ സാധിക്കൂ. ഹാർഡ്‌വെയർ‌ അപ്‌ഡേറ്റുകൾ‌ സാധാരണഗതിയിൽ നടത്താറില്ല. എന്നാൽ, നമ്മുടെ മസ്തിഷ്കത്തിൽ ഏതു കാലത്തും യഥാർത്ഥത്തിൽ സോഫ്റ്റ്‌വെയർ‌ അപ്‌ഡേറ്റുകൾ‌ക്ക് അനുസൃതമായി ഹാർഡ്‌വെയർ‌ അപ്‌ഡേറ്റുകളും സംഭവിച്ചു കൊണ്ടിരിക്കും. നമ്മുടെ തലച്ചോറിന്റെ ഈ കഴിവ് യഥാർത്ഥത്തിൽ അസാധാരണമായ ഒരു സവിശേഷതയാണ്. ഉദാഹരണത്തിന്, നമ്മൾ പുതിയതായി എന്തെങ്കിലും പഠിക്കുമ്പോൾ, നമ്മുടെ ന്നാഢീകോശങ്ങൾക്കിടയിലും പുതിയ സംയോജനകൾ സ്വയമേവ സൃഷ്ടിക്കപ്പെടും. ഇങ്ങനെ നമ്മുടെ തലച്ചോറിൽ പുതിയതായി രൂപപ്പെടുന്ന ശൃംഖല പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നമ്മെ സഹായിക്കുന്നു. ഈ പുനഃസംഘടന ദിവസേന സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്.

മസ്തിഷ്കവ്യതിയാനം മെച്ചപ്പെടുത്താൻ കഴിയുമെന്നത് നമ്മെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ് (പ്രത്യേകിച്ച് പ്രായമായവരിൽ). പൊരുത്തപ്പെടാനും മാറ്റം വരുത്താനും നമ്മുടെ തലച്ചോറിനെ സഹായിക്കുന്ന അനേകം വഴികൾ നമുക്കുണ്ട്. നമ്മുടെ പരിസ്ഥിതിയെ സമ്പന്നമാക്കുന്ന ശ്രദ്ധ കേന്ദ്രീകരിക്കൽ, പുതുമ നിറഞ്ഞ വെല്ലുവിളി എന്നിവയ്ക്ക് ധാരാളം അവസരങ്ങൾ നൽകുന്ന പഠന പദ്ധതികൾ തലച്ചോറിലെ ഗുണപരമായ മാറ്റങ്ങൾക്ക് ഉത്തേജനം നൽകുന്നു. കുട്ടിക്കാലത്തും കൗമാരത്തിലും ഇത് വളരെ പ്രധാനമാണ്. നമ്മുടെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാൻ പുതിയ ഭാഷകൾ, സംഗീതോപകരണങ്ങൾ പഠിക്കുക, അറിയാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്യുക, നൃത്തം സംഗീതം തുടങ്ങിയ കലകൾ അഭ്യസിക്കുക, മറ്റ് ഏതെങ്കിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ധാരാളം വായിക്കാൻ സമയം കണ്ടെത്തുക എന്നിവയെല്ലാം അത്യുത്തമമാണ്. കൂടുതൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും തലച്ചോറിലെ ദ്രുമാംശ്മത്തിൻ്റെ (dendrite) വളർച്ചക്കും മസ്തിഷ്കംവ്യതിയാനത്തിനും ഉപകരിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മസ്തിഷ്കത്തിന്റെ സുഗമമായ വളർച്ചക്കും പ്രവർത്തനത്തിനും നിലനില്പിനും പതിവായ വ്യായാമം സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിന്റെ പ്രധാന മേഖലകളിലെ നാഡികോശങ്ങളുടെ നഷ്ടം തടയാൻ ദിവസേനയുള്ള വ്യായാമം സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പതിവ് ശാരീരിക പ്രവർത്തനങ്ങളായ ഉറക്കവും വിശ്രമവും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

നാഡികോശവ്യതിയനത്തിന് അനേകം സവിശേഷതകൾ ഉണ്ട്. ഇവയിൽ പ്രായവും പരിസ്ഥിതിയും പ്രധാന പങ്കു വഹിക്കുന്ന രണ്ടു ഘടകങ്ങളാണ്. ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ മസ്തിഷ്കം വേഗത്തിലുള്ള മാറ്റത്തിന് വിധേയമാണ്. സാധാരണയായി, ചെറുപ്പക്കാരുടെ തലച്ചോറുകൾ പ്രായമായവരുടെ മസ്തിഷ്ക്കത്തേക്കാൾ കൂടുതൽ ഉത്തേജനജനകവും അനുഭവങ്ങളോട് പ്രതികരിക്കുന്നതുമാണ്. എന്നാൽ, മുതിർന്നവരുടെ തലച്ചോറിൻ്റെ പ്രതികരണ ശേഷിയും പൊരുത്തപ്പെടാനുളള കഴിവും സാവധാനത്തിലായിരിക്കും. പരിസ്ഥിതിയും ജനിതകവും തമ്മിലുള്ള ഇടപെടൽ തലച്ചോറിന്റെ വ്യതിയാനം രൂപപ്പെടുത്തുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.

മസ്തിഷ്കവ്യതിയാനവും മനഃശാസ്ത്രവും: മസ്തിഷ്കവ്യതിയാന സിദ്ധാന്തവും തത്വങ്ങളും ഗവേഷണരീതികളും നാഡീ രോഗവിദഗ്ധർക്കും ശാസ്ത്രജ്ഞന്മാർക്കും ജീവശാസ്ത്രജ്ഞർക്കും രസതന്ത്രജ്ഞർക്കും ആവേശകരമായ വിഷയമാണ്. എന്നാൽ ഈ വിഷയം മനഃശാസ്ത്രജ്ഞരും ഒരുപോലെ ഇഷ്ടപ്പെടുന്നു. മസ്തിഷ്കം പ്രവർത്തിക്കുന്ന രീതിയിലും പ്രവർത്തനപരമായ പൊരുത്തപ്പെടുത്തലുകളിലും മസ്തിഷ്കവ്യതിയാനം മനഃശാസ്ത്രപരമായ മാറ്റത്തിനും സാധ്യതയുള്ള വഴികൾ വാഗ്ദാനം ചെയ്യുന്നു.
ക്രിസ്റ്റഫർ ബെർഗ്ലാൻഡിൻ്റെ അഭിപ്രായത്തിൽ “ഈ പ്രക്രിയ നമ്മിലെ ഭൂതകാല ഉത്കണ്ഠയും സമ്മർദ്ദവും ഉളവാക്കുന്ന മുൻകാല ആഘാതകരമായ സംഭവങ്ങളെ മറികടക്കാനുള്ള സാധ്യത തുറക്കുന്നു”. മരുന്നുകളും രാസവസ്തുക്കളും ഉപയോഗിച്ചുളള മസ്തിഷ്ക മാറ്റവും പ്രവർത്തന രീതികളും വിവിധ ശാസ്ത്രശാഖകൾ ഇതിനോടകം പരീക്ഷിച്ചു കഴിഞ്ഞു. മാത്രമല്ല, നമ്മുടെ ചിന്താരീതികൾ പരിഷ്കരിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനരീതി എങ്ങനെ മാറ്റാമെന്ന് മനഃശാസ്ത്രം തീർച്ചയായും ധാരാളം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഒരു സാധാരണ ദിവസത്തിൽ നമ്മൾ പലപ്പോഴും ചെയ്യുന്ന ലളിതമായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ മസ്തിഷ്ക ഘടനയിലും പ്രവർത്തനത്തിലും സ്ഥിരവും സുപ്രധാനവുമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെങ്കിൽ ബോധപൂർവ്വമായ പരിശീലനത്തിലൂടെ നമുക്ക് മാനസ്സികാരോഗ്യവും സുസ്ഥിതിയും നേടാൻ കഴിയുമെന്ന് മനഃശാസ്ത്രജ്ഞർ ഉറച്ചു വിശ്വസിക്കുന്നു.

മസ്തിഷ്കവ്യതിയാനം വർദ്ധപ്പിക്കുന്നതിന് സമ്പുഷ്ടമായ അന്തരീക്ഷങ്ങൾ (പുതുമ, ശ്രദ്ധ കേന്ദ്രീകരിക്കൽ, വെല്ലുവിളി എന്നിവ) നിർണ്ണായകമാണ്. കൂടാതെ, കെമ്പർമാൻ 2002 നും 2014 നും ഇടയിൽ നടത്തിയ പഠനങ്ങളനുസരിച്ച് കുട്ടിക്കാലത്തെയും യുവത്വത്തിലെയും വിമർശനാത്മക പഠന കാലയളവ് അവസാനിച്ചതിനുശേഷവും വളർച്ചയും ക്രിയാത്മകമായ പൊരുത്തപ്പെടുത്തലും നിലനിർത്താൻ നമുക്ക് കഴിയും. എട്ട് ആഴ്ചയോ അതിൽ കൂടുതലോ പ്രായമുള്ള നാഡികോശങ്ങൾ സാധാരണയായി ഒരേ അളവിലുള്ള പ്രവർത്തന ക്ഷമത നിലനിർത്താൻ കഴിവുള്ളതാണ്. അഞ്ച് അല്ലെങ്കിൽ ആറ് ആഴ്‌ചയിലധികം ഒരു മണിക്കൂർ വിജ്ഞാനപരിശീലനം നടത്തുന്നവരിൽ പ്രായവുമായി ബന്ധപ്പെട്ട നാഡികോശങ്ങളുടെ മരണനിരക്ക് കുറവായിരിക്കും. നെയ്മറിൻ്റെ (2014) കണ്ടെത്തെലുകൽ അനുസരിച്ച് ശാരീരിക പ്രവർത്തനത്തിനും നല്ല ശാരീരികക്ഷമതയ്ക്കും പ്രായവുമായി ബന്ധപ്പെട്ട നാഡീയ മരണത്തെയും ഹിപ്പോകാമ്പസിനുണ്ടാകുന്ന നാശത്തെയും തടയാനോ മന്ദഗതിയിലാക്കാനോ കഴിയും. മാത്രമല്ല ഹിപ്പോകാമ്പസിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയും. വാസ്‌കോൺസെലോസും കൂട്ടരും നടത്തിയ പഠനമനുസരിച്ച്
ഇടയ്ക്കിടെയുള്ള ഉപവാസത്തിന് നാഡികോശസന്ധികളിൽ അനുകൂലന പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയും. വിട്ടുമാറാത്ത ഉറക്കമില്ലായ്മ ഹിപ്പോകാമ്പസിലെ മേദക്ഷയം (atrophy) അല്ലെങ്കിൽ നാഢീയ മരണവും നാശനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം മതിയായ ഉറക്കം ന്യൂറോജെനിസിസ് വർദ്ധിപ്പിക്കും.

മസ്തിഷ്കവ്യതിയാനവും പഠനവും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ വളരെ എളുപ്പമാണ്. പുതുതായി നമ്മൾ എന്തെങ്കിലും പഠിക്കുമ്പോൾ, തലച്ചോറിൽ നമ്മൾ പുതിയ നാഡീയ പാതകൾ സൃഷ്ടിക്കുന്നു. ഓരോ പുതിയ പാഠത്തിനും പുതിയ നാഡീകോശങ്ങളുമായി ബന്ധിപ്പിക്കാനും നമ്മുടെടെ തലച്ചോറിന്റെ സ്ഥിരസ്ഥിതി പ്രവർത്തന മേഖലയെ വികസിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇവിടെ ഒരു കാര്യം കൂടി നമ്മൾ മനസ്സിലാക്കണം. എല്ലാ പഠനങ്ങളും എപ്പോഴും തലച്ചോറിന്റെ അതിശയകരമായ നാഡിവ്യതിയാനത്തിൽ മാറ്റം വരുത്തണമെന്നില്ല. എന്നാൽ ഒരു പുതിയ ഭാഷയോ സംഗീതോപകരണമോ പഠിക്കുമ്പോൾ തീർച്ചയായും മസ്തിഷ്കവ്യതിയാനം സംഭരിക്കും. ഇത്തരത്തിലുള്ള പഠനത്തിലൂടെയാണ് തലച്ചോറിനെ എങ്ങനെ ഉദ്ദേശ്യത്തോടെ പുനരുജ്ജീവിപ്പിക്കാമെന്ന് മനസിലാക്കാൻ കഴിയുന്നത്. തലച്ചോറിന്റെ മാന്ത്രിക കഴിവുകൾ മസ്തിഷ്കവ്യതിയാനത്തിലൂടെ എങ്ങനെ, എത്രത്തോളം വികസിപ്പിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരം, നാം എത്രമാത്രം നിക്ഷേപം നടത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

മസ്തിഷ്കവ്യതിയാനം ഉപയോഗിച്ച് നമ്മുടെ തലച്ചോറിനെ എങ്ങനെ മാറ്റാം. ആദ്യം, മസ്തിഷ്കവ്യതിയാന വളർത്തിയെടുക്കാൻ കഴിയുന്ന ചില വഴികളെക്കുറിച്ച് നമുക്ക് ഒരു ധാരണ നേടാം. മസ്തിഷ്കവ്യതിയാനം വർദ്ധിപ്പിക്കുന്നതിന് ചില രീതികളാണ് ഇവിടെ വിവരിക്കാം:

ഇടവിട്ടുള്ള ഉപവാസം നാഡികോശസന്ധികളുടെ അനുകൂലനം വർദ്ധിപ്പിക്കുകയും നാഡികോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും, നാഢീഅവശോഷണ രോഗത്തിന്റെ (neurodegenerative disease) സാധ്യത കുറയ്ക്കാനും ഉപവാസം സഹായിക്കും. യാത്ര: നമ്മുടെ തലച്ചോറിനെ പുതിയ ഉത്തേജകങ്ങളിലേക്കും പുതിയ ചുറ്റുപാടുകളിലേക്കും തുറന്നുകാട്ടി, തലച്ചോറിലെ പുതിയ വഴികളും പ്രവർത്തനവും തുറക്കാൻ സഹായിക്കും. ഓർമ്മ വർദ്ധിപ്പിക്കാൻ ഉപകരിക്കുന്ന കളികൾ വഴി മുന്നിലെ അഗ്രമസ്തിഷ്കപാളികളിലെ സംയോജങ്ങൾ വർദ്ധിപ്പിക്കാനും പ്രായവുമായവരിൽ കണ്ടുവരുന്ന ഓർമ്മക്കുറവ് തടയാനും കഴിയും.
പുതുതായി ഏതെങ്കിലും സംഗീത ഉപകരണം പഠിക്കാൻ കഴിഞ്ഞാൽ മസ്തിഷ്ക പാളികൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിച്ച് പുതിയ നാഢീയ ശൃംഖലകൾ കഴിയും. പ്രബലമല്ലാത്ത കൈ വ്യായാമങ്ങൾ കൊണ്ട് പുതിയ നാഢീയ പാതകൾ സൃഷ്ടിക്കാനും നാഡികോശങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സാധിക്കും. തലച്ചോറിലെ സംയോജങ്ങളെ വർദ്ധിപ്പിക്കുവാനും വളർത്തുവാനും നോവലുകളും ചെറുകഥകളും വായിക്കുന്നത് നല്ലതാണ്. പതിവായി പുതിയ പദാവലി പഠക്കുന്നതിലൂടെ നമ്മുടെ ഓർമ്മശക്തിയെ സജീവമാക്കാൻ കഴിയും.
ഏതെങ്കിലും പുതിയ കലാസൃഷ്‌ടി അഭ്യാസിക്കുക. ഇതുവഴി വിശ്രമവേളളിൽ പോലും തലച്ചോറിന്റെ സംയോജക ശക്തി വർദ്ധിപ്പിക്കാൻ കഴിയും. ഉദാഹരണത്തിന്, ആത്മാവലോകനം, സമാനുഭാവം, ശ്രദ്ധ കേന്ദ്രീകരണം, എന്നിവ നമ്മുടെ ഓർമ്മശക്തിയെ നിലനിർത്താൻ സഹായിക്കും. നൃത്തം മറവിരോഗ (Alzheimer’s) സാധ്യത കുറയ്ക്കുകയും നാഢീയ സംയോജകങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവസാനമായി, മതിയായ ഉറക്കം നമ്മുടെ നാഡികോശങ്ങൾ തമ്മിലുള്ള സംയോജനകളായി പ്രവർത്തിക്കുന്ന തന്ത്രിക ദ്രുമാശ്മം അഗ്രങ്ങളുടെ വളർച്ചയെയും കോശങ്ങളിലുടനീളം വിവരങ്ങൾ കൈമാറാൻ സഹായിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *