വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമി നഗരത്തിൽ 12 നില പാർപ്പിട സമുച്ചയം തകർന്നു കാണാതായ 156 പേർക്കായി തിരച്ചിൽ നാലാം ദിവസത്തിലേക്കു കടന്നു. 5 മരണം സ്ഥിരീകരിച്ചു.
ടൺകണക്കിനു കോൺക്രീറ്റ് അവശിഷ്ടങ്ങളിലെ തിരച്ചിലിനു രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഇസ്രയേലിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള വിദഗ്ധ സംഘങ്ങളും എത്തി. പലരും ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു നവീന സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം.
മയാമി കടൽത്തീരത്തെ ഷാംപ്ലെയ്ൻ ടവേഴ്സ് സൗത്ത് സമുച്ചയത്തിന്റെ ഒരു ഭാഗമാണു വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ തകർന്നടിഞ്ഞത്. കെട്ടിടം എങ്ങനെ തകർന്നുവെന്ന് ഇനിയും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, 40 വർഷത്തോളം പഴക്കമുള്ള കെട്ടിടസമുച്ചയത്തിന്റെ അടിത്തറ ദുർബലാവസ്ഥയിലായിരുന്നുവെന്നാണു സൂചന. 1990കൾ മുതൽ വർഷത്തിൽ 1–3 മില്ലിമീറ്റർ എന്ന തോതിൽ കെട്ടിടം താണുകൊണ്ടിരിക്കുകയായിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
English Summary: Miami building collapse accident