രാജ്യദ്രോഹക്കേസിൽ അയിഷ സുൽത്താനക്ക് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആയതിനാൽ ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. അന്വേഷണത്തിന് കൂടുതൽ സമയം നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കേസിൽ അന്വേഷണം നടത്തരുതെന്ന് എങ്ങനെ പറയാൻ കഴിയും എന്നും കോടതി ചോദിച്ചു.

അന്വേഷണം സ്റ്റേ ചെയ്യണമെന്ന അയിഷ സുൽത്താനയുടെ ആവശ്യം തള്ളിയ ഹൈക്കോടതി, രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് പൊലീസിന് നിർദേശം നൽകി. അയിഷ സുൽത്താനക്ക് എതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് നിലപാടെടുത്തു. അയിഷയുടെ പരാമർശം ഗൗരവ സ്വഭാവമുള്ളതാണെന്നും രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഹർജി തള്ളണമെന്നും ലക്ഷദ്വീപ് പോലീസ് ആവശ്യപ്പെട്ടു.

സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ അയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചത്. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ കേസ് നിലനിൽക്കില്ലെന്നും അയിഷ സുൽത്താന കോടതിയെ അറിയിച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *