ബലിമൃഗങ്ങൾ (ലേഖനം)
സ്ത്രീ സമൂഹത്തോട് പൊതു സമൂഹത്തിനുള്ള വ്യവസ്ഥാപിത കാഴ്ച്ചപ്പാടുകൾ വളരെയേറെ ചീഞ്ഞളിഞ്ഞിട്ടും
ഇന്നും പൊതു സമൂഹം അത് തലയിലേറ്റി കൊണ്ട് നടക്കുകയാണ്. അത്തരം വ്യവസ്ഥിതികൾക്ക് വേണ്ടി ബലികഴിക്കപ്പെട്ട മറ്റൊരു ബലിമൃഗമാണ് വിസ്മയ എന്ന, നമ്മളിപ്പോൾ കേരളത്തിൽചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെൺകുട്ടിയും.
എൻപത് ശതമാനത്തോളം ആൽഹഹോളിസ്റ്റും, ഒരു ക്രിമിനൽ സ്വാഭാവത്തിനുടമയുമായ ഭർത്താവിന്റെ നിരന്തര പീഡനങ്ങളെ ത്തുടർന്ന് സ്വന്തംവീട്ടിൽ അഭയം തേടിയ ആ പെണ്കുട്ടിയെ, നമ്മുടെ പൊതു സമൂഹത്തിന്റെ വ്യവസ്ഥാപിത കാഴ്ച്ചപ്പാടുകളെ ഭയന്നാണ് വീട്ടുകാർ അവളെ ആ കരാള ഹസ്തങ്ങളുടെ മരണ തീരങ്ങളിലേക്ക് വീണ്ടുംതള്ളി വിട്ടത്!!.
പെൺവീട്ടുകാരുടെ സ്വത്തുക്കളോട് അമിതമായ ആർത്തി കാണിച്ചു താലി ചാർത്തിയിട്ടു, പങ്കാളിയെ ക്രൂരമായി മാനസികവും ശാരീരികവുമായപീഡനങ്ങൾക്ക് ഇരയാക്കിയപ്പോഴും
ഇനിയും അവനോടൊത്ത് ജീവിക്കുവാൻ തനിക്ക് കഴിയില്ലായെന്നു സ്വന്തം വീട്ടു കാരോട് ആർജവത്തോടെ തുറന്ന് പറയുവാനും, മാറുന്ന കാലത്തോടൊപ്പം സഞ്ചരിക്കുവാൻ കഴിയാതെ പോയതുമാണ് “വിസ്മയ ;എന്ന ആ സ്ത്രീ ജീവിതം പാതി വഴിയിൽ എരിഞ്ഞുതീരുവാൻ കാരണമായത്.
വിവാഹം ചെയ്തയച്ച,ഭർത്താവുള്ള ഒരു പെൺകുട്ടി വീട്ടിൽ വന്നു നിന്നാൽ ഈ പൊതു സമൂഹം എന്തു ചിന്തിക്കും,പറയും എന്ന ആ വീട്ടു കാരുടെ ഭയം,.
തന്റെ മകളെ ഈ പൊതുസമൂഹം എങ്ങിനെ വിലയിരുത്തപ്പെടും എന്ന ഭയം,
അതു തന്റെ മറ്റു മക്കളുടെ വൈവാഹിക ജീവിതത്തെ ബാധിക്കുമെന്ന ആകുലചിന്തകൾ…
ധാരാളം സ്വത്തും പണവും നൽകി നല്ലൊരു ജോലിക്കാരനെ കണ്ടെത്തി വളരെ ആര്ഭാടത്തോട് കൂടി മകളെ വിവാഹം ചെയ്ത് അയച്ചിട്ടും അതൊരു ദുരന്ത പരാജയമായി മകൾ വീട്ടിൽ വന്നു നിൽക്കുമ്പോൾ തനിക്കും തന്റെ കുടുംബത്തിനും പൊതു സമൂഹത്തിൽ നിന്നും ഉണ്ടാക്കുന്ന വിലയിടിവുകൾ..
ഇത്തരം കാലഹരണപെട്ടുപോയ പൊതു ബോധത്തിന്റെ മിഥ്യാ ധാരണകളെയാണ് ചീഞ്ഞഴുകിയ വ്യവസ്ഥാപിത കാഴ്ച്ചപ്പാടുകൾ എന്നു ഞാൻ ആദ്യമേ വിശേഷിപ്പിച്ചത്. ഇത്തരം സംഭവങ്ങളുടെ ആവർത്തനങ്ങൾ ഉണ്ടാവാതിരിക്കുവാൻ ആദ്യമായി മാറേണ്ടത് നമ്മുടെ പൊതു സമൂഹത്തിന്റെ ഈ തെറ്റായ കാഴ്ച്ചപ്പാടുകൾ തന്നെയാണ്.
ഇവയെ ചുരുട്ടിക്കൂട്ടി വലിച്ചെറിയുവാൻ ആദ്യമായി മുൻപോട്ടു വരേണ്ടത് നമ്മുടെ സ്ത്രീ സമൂഹം തന്നെയാണ്.പിന്നെ പെണ്കുട്ടികളുള്ള മാതാപിതാക്കളും. നമ്മുടെ വനിതാ സംഘടനകളും വനിതകളായ സാംസ്കാരിക പ്രവർത്തകർക്കുക്കും ഇതൊന്നും കണ്ണിൽ പിടിക്കുകയില്ല. പലപ്പോഴും അവരുടെ പ്രവർത്തനങ്ങൾ മറ്റെന്തോ വെട്ടിപ്പിടിക്കുന്നതിനാണ് എന്നു തോന്നാറുണ്ട്. നമ്മുട ഫെമിസ്റ്റുകളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.
ഇണയെ മനസ്സിലാക്കാത്ത, താലി ചാർത്തിയ പങ്കാളിയെ, വികാര വിചാരങ്ങളില്ലാത്ത യന്ത്രങ്ങളെപ്പോലെ കാണുന്ന, കാൽച്ചുവട്ടിലിട്ടു ചവിട്ടി ഞെരിക്കുന്ന ആണത്വമില്ലാത്ത ഒരുവന്റെ കൂടെ ഇനി ജീവിതം പങ്കിടാൻ തനിക്കു കഴിയില്ലെന്ന് വീട്ടു കാരോട് ആർജവത്തോടെ തുറന്നു പറയുവാനുള്ള കരുത്ത് നമ്മുടെ പെൺകുട്ടികൾ ഇനിയും നേടേണ്ടിയിരിക്കുന്നു. സ്ത്രീധനമെന്ന കറുത്ത ഭൂതത്തെ കൂട്ടുപിടിച്ചു കണക്കു പറയുന്ന ഒരുവനെ തനിക്കുവേണ്ടായെന്നു പെണ്കുട്ടികളും തീരുമാനിക്കുവൻ മുന്നോട്ടു വരേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവളുടെ ജീവനെയും ജീവിതത്തെയും പ്രധാനമായിക്കണ്ട്,പൊതു സമൂഹത്തിന്റെ മിഥ്യാധാരണകളെ കൂട്ടുപിടിക്കാതെ അവളെ ഇരു കൈകളും നീട്ടി സ്വീകരിക്കുവാനുള്ള കടമ ജന്മം കൊടുത്ത മാതാപിതാക്കക്കും ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക.
ഇല്ലാത്ത സ്വത്തും പണവും ഉണ്ടാക്കി നാടുമുഴുവൻ അറിഞ്ഞു തന്റെ മകളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു കടമ തീർക്കുന്നതായിരിക്കരുത് ഒരു സ്ത്രീയുടെ വിവാഹമെന്ന കൂദാശഎന്നത് ഓരോ മാതാപിതാക്കളും മറക്കാതിരിക്കുക.
നിങ്ങളുടെ പണത്തിന്റെ കനംകാണിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ മകൾക്ക് വേണ്ടി മറ്റൊരുവന്റെ സ്നേഹ പിന്തുണ വിലയ്ക്ക് വാങ്ങിക്കുവാൻ കഴിയില്ല എന്ന കാര്യം പെണ്കുട്ടികളുടെ മാതാപിതാക്കൾ ഇനിയെന്നാണ് മനസ്സിലാക്കുക?!!… ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ കൂടെക്കരഞ്ഞുകൊണ്ടു പോസ്റ്റിടുന്ന എന്റെ സ്ത്രീ സൗഹൃദങ്ങളോട് പറയട്ടെ, കൂടെ കരയാതെ പൊതു സമൂഹത്തിന്റെ തെറ്റായ,ചീഞ്ഞളിഞ്ഞ മിഥ്യാ ധാരണകളെ, നിങ്ങളുടെ പല്ലും നാവും നഖവും ഉപയോഗിച്ച് വലിച്ചു കീറി ദൂരെ എറിയുക.കാരണം ഈ ലോകം നിങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്.
നിങ്ങളുടെ വ്യക്തിത്വങ്ങളെ സ്വയംതിരിച്ചറിഞ്ഞു കൊണ്ട്, ആരാന്റെ കൊടുവാളിനു മുൻപിൽ കഴുത്തു നീട്ടിക്കൊടുക്കുന്ന ബലിമൃഗങ്ങൾ ആവാതിരിക്കുക.
എം.തങ്കച്ചൻ ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *