ന്യൂഡൽഹി: ഉത്തർപ്രദേശിൽ 2022-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പിയുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അവകാശവാദം.
സംസ്ഥാനത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും പ്രിയങ്ക എന്നാവും അതിന്റെ പേരെന്നും ലല്ലു മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്കയുടെ മേൽനോട്ടത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്ന് ദശാബ്ദത്തിനുശേഷം സംസ്ഥാനത്ത് വൻ തിരിച്ചുവരവ് നടത്തും. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർഥി ആകുമോ എന്നകാര്യം പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കും. സംസ്ഥാനത്തെ ജനങ്ങളുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കാൻ പോകുന്നത്. അവരുടെ അനുഗ്രഹം തിരഞ്ഞെടുപ്പിൽ ഉണ്ടാകും എന്നകാര്യം ഉറപ്പാണ്. മറ്റെല്ലാ പാർട്ടികൾക്കും സംസ്ഥാനത്തെ ജനങ്ങൾ അവസരം നൽകി. എന്നാൽ, ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ അവർക്കൊന്നും കഴിഞ്ഞില്ല.
ഇനി കോൺഗ്രസിന്റെ ഊഴമാണ്. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഒരു ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകർ കേസുകൾ നേരിടുകയാണ്. തന്നെ 80 തവണയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 40 മുതൽ 50 വരെ കേസുകൾ തനിക്കെതിരെ എടുത്തു. പല തവണ ജയിലിൽ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സുപ്രധാന സഖ്യങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന അവകാശവാദവുമായി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയിട്ടുള്ളത്.
