അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചക്ക് ശേഷം ബാന്ദ്രയിലാണ് ചടങ്ങുകൾ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സുഹൃത്ത് ഫാ. ഫ്രേസറിന് വിട്ടുനൽകും. ഭീമ കൊറെഗാവ് കേസിൽ വിചാരണ തടവുകാരനായി തുടരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വേറെ വെച്ച് സ്റ്റാൻ സ്വാമി മരണത്തിന് കീഴടങ്ങിയത്. ജസ്യുട്ട് സഭയിലെ പുരോഹിതനായ സ്റ്റാൻ സ്വാമി കഴിഞ്ഞ 5 പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകനാണ്. പാർക്കിൻസൺ രോഗബാധിതനായിരുന്ന ഫാദറിന് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നായിരുന്നു മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചത്.