വാറ്റ് ചാരായത്തിനായി കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ ലോക്ഡൗൺ ലംഘനത്തിന് കേസ്. വീഡിയോ യഥാർഥമെന്ന് കരുതി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് യുവാക്കൾ പൊല്ലാപ്പിലായത്. യുട്യൂബ് ചാനലിന്റെ പ്രചരണത്തിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വയനാട്ടുകാരായ ഇവരുടെ വിശദീകരണം.

വ്യാജവാറ്റ് കേന്ദ്രത്തിലെത്തിയ ഏതാനും ചെറുപ്പക്കാർ വാറ്റുകാരോട് മദ്യം ആവശ്യപ്പെടുന്നു. കിട്ടാതെ വന്നതോടെ തർക്കം കൂട്ടത്തല്ലായി. ആരു കണ്ടാലും യഥാർഥമെന്ന് തോന്നുന്ന പൊരിഞ്ഞ തല്ല്. യഥാർഥമെന്ന് കരുതി നിരവധിയാളുകള്‍ വീഡിയോ പങ്കുവച്ചു.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം തുടങ്ങി. ഇതോടെയാണ് പുൽപള്ളി സ്വദേശികളായ എട്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. യുട്യൂബ് ചാനലിന് റീച്ച് കിട്ടാനായി ചെയ്ത വീഡിയോ പുലിവാലായതിന്റെ ആശങ്കയിലാണ് യുവാക്കൾ.

വീഡിയോ ഏതായാലും വൈറലായി. കാര്യം മനസിലായ പൊലീസ് കേസ് ലോക്ഡൗൺ ലംഘനത്തിന്റെ ഫൈനിലൊതുക്കി. കൂട്ടത്തല്ലിന്റെ മേക്കിങ് വീഡിയോ കൂടി പുറത്തിറക്കി നാട്ടുകാരെ നിജസ്ഥിതിയറിയിക്കാനുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാർ.

Leave a Reply

Your email address will not be published. Required fields are marked *