എന്താണെന്നറിയില്ല…
ഇപ്പോൾ…ചാറ്റൽമഴ
പെയ്യുമ്പോൾപോലും,
മരണഭയം പെരുകുന്നു!
എന്നാലും…
ഓരോ മഴത്തുള്ളിയിലും, അതിജീവനത്തിന്റെ പെരുമ്പറമുഴക്കമുണ്ടെന്ന്,
നീ പറയുന്നത്,
ഞാനേറ്റുപറയും!-
എന്റെ പിറന്നാൾദിന സന്ദേശം,
നിന്റെ ശബ്ദത്തിൽ,
ഞാൻ വീണ്ടുംവീണ്ടും കേട്ടു!

ചെഗുവേരയുടെ
രക്തസാക്ഷിദിനം
ആചരിക്കുംനേരം,
പെയ്ത മഴയിൽ,
വിരിഞ്ഞ മഴവില്ലിൽ,
ചുവപ്പുനിറം നിറഞ്ഞത്
ഞാൻ മാത്രം കണ്ടു!
ഓരോ മഴയും പെയ്യുന്നത്,
രക്തസാക്ഷികളെ
ഓർമ്മിപ്പിക്കാനാണെന്നും,
ഞാൻ ആവർത്തിക്കുന്നു!-
നിന്റേത്
പാഴ്വാക്കായിരുന്നില്ല!

കാശ്മീരിലും,ലക്ഷദ്വീപിലും,
പെയ്യുന്ന മഴയ്ക്ക്,
മൗനത്തിന്റെയും,
അമർഷത്തിന്റെയും,
ആലകളും,
കുമ്പസ്സാരക്കൂടുകളും,
ഒപ്പം പണിയാനാവും!-
ഞാൻ ഓർമ്മിപ്പിച്ചു…

കുറ്റബോധമുള്ളവരിൽ,
മഴയിലും…ഉള്ളുരുകും
ചൂടായിരിക്കുമെന്നും,
പെരുംമഴയത്തും അവർ,
വിയർക്കുമെന്നും,
ഞാൻ പ്രവചിക്കുന്നു!-
ഞാനാ വാക്കുകൾ
ഗൗരവത്തോടെ കാണുന്നു!

ഒരു രാഷ്ട്രീയ
സംവാദത്തിനുശേഷം,
‘നന്ദി’ പറയാനെത്തിയ
പെരുംമഴയത്ത്,
ഒരു കുടക്കീഴിൽ,
ആദ്യമായി നമ്മൾ
ചുംബിച്ചതിന്റെ ചൂട്,
ഇപ്പോഴും ചുണ്ടിലുണ്ട്!-
അന്നത്തെ നമ്മുടെ
പാതിരാപ്രണയസന്ദേശങ്ങൾ,
ഇപ്പോഴും മൊബൈലിൽ,
പ്രണയത്തിന്റെ ‘ഇമോജി’കളെ
തൊട്ടുരുമ്മി,ചേർന്നുകിടപ്പുണ്ട്!

പട്ടിണി കിടക്കുന്നവരുടെ
കരച്ചിലറിയാതിരിക്കാനുള്ള,
മഴയുടെ കളിവിരുതിൽ,
ലോകം മയങ്ങിവീണിരിക്കും!
അപ്പോൾ…
ചാപ്ലിന്റെ വാക്കുകൾ,
നമ്മൾ വീണ്ടുമോർക്കും:
“എനിക്ക് മഴയത്ത്
നിൽക്കാനാണിഷ്ടം…
കാരണം, എന്റെ കണ്ണീർ…
ആരും കാണില്ലല്ലോ!”

ഇതെല്ലാമോർത്തുകൊണ്ടാണ്,
കഴിഞ്ഞ പിറന്നാളിന്,
കടൽ കാണാൻപോയത്.
ചന്ദനക്കുറിയിട്ട,
എന്റെ പൂർവ്വകാമുകൻ,
അമേരിക്കൻ മദാമ്മയുടെകൂടെ,
തിരകളിൽ കെട്ടിമറിയുന്നതുകണ്ട്,
ഞാൻ…
അസ്തമയ സൂര്യനിലേക്ക്
വെറുപ്പോടെ…മുഖം തിരിച്ചു!
ആ ചതിയൻ,
മദാമ്മക്കൊപ്പം
സെൽഫിയെടുക്കുമ്പോൾ,
എന്നെ നോക്കി
പൊട്ടിച്ചിരിച്ചു!
പെട്ടെന്ന്…
ആർത്തലച്ചു വന്ന
മഴയ്ക്ക്, ഒരു ജാരന്റെ
നിറവും, മണവും,
മനസ്സിലിരിപ്പുമുണ്ടായിരുന്നു!

വർഗ്ഗീയ
കൊലപാതകക്കേസിൽ,
നിരപരാധിത്വം
തെളിയിക്കാനാവാതെ,
ഏകാന്തത്തടവിൽ
നീ ആറുവർഷം!…
കഴിഞ്ഞയാഴ്ച്ച,
പരോളിനിറങ്ങുംമുൻപ്
നീയെഴുതി:
ജയിലിൽ കിടക്കുന്നവർക്ക്,
എളുപ്പം…മഴയുടെ
ദുഃഖരാഗമാസ്വദിക്കാം…
അതിന്റെ വിലാപസ്വരത്തിൽ,
പരോൾ ദിവസം
അടുത്തുവരുന്നതിനെക്കുറിച്ച്
ഓർത്തുകൊണ്ടേയിരിക്കാം!

സുഹൃത്തേ,ഞാനിപ്പോൾ…
‘ക്വാറന്റൈൻ’ തടവിൽ!…
അവസാന മണിക്കൂറുകൾ…
എണ്ണിത്തീർക്കുന്നു…
അഭയാർത്ഥിക്ക്യാമ്പിലെ
മഴയ്ക്ക്,
യുദ്ധവെറിയുടെ അട്ടഹാസം!
എന്റെ ഗ്രാമത്തിലെ
ആശ്വാസമഴ…
യുദ്ധതാണ്ഡവം നടന്ന,
അന്യദേശത്തെത്തുമ്പോൾ, രക്തമഴ!-
ഞാൻ ഡയറിയിലെഴുതി…

അപ്രതീക്ഷിതമായി,
ഇന്നലെ നല്ല വെയിലായിരുന്നു!
അപ്പോഴും…
ഏതോ രക്തസാക്ഷിയുടെ,
അവസാന
നിലവിളിയെക്കുറിച്ചാണ്,
വെയിൽ സംസാരിച്ചത്!-
കഴിഞ്ഞ വർഷത്തെ,
നിന്റെ മെയ്ദിന സന്ദേശം…

ആകാശത്ത് മഴക്കാർ
ഉരുണ്ടുകൂടിയിരുന്നു!
ഭൂമിയിൽ ഇനിയുള്ളകാലം,
കവികളെ പ്രചോദിപ്പിക്കുന്ന,
മഴയ്ക്കുള്ള സാധ്യത,
കുറഞ്ഞുകൊണ്ടേയിരിക്കും!-
എന്റെ നെടുവീർപ്പുകൾ,
ഞാനറിയാതെ,
വാക്കുകളായി മാറിയിരുന്നു!

ദു:സ്വപ്നത്തിലെ
രക്തമഴയെക്കുറിച്ച്,
ഇന്നത്തെ മദ്യപാന സദസ്സിൽ,
ഒരു കവിത ചൊല്ലണം…
വീഞ്ഞു നുണയുമ്പോൾ,
നിരപരാധിയുടെ
രക്തം നുണയുകയാണെന്ന്,
ഒരു നിമിഷ,മുണർത്താനായാൽ,
കവിയെന്ന നിലയ്ക്ക്,
എനിക്കഭിമാനിക്കാമല്ലോ!-
മൂന്നുദിവസം മുൻപ്,
പരോളിനിറങ്ങിയ ദിവസം,
നീയെഴുതിയതിങ്ങനെ…

മഴനൂൽവലയിൽ കുടുങ്ങിയ,
ചെറുകീടങ്ങൾ…
ആനന്ദനൃത്തം
ചവിട്ടുന്നതു കണ്ടിരിക്കാൻ,
എന്തൊരു രസം!

തരിശ്ശിൽ വീണ വിത്തുകൾ,
പൊടിമഴയിൽ കോരിത്തരിച്ചത്,
ആദ്യം കണ്ടതോ…തുമ്പികൾ!
പതിയെ വിലസും
മഴത്തുള്ളികൾക്കൊപ്പം,
പാറിപ്പറക്കും ചിത്രശലഭങ്ങൾ!
നിന്റെ പ്രണയകവിതകളെ
പ്രണയിക്കുന്ന,
മഴയുടെ വരവിനായ്,
ഞാൻ കാതോർത്തിരിക്കും!-
നീ,
കഴിഞ്ഞ വാലൻന്റൈൻദിനം, പ്രതീക്ഷയോടെ കുറിച്ചിട്ടത്,
ഇപ്പോഴുമെന്റെ മുൻപിലുണ്ട്!

ഈസ്റ്ററിന്,
അവസാന
അത്താഴമൊരുക്കിയ,
മദ്യപാന സദസ്സിൽ,
ആരായിരിക്കാം,
നിന്നെ ഒറ്റിയത്?
നിന്റെ ശരീരം…
ഹൈവേയിൽ…
കീറിമുറിക്കപ്പെട്ട…
മഹത്തായ…
കവിതാബിംബംപോലെ!
ഒരിക്കലും…
ഉയിർപ്പില്ലാതെ!…
എഫ്.ഐ.ആറിൽ…
വെറും വാഹനാപകടം!

മഴത്തുള്ളികൾ,
പിഞ്ചുകുഞ്ഞുങ്ങളുടെ
നിഷ്‌ക്കളങ്കമായ
കണ്ണുകൾക്കുമുൻപിൽ,
സ്വപ്‍നമാലകൾ
കോർക്കുന്നിടത്തോളംകാലം,
ആർക്കും നിരാശപ്പെടേണ്ടിവരില്ല!
എല്ലാ മഴക്കാറുകളും,
പ്രതീക്ഷയുടേതാണെന്ന്,
ഏതു രക്തമഴയിലും…
നമ്മളാവർത്തിക്കണം!-
മഴയിൽ കുതിർന്ന
അവസാന വാക്കുകൾ,
ഞാൻ…
നിന്റെ പോക്കറ്റിൽനിന്നും കണ്ടെടുത്തത്…
ആവർത്തിച്ചുകൊണ്ടേയിരിക്കും!

നിന്റെ
ബലികുടീരത്തിൽനിന്നും,
വിവാഹമോചനം നേടിയ
നിന്റെ ഭാര്യക്കു പുറകെ,
അവസാനം
പൂക്കളർപ്പിച്ചു മടങ്ങിയത്,
ഞാനാണെന്ന്,
അപ്പോൾ പെയ്ത
മഴയ്ക്കു മാത്രമറിയാം!
അപ്പോഴും,
നിന്റെ ഉറ്റചങ്ങാതിയായിരുന്ന,
അളിയന്റെ അഭാവം,
ഞാൻ മാത്രം ശ്രദ്ധിച്ചു!

നിന്റെ കൊലപാതകത്തിൽ,
മഴയുടെ ദൃക്സാക്ഷിത്വം
വിളിച്ചറിയിക്കാനാണ്…
അസമയത്തും,അകാലത്തിലും,
തോരാമഴ തുടരുന്നതെന്ന്,
‘രക്തമഴ’യെക്കുറിച്ചോർക്കാത്ത,
എത്ര പ്രണയജോഡികൾക്കറിയാം?

ആരാലും ശ്രദ്ധിക്കപ്പെടാത്ത
മഴത്തുള്ളികൾ…
വിത്തുകളിലഭയം തേടും…
സഹൃദയർ മറന്ന കവിതകൾ…
കാലത്തിലും!-
പിറന്നാൾ സമ്മാനമായി,
നീ തന്ന ഡയറിയിൽ,
നെടുവീർപ്പുയർത്താതെ,
എനിക്കാദ്യമായി
കുറിച്ചിടാൻ കഴിഞ്ഞു!
രക്തമഴ തുടരുംനേരം…
💓✍️💓

Leave a Reply

Your email address will not be published. Required fields are marked *