പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

ഗര്‍ഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്നങ്ങളിലെത്തിക്കും. എന്‍സിഡിസി ഡല്‍ഹി, എന്‍ഐവി പുണെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്.

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ ഉള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.

Leave a Reply

Your email address will not be published. Required fields are marked *