ന്യൂഡൽഹി : രാജ്യത്തെ ആരോഗ്യ കാർഷിക മേഖലകളിൽ കൂടുതൽ വികസനം കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. നരേന്ദ്ര മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാൻ 23,123 കോടിയുടെ അടിയന്തിര പാക്കേജ് അനുവദിക്കും. രണ്ടാം തരംഗത്തിന്റെ ആദ്യപാദത്തിൽ രാജ്യം വെല്ലുവിളികൾ നേരിട്ടിരുന്നു. അതിനാലാണ് കൊറോണ പ്രതിരോധത്തിനായി കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കും. ഇതിൽ 15000 കോടി രൂപ കേന്ദ്ര സർക്കാരും 8000 കോടി രൂപ സംസ്ഥാന സർക്കാരുകളും നൽകണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകാനും ഇന്ന് ചേർന്ന് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആത്മനിർഭർ ഭാരതിന് കീഴിൽ കർഷകരുടെ അടിസ്ഥാനസൗകര്യ ഫണ്ടിലേയ്ക്ക് അനുവദിച്ച ഒരു ലക്ഷം കോടി രൂപ കാർഷിക ഉത്പന്ന വിപണന സമിതി(എപിഎംസി)കൾക്ക് ഉപയോഗിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. നാളികേര വികസന ബോർഡ് പുനഃസംഘടിപ്പിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോർഡ് അദ്ധ്യക്ഷൻ മറിച്ച് തെങ്ങ് കൃഷിയെക്കുറിച്ച് ധാരണയുള്ളയാളാകും എന്നും അദ്ദേഹം വ്യക്തമാക്കി.