ഇന്ദിര വ്ലാവിൽ

ലേഖനം

ക്ലാസിക്കുകളിലൂടെ ..
—————————-
കാലദേശങ്ങളുടെ പരിമിതികളെ മറികടന്ന് നിത്യനൂതനമായി നിലകൊള്ളുന്ന അപൂർവ്വം ചില സാഹിത്യകൃതികളെ ക്ലാസിക്കുകൾ എന്നു വിശേഷിപ്പിക്കുന്നു .
പ്രകൃതിയുടെ സ്വഭാവമാണ് നിത്യനൂതനത്വം .ഒരു സൂര്യോദയവും ആവർത്തനമായി തോന്നുകയില്ല .നിലാവോ ,ആകാശമോ ,വൃക്ഷമോ ,സമുദ്രമോ ,മഴയോ ,പക്ഷിയോ ഒന്നും ആവർത്തനമല്ല .ഒരു പ്രകൃതി പ്രതിഭാസവും ആവർത്തന വിരസമല്ല .
മഹത്തായ സാഹിത്യകൃതികളിൽ ജ്വലിച്ചു നിൽക്കുന്ന ചില വരികൾ നമ്മുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നാം ശ്മശാനത്തിൽ അന്ത്യദാഹത്തിനായി പേടകത്തിൽ കിടക്കുമ്പോഴും നമ്മുടെയുള്ളിൽ വേദനയുണ്ടാക്കി നിൽക്കും .
രാമായണത്തിലും ,മഹാഭാരതത്തിലുമൊക്കെ അത്തരത്തിലൊരുപാട് ഭാഗങ്ങളുണ്ട് .
ലോകത്ത് ഉച്ചകോടി സമ്മേളനങ്ങൾ ഉണ്ടാവുമ്പോൾ ഏഷ്യൻ രാജ്യങ്ങൾ പിന്നിലാണെങ്കിലും ക്ലാസ്സിക്‌ കൃതികളുടെ ഈ ഉച്ചകോടിയിൽ ഏഷ്യയാണ് മുന്നിൽ നിൽക്കുന്നത് .
കാലങ്ങളെയും ഹൃദയങ്ങളെയും അടുപ്പിക്കുന്ന പാലമാണ് സാഹിത്യം .
വാല്മീകി ,വ്യാസൻ ,ഹോമർ ,സോഫാക്‌ളീസ്‌ ,കാളിദാസൻ ,ഷേക്സ്പിയർ ,ദെസ് തോവ്സ്കി ,കസാൻദ് സാക്കിസ് ,പാബ്ലോനെരൂദ ,കാന്റോജനറലിലെ മികച്ച കവിതകൾ ലാറ്റിനമേരിക്കയുടെയും പീഡിത ലോകത്തിന്റെയും മൃത്യുജയ മന്ത്രങ്ങളാണ് .മനുഷ്യന്റെ പതനവും ഉയിർത്തെഴുന്നേൽപ്പുമാണ് അവയുടെ പ്രമേയം .കാന്റോ ജനറൽ നെരൂദയുടെ ആത്മകഥയാണ് .നെരൂദയുടെ ചരിത്രവും ലാറ്റിനമേരിക്കയുടെ ചരിത്രവും മനുഷ്യചരിത്രവും കൂടിയാണത് .
ദെസ്തയോവ്സ്ക്കിയുടെ നോവലുകൾ ഉറക്കം വരുന്നതുവരെ വായിക്കാനുള്ളതല്ല .ഒരിക്കലും ഉറക്കം വരാത്ത രാത്രികളിലേക്ക് ഉന്തിപ്പറഞ്ഞയക്കുന്ന താണ് ദെസ്തയോവ് സ്കിയുടെ നോവലുകൾ .നമ്മുടെ മനസ്സ് നീചത്വത്തിലേക്ക് താഴുമ്പോൾ എടുത്തു വായിക്കേണ്ട വേദപുസ്തകമാണിത് .ആ വായനയിൽ നമ്മുടെ മരിച്ച ഭാഗങ്ങളെല്ലാം ഉയിർക്കും .
ശാകുന്തളം –ഭ്രമര സ്വാഭാവിയായ അസ്‌ഥിരനായ ദുഷന്തനിലൂടെ കുടുംബജീവിതത്തിന് പ്രതിഷ്‌ഠ നൽകുകയാണ് കാളിദാസൻ .
കസാൻദ് സാക്കിസിന്റെ ആത്മകഥ –റിപ്പോർട്ട് ടു ഗ്രീക്കോയിൽ —
മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിലേക്ക് രണ്ടു വഴികൾ ഉണ്ടെന്ന് ഫ്രാൻസിസിനോടൊപ്പം ദീർഘമായ യാത്രയ്ക്കൊടുവിൽ സന്തത സഹചാരിയായ ലിയോ സംഗ്രഹിക്കുന്നുണ്ട് .
ആദ്യത്തേത് –ഏതാണ്ട് എല്ലാ മനുഷ്യരുടെയും വഴി വിവാഹം കഴിച്ച് മക്കൾക്ക് ജന്മം കൊടുത്ത് എന്നും കുളിച്ചൊരുങ്ങി ,വിരുന്നും ,ഭക്ഷിച്ചും ,വീഞ്ഞ് കുടിച്ചും ദൈവത്തെ തിരയുന്നവരുടെ മാർഗ്ഗം .
രണ്ടാമത്തേത് —പിന്നിയ വസ്ത്രങ്ങളും നിരന്തരമായ പട്ടിണി കൊണ്ട് എല്ലും തോലുമായി ദൈവത്തെ തേടുന്നവരുടെ വഴി .
രണ്ടാമത്തെ വഴിയായിരുന്നു ഫ്രാൻസീസിന്റേത് .
ജീവിതത്തിലെപ്പോഴും പിച്ചക്കാരോടൊപ്പമായിരുന്നു ലിയോ .എന്നാൽ ഫ്രാൻസീസിന്റേതു പോലെ നടന്നു തളർന്നു തളർന്ന ദുർബലമായ പാദങ്ങൾ വേറെ കണ്ടിട്ടില്ലായെന്ന് ലിയോ കൂട്ടിചേർക്കുന്നുണ്ട് .
ഒരു പുസ്തകം എങ്ങനെയാണ് നിലനിൽക്കേണ്ടത് എന്നറിയാനായി മൂന്ന് ഏകകങ്ങൾ ഉണ്ട് .
*പുസ്തകം വായിച്ചു കഴിയുമ്പോൾ ഒരു മാത്രയെങ്കിലും മിഴിപൂട്ടിയിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒന്നതിലുണ്ടായിരിക്കണം .

*ഒരു പുസ്തകം നിങ്ങളിൽ സ്നേഹത്തിന്റെ ചില അനുരണങ്ങൾ ഉയർത്തുന്നുണ്ടോ എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ് .മഴ പെയ്യുമ്പോൾ തണുപ്പെന്നപോലെ സ്വാഭാവികമായി സംഭവിക്കേണ്ടതാണ് .മിഴികളിലെ നനവ് ആരും കാണുന്നില്ലായെന്ന് നിങ്ങൾ ഉറപ്പു വരുത്തുന്നതും സജലമിഴികളോടെ ലോകത്തെ നോക്കുമ്പോൾ അതു കുറെക്കൂടി പ്രസാദമുള്ളതായി നിങ്ങൾക്കനുഭവപ്പെടും .

*മൂന്നാമത്തെ ഒരു പ്രതലം കുറെക്കൂടി സ്ട്രഗിൾ ചെയ്യാനുള്ള പ്രേരണ ഒരു പുസ്തകം തരുന്നുണ്ടോയെന്നതാണ് .
ഇക്കാലത്തു സ്ഥാവരങ്ങളെ നാം മറന്നുകൊണ്ടിരിക്കുകയാണ് .പെട്ടെന്ന് പ്രയോജനം കിട്ടുന്ന കാര്യങ്ങളിലെ നമുക്ക് ശ്രദ്ധയുള്ളൂ .നാളെ ഫലം കിട്ടുന്നതേ ഞാൻ നടൂ .ഒരു മാവോ ,തേക്കോ നടാൻ താല്പര്യമില്ല .
ഇത്തരമൊരു സ്ഥാവ ര സങ്കല്പം പ്രയോജനപരതയിൽ നഷ്ടപ്പെടുന്നതു കൊണ്ടാണ് ഈ തലമുറ ക്ലാസ്സിക്കുകളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നത് .
നമ്മൾ ഒരു കൃതി വായിക്കുമ്പോൾ ഒരു തരം ഉന്മാദം തന്നെയാണ് .ആസ്വാദനം അതൊരു ലഹരിയാണ് .ആനന്ദ ലഹരി എന്നൊക്കെ പറയുമ്പോൾ ലഹരിക്ക് തരംഗം എന്നാണർത്ഥം .
🔅🔅🔅🔅🔅🔅

Leave a Reply

Your email address will not be published. Required fields are marked *