കാവ്യാരാമം സാഹിത്യവേദി നടത്തിയ 7/10/2018ലെ കവിയരങ്ങിനെ സംബന്ധിച്ച വാർത്ത പത്രത്തിൽനിന്ന് വായിച്ചറിഞ്ഞ് ആദരണീയനായ അനിയൻ മാരാംപറമ്പിൽ സാർ എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം കവിയരങ്ങിൽ സംബന്ധിച്ചു. അന്ന് അദ്ദേഹം ഞങ്ങൾക്കു സമ്മാനിച്ച വിലപ്പെട്ട മഹാകാവ്യമാണ് മഹാകവി കെ.വി. സൈമണിന്റെ ‘വേദവിഹാരം’ മഹാകവികളായ ഉള്ളൂർ, വള്ളത്തോൾ എന്നിവരും സാഹിത്യ പഞ്ചാനൻ പി.കെ. നാരായണപിള്ള,
പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, പണ്ഡിത രാജൻ ബ്രഹ്മശ്രീ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ,
ഐ.സി.ചാക്കോ
തുടങ്ങിയ പ്രഗത്ഭമതികളായ മഹാരഥന്മാരെല്ലാം ഇതിന്റെ 1931-ൽ ഇറങ്ങിയ ആദ്യപതിപ്പിൽ അവതാരിക തുടങ്ങി അഭിപ്രായങ്ങൾ ഒക്കെ എഴുതിയിട്ടുണ്ടു്.
1954, 1977, 1989, 2009 എന്നീ വർഷങ്ങളിൽ പുസ്തകത്തിന്റെ പതിപ്പുകൾ ഇറങ്ങിയിട്ടുണ്ടു്. ബഹു. അനിയൻ മാരാംപറമ്പിൽ അദ്ദേഹത്തിന്റെ അനാരോഗ്യം വകവയ്ക്കാതെ മുന്നിട്ടിറങ്ങി 2016-ൽ ഇറക്കിയ പതിപ്പിന്റെ ഒരു കോപ്പിയാണ് അദ്ദേഹം ആ കവിയരങ്ങു മീറ്റിംഗിൽ ഞങ്ങൾക്ക് (എനിക്കും എന്റെ ഭർത്താവ് എബി പാലാത്രയ്ക്കും) സമ്മാനിച്ചത്. പുസ്തക വില രൂ. 300/- അദ്ദേഹത്തിന് ഞങ്ങളുടെ ദു:ഖത്തിന്റെ കതിരുകൾ, ജോർദ്ദാൻ മുതൽ ഈജിപ്ത് വരെ, ബലിയാടുകൾ എന്നീ പുസ്തകങ്ങൾ നല്കി ഞങ്ങളും അദ്ദേഹത്തെ അന്ന് ആദരിച്ചു.
1883-ൽ പത്തനംതിട്ട ജില്ലയിൽ, ഇടയാറന്മുളയിൽ കുന്നും പുറത്തു തറവാട്ടിൽ അദ്ദേഹം പിറന്നു. സാഹിത്യാഭിരുചിയുള്ള മാതാപിതാക്കളുടെ പരിപാലനവും, ജ്യേഷ്ഠസഹോദരനും ഗുരുവുമായിരുന്ന, സംസ്കൃതത്തിലും സാഹിത്യത്തിലും അവഗാഹപാണ്ഡിത്യം നേടിയ കെ.വി. ചെറിയാന്റെ ശിക്ഷണവും നിമിത്തം കേവലം എട്ടുവയസ്സുള്ളപ്പോൾ
ത്തന്നെ വളരെ പ്രയാസകരമായ സമസ്യകൾ താൻ അയത്നലളിതമായി പൂരിപ്പിക്കു
മായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം
തറവാട്ടിലെ സ്വന്തം സ്കൂളിൽ നിന്നാണ് കൊച്ചുശീമോന് സിദ്ധിച്ചത്.
ഇടയാറന്മുള എം.ടി. സ്കൂളിലെ അധ്യാപകനായി ജീവിതവൃത്തി ആരംഭിച്ച അദ്ദേഹം സുവിശേഷ പ്രചരണത്തിൽ സജീവമാകുന്നതിനുവേണ്ടി തന്റെ 21 വർഷത്തെ അധ്യാപന ജീവിതം പരിത്യജിച്ചു. അധ്യാപകർക്ക് അംഗീകൃത യോഗ്യത നേടുന്നതിനുള്ള റെക്കഗ്നീഷ്യൻ പരീക്ഷയിൽ അദ്ദേഹം ഒന്നാം റാങ്ക് നേടിയിരുന്നു. ധാരാളം പേരെ ഉന്നതപരീക്ഷകൾക്ക് പരിശീലിപ്പിച്ച് അവർക്ക് വിജയം നേടിക്കൊടുത്തു.
സ്വപ്രയത്നം കൊണ്ടു് സംസ്കൃതത്തിനു പുറമെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ഉർദ്ദു, തെലുങ്ക്, കന്നട, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു, സുറിയാനി എന്നീ ഭാഷകളിൽ കൂടി അദ്ദേഹം പ്രാവീണ്യം നേടി. ഈ ഭാഷകളിലെ നല്ല പുസ്തകങ്ങ
ളെല്ലാം വായിച്ചുഗ്രഹിച്ചു. ക്രിസ്തുമത വേദശാസ്ത്രത്തിൽ അപാരനൈപുണ്യം കൈവരിച്ചതുപോലെതന്നെ ഭാരതീയ ഇതിഹാസങ്ങളായ ഭഗവത് ഗീത, ഋഗ്വേദം, ഉപനിഷത്തുക്കൾ ശാസ്ത്രങ്ങൾ എന്നിവ വായിച്ചുറപ്പിക്കുന്നതിനായി നീണ്ട പതിനാറു വർഷങ്ങൾ അദ്ദേഹമെടുത്തു. ശാസ്ത്രീയ സംഗീതമഭ്യസിച്ച അദ്ദേഹം ശ്രുതിമധുരമായി ഗാനങ്ങൾ ആലപിച്ചിരുന്നു.
പന്ത്രണ്ടാമത്തെ വയസ്സിൽ അദ്ദേഹം യേശുക്രിസ്തുവിനെ തന്റെ രക്ഷകനും ഗുരുവും ദൈവവുമായി അംഗീകരിച്ച് ഒരുത്തമ ക്രിസ്ത്യാനിയായി സമർപ്പിത ജീവിതം തുടങ്ങിയിരുന്നു. 19-ാം വയസ്സിൽ വിശ്വാസസ്നാനം സ്വീകരിച്ച് ഒരു ഏകാന്തപഥികനെപ്പോലെ തന്റെ ജീവിതത്തിന്റെ കനൽപാതയിലൂടെ ദുർഘട പാതകളെ പിന്നിട്ടു. തന്റെ ജീവിതത്തിലെ ഈ ദുരനുഭവങ്ങളും, ദു:ഖങ്ങളും വേദവിഹാരത്തിലെ ആഹാരദുർഭിക്ഷം, യോസഫിന്റെ കാരാഗൃഹവാസം തുടങ്ങിയിടത്ത് കാണാം. അദ്ദേഹം ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളുടെ അന്തിമലക്ഷ്യം അന്ധതമസ്സിന്റെ ആഴങ്ങളിൽ കിടന്ന ജനത്തെ പ്രകാശപ്പരപ്പിലേക്കു കൊണ്ടുവരിക എന്നതായിരുന്നു.
കുറെക്കാലം അദ്ദേഹം ‘വിയോജിതൻ’ എന്ന മാസിക നടത്തിയിരുന്നുവെങ്കിലും സാമ്പത്തികക്ലേശം മൂലം മാസിക മുടങ്ങിപ്പോയി. വാഹന സൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് കൂടുതൽ യോഗങ്ങൾക്കും പോയിരുന്നത് കാൽനടയായിട്ടാണ്. കുമാരനാശാന് മുങ്ങി മരണം സംഭവിച്ച പന്നഗത്തെ റഡീമർ ബോട്ടപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടത് അന്ന് ആശാനോടൊപ്പം പങ്കെടുക്കേണ്ട കവിസദസ്സിലെ മീറ്റിംഗിനായി അദ്ദേഹം തയ്യാറാക്കി വച്ച ചില കുറിപ്പുകളും പുസ്തകങ്ങളും മറന്നുവച്ചത് തിരിച്ചെടുക്കാൻ പോയതിനാലാണ് എന്ന് കേട്ടിട്ടുണ്ട്.
യാതൊരു കുറിപ്പുകളുമില്ലാതെ അദ്ദേഹം നാലുമണികൂറിലധികം നീണ്ട ഒരു പ്രസംഗം മൈലപ്രയിൽവച്ച് നടത്തുകയുണ്ടായി. എതിരാളികളുടെ വാദമുഖങ്ങളെ അടർത്തിമാറ്റി ഒരു മഹാപ്രവാഹംപോലെയായിരുന്നുവത്രെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ.
സാഹിത്യസപര്യയിലും സുവിശേഷത്തിലും ബദ്ധശ്രദ്ധനായി വിശ്രമരഹിതനായി ഓടിനടന്ന അദ്ദേഹം 57-ാം വയസ്സിൽ കടുത്ത വാതരോഗത്തിന്റെ പിടിയിലമർന്നതിനാൽ 4 വർഷം രോഗാതുരനായിക്കഴിഞ്ഞു. 1944-ൽ തന്റെ 61- മത്തെ വയസ്സിൽ
“ശീമോനെ പൊയ്ക്കൊൾക” എന്ന അരുമനാഥന്റെ മൊഴി കേട്ട് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അത് മലയാള സാഹിത്യത്തിനും ക്രൈസ്തവ കൈരളിയ്ക്കും ഒരു തീരാനഷ്ടം വരുത്തി.
മഹാകവിയുടെ സാഹിത്യ സൃഷ്ടികൾ:
മഹാകവി കെ.വി. സൈമണിന്റെ സാഹിത്യ കൃതികളെ ഖണ്ഡനം, ചരിത്രം, വ്യാഖ്യാനം, ഭക്തിഗാനം, കവിത എന്നിങ്ങനെ അഞ്ചു ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഖണ്ഡന കൃതികൾ:
1. ശിശുസ്നാനകുഠാരം
2. ക്രൈസ്തവ
സ്നാനപ്രസാദിനി
3. ക്രിസ്തീയ സഭാ
സുബോധിനി
4. സമ്മാർജ്ജിനി
5. പാഷാണ്ഡമത മർദ്ദനം
6. മറുഭാഷാ നികഷം
7. സത്യവേദ മുകരം
8. ശബത്താചാരത്തിന്റെ
പാഷാണ്ഡത
9. നിക്കോലാവ്യമതം
( പട്ടം)
10. ത്രിത്വ പ്രബോധിക
11. ക്രൂശിൽ മരിച്ച
ക്രിസ്തു
12. സത്യ പ്രകാശിനി
II ചരിത്ര ഗ്രന്ഥങ്ങൾ:
1. ക്രൈസ്തവ സഭാ
ചരിത്രം.
2. വേർപാടു സഭകളുടെ
ചരിത്രം
III വ്യാഖ്യാന ഗ്രന്ഥങ്ങൾ:
1. സമാഗമനകൂടാരം
2. വെളിപ്പാടുപുസ്തക
വ്യാഖ്യാനം
3. ഉത്തമഗീത വ്യാഖ്യാനം
IV ഭക്തിഗാനങ്ങൾ:
1. സംഗീത ശതകം,
2. ശതകാനുയായി
3. ധ്യാന പ്രസൂനം
4. ഗാനചന്ദ്രിക
5. സംഗീതരത്നാവലി
V കവിത:
1. നിശാകാലം
2. നല്ല ശമരിയൻ
3. വേദവിഹാരം
4. ഉത്തമഗീതം
(സംസ്കൃതഭാഷ്യം )
ഇതു കൂടാതെ ഒട്ടനവധി കുറിപ്പുകളും, ചെറു കവിതകളും നാലു സുവിശേഷങ്ങളെ ആധാരമാക്കി ഉദ്ദേശം ആയിരം വരികളുള്ള ഒരു കാവ്യം, ആത്മകഥ ഇവയുടെ കയ്യെഴുത്തുപ്രതികൾ എന്നിവ നഷ്ടപ്പെട്ടിട്ടുള്ളതായും അറിയുന്നു.
കാവ്യകൈരളിയുടെ ഉത്തമ പുത്രനായ മഹാകവി കെ.വി. സൈമണിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.
ശ്രേഷ്ഠനായ ഗുരുവേ
നമ:

Leave a Reply

Your email address will not be published. Required fields are marked *