ന്യൂയോർക്ക് ∙ ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും തട്ടകമായിരുന്ന ബഹിരാകാശ രംഗം പൊതുജനങ്ങൾക്കായി തുറക്കുന്നെന്ന സന്ദേശവുമായി വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശയാത്ര. വെർജിൻ ഗലാക്റ്റിക് കമ്പനി മേധാവിയും ശതകോടീശ്വരനുമായ സർ റിച്ചഡ് ബ്രാൻസൻ (70) നയിച്ച ആറംഗ യാത്രാസംഘം ഒരു മണിക്കൂർ കൊണ്ടു യാത്ര പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. യുഎസിലെ ന്യൂമെക്സിക്കോ സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.10ന് പറന്നുയർന്ന സംഘം 88 കിലോമീറ്റർ മുകളിൽ ബഹിരാകാശം തൊട്ടു. ബഹിരാകാശത്തേക്ക് അധികദൂരം ഉയരാതെ സബ് ഓർബിറ്റൽ രീതിയിലുള്ള പറക്കലായിരുന്നു ഇത്.
ഇടിമിന്നലും മഴയും കാരണം നേരത്തേ നിശ്ചയിച്ചതിൽനിന്ന് ഒന്നരമണിക്കൂർ വൈകിയായിരുന്നു വിക്ഷേപണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച വെർജിൻ ഗലാക്റ്റിക് ഉന്നത ഉദ്യോഗസ്ഥ ശിരിഷ ബാൻഡ്‌ലയും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഇതോടെ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജയായി മാറി ശിരിഷ.

വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിലായിരുന്നു യാത്ര. ഡേവിഡ് മക്ക്കേ, മൈക്കൽ മാസുച്യി എന്നീ രണ്ടു പൈലറ്റുമാർ ക്യാബിനിലും ബ്രാൻസൻ, ശിരിഷ, ബെഥ് മോസസ്, കോളിൻ ബെന്നറ്റ് എന്നീ 4 യാത്രക്കാർ പിന്നിലെ അറയിലും. 50,000 അടി ഉയരം വരെ വൈറ്റ്നൈറ്റ് (ഈവ്) എന്ന മാതൃപേടക വിമാനമാണ് വിഎസ്എസ് യൂണിറ്റിയെ വഹിച്ചത്. പിന്നീട് യൂണിറ്റി ഇതിൽ നിന്നു വിട്ടുമാറി ബഹിരാകാശത്തേക്കു കുതിച്ചു. തുടർന്ന് മിനിറ്റുകൾ നീണ്ട പറക്കലിനു ശേഷം ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറക്കം നടത്തി സ്പേസ്പോർട്ടിലെ റൺവേയിൽ 9.12നു തൊട്ടു. ബഹിരാകാശ ടൂറിസം രംഗത്തെ ആദ്യ പറക്കലല്ലെങ്കിലും ഭാവിയിൽ ഈ മേഖലയ്ക്കു വൻ കുതിപ്പുനൽകാൻ പോകുന്ന കിടമത്സരങ്ങളുടെ തുടക്കമായിട്ടാണ് ബ്രാൻസന്റെ യാത്രാവിജയം കണക്കാക്കപ്പെടുന്നത്.
ഗവേഷണം നടത്തി ശിരിഷ
യാത്രാസംഘത്തിലെ ഇന്ത്യക്കാരിയും വെർജിൻ ഗലാക്റ്റിക്കിന്റെ ഗവൺമെന്റ് അഫയേഴ്സ് മേധാവിയുമായ ശിരിഷ ബാൻഡ്‌ല ഇന്നലെ യൂണിറ്റിക്കുള്ളിൽ ശാസ്ത്രപരീക്ഷണം നടത്തി. ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകർക്കു വേണ്ടി നടത്തിയ പരീക്ഷണങ്ങളിൽ ബഹിരാകാശത്ത് സസ്യങ്ങളുടെ രാസ, ജൈവ മാറ്റങ്ങളുടെ ഗവേഷണമാണു നടത്തിയത്.
English Summary: Virgin Galactic space flight mission