ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എ എം ആരിഫ് എംപിയുടെ കത്ത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ വലിയൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ആരിഫ് കത്തില്‍ ആവശ്യപ്പെടുന്നത്.

”ദീര്‍ഘനാളായി കടകള്‍ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാല്‍ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം.” – മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, കടകള്‍ തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയതെന്നുമാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും വ്യാപാരികളുടെ വികാരം മനസ്സിലാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി, മറ്റൊരു രീതിയില്‍ തുടങ്ങിയാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുന്നറിയിപ്പ് നൽകി.

അശാസ്ത്രീയമായി കടകള്‍ അടയ്ക്കാനുള്ള തീരുമാനം അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

”കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.”- ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞ വെല്ലുവിളിയെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ എന്നും സതീശൻ ചോദിക്കുന്നു. ”മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.”- സതീശൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *