കേരളത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തുടരവെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ഇളവ്. രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. എങ്കിലും മാനദണ്ഡങ്ങള്‍ക്ക് ഏകീകൃത രൂപമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം നൂറിന് താഴെയെത്തിയ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവില്‍ യാതൊരു നിയന്ത്രണങ്ങളുമില്ല. ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കും വാക്സീന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നത് മൂന്ന് സംസ്ഥാനങ്ങളും പിന്‍വലിച്ചു. രോഗവ്യാപനം കേരളത്തെ അപേക്ഷിച്ച് നിയന്ത്രണവിധേയമാണെങ്കിലും വാക്സീന്‍ എടുത്തവര്‍ക്ക് മാത്രം ഇളവ് നല്‍കിരിക്കുകയാണ് പഞ്ചാബ്, ഛണ്ഡീഗഡ്, ഗോവ എന്നി സംസ്ഥാനങ്ങള്‍. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ച രേഖ കാണിച്ചാല്‍, ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളില്ലാതെ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാം. അല്ലെങ്കില്‍ പഞ്ചാബില്‍ 72 മണിക്കൂറിനകവും ഗോവയില്‍ 48 മണിക്കൂറിനകവും എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം.
ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, നാഗാലാന്റ്, മേഘാലയ, എന്നിവിടങ്ങളില്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇളവ്. അല്ലെങ്കില്‍ 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കേരളം പോലെ മഹാരാഷ്ട്രയിലും എല്ലാവര്‍ക്കും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാണ്. വാക്സീന്‍ സ്വീകരിച്ചവരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ഇളവുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലാത്തതിനാല്‍ വിനോദ സഞ്ചാരങ്ങള്‍ക്കും വ്യാപാര സംബന്ധിയായ യാത്രകള്‍ക്കും ഇപ്പോഴും വലിയബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ട്.വലിയ ഇളവുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളടക്കമുള്ള ഇടങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയാകുമെന്നആശങ്ക ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയിട്ടുണ്ട്.