എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച്‌ വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളുടെ താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. ജില്ലാതല അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കായി കോളേജുകള്‍, എന്‍.എസ്.എസ്. എന്നിവരുമായി സഹകരിച്ച്‌ ജെന്‍ഡര്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ അവബോധ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *