ബെയ്റൂട്ട് ∙ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം മുൻ പ്രധാനമന്ത്രി സാദ് അൽ ഹരീരി ഉപേക്ഷിച്ചതോടെ ലബനൻ വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മന്ത്രിമാരുടെ പട്ടികയിൽ പ്രസിഡന്റ് മിഷേൽ ഔൻ നിർദേശിച്ച മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനത്തിനു പിന്നിലെന്ന് അൽ ഹരീരി അറിയിച്ചു. ഹസൻ ഡയാബ് കാവൽ പ്രധാനമന്ത്രിയായി തുടരും. ഹരീരിയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെരുവുകളിൽ കലാപസമാന സാഹചര്യമാണ്.
കഴിഞ്ഞ ഓഗസ്റ്റ് 4ന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് പ്രധാനമന്ത്രി ഹസൻ ഡയാബ് രാജിവച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന രാജ്യത്തെ രക്ഷിക്കാൻ എത്രയും വേഗം മന്ത്രിസഭയുണ്ടാക്കാൻ ഒക്ടോബറിൽ അൽ ഹരീരിയോട് പ്രസിഡന്റ് ഔൻ ആവശ്യപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും നിർണായകസ്വാധീനമുള്ള ലബനനിൽ എല്ലാവർക്കും പ്രാതിനിധ്യമുള്ള മന്ത്രിസഭയുണ്ടാക്കാൻ ഹരീരി പാടുപെട്ടു. ഇതിനിടെ, പ്രസിഡന്റിന്റെ ഇടപെടലും ഇഷ്ടമായില്ല.
വിവിധ കക്ഷിനേതാക്കളുമായി ചർച്ച നടത്തുമെന്നും പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രസിഡന്റ് ഔൻ പറഞ്ഞു. ഹരീരിയുടെ തീരുമാനത്തിൽ അറബ് ലീഗും യുഎസും യൂറോപ്യൻ യൂണിയനും നിരാശ പ്രകടമാക്കി.
English Summary: Political crisis in Lebanon