വെള്ളപ്പൊക്ക ഭീഷണിയില്‍ അപ്പര്‍കുട്ടനാടന്‍ മേഖല. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി.

നിരണം, തലവ‌‌ടി, എ‌ടത്വ, തകഴി, വീയപുരം, കരുവാറ്റ, ആയപ്പറമ്പ് പഞ്ചായത്ത് പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും വെള്ളംകയറി. മൂന്നുദിവസം പെയ്ത കനത്ത മഴയില്‍ പമ്പ, മണിമലയാറുകളിലെ ജലനിരപ്പുയര്‍ന്നു. 2018ലെ പ്രളയത്തില്‍ പമ്പയുടേയും, മണിമലയാറിന്‍റേയും കൈവഴികളും, തോടുകളും മാലിന്യം നിറഞ്ഞ് ആഴം കുറഞ്ഞതാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാക്കുന്നത്. തലവടി കുതിരച്ചാല്‍ കോളനിയില്‍ വെള്ളംകയറി. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ആദ്യം വെള്ളംകയറുന്ന മേഖലയായി തലവടി മാറിക്കഴിഞ്ഞു. കഴിഞ്ഞ മേയ് മാസത്തിലെ വേനല്‍ മഴയില്‍ പാടശേഖരങ്ങളിലടക്കം വെള്ളം കയറിയിരുന്നു. കപ്പ, വാഴ,ചേന തുടങ്ങിയ കരകൃഷികള്‍ക്കും വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിലവില്‍ കൃഷിചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *