വാഷിങ്ടൻ ∙ യുഎസിൽ കോവിഡ് കേസുകളും മരണവും വീണ്ടും വർധിക്കുന്നു. വാക്സീൻ വിരുദ്ധ പ്രചാരണം ശക്തമായതിനാൽ ഒട്ടേറേപേർ കുത്തിവയ്പിനു വിസമ്മതിക്കുന്നതാണു ബൈഡൻ ഭരണകൂടം നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ മൂന്നിരട്ടിയായി വർധിച്ചു. വാക്സീൻ സ്വീകരിക്കാത്തവർക്കിടയിൽ കേസുകളും മരണങ്ങളും കൂടുതലാണ്. രാജ്യവ്യാപകമായി അടിയന്തര സാഹചര്യമില്ലെങ്കിലും വാക്സീൻ സ്വീകരിക്കാത്ത വിഭാഗങ്ങൾക്കിടയിലാണു കേസുകൾ പെരുകുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു. 16.1 കോടിയിലേറെ അമേരിക്കക്കാർ വാക്സീൻ എടുത്തുകഴിഞ്ഞു. 9 കോടിയോളം പേരാണ് ഇനി എടുക്കാനുള്ളത്.

ഏറ്റവും കുറവ് വാക്സിനേഷൻ നടന്ന 4 സംസ്ഥാനങ്ങളിലാണ് ആശുപത്രിക്കേസുകൾ കൂടുതൽ. വാക്സിനേഷനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ പ്രചാരണമാണു നടത്തുന്നത്. പാർട്ടി പ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിൽ 47% പേരും കുത്തിവയ്പ് എടുക്കില്ലെന്ന നിലപാടാണു സ്വീകരിച്ചത്. അതേസമയം, ഡെമോക്രാറ്റുകളിൽ 6% ആണു വാക്സീൻ വിരുദ്ധ നിലപാടെടുത്തത്.

അമേരിക്കയിലും വകഭേദം വന്ന വൈറസാണ് പടരുന്നത്. യുകെയിലും വ്യാപനം ശക്തമാണെങ്കിലും നല്ലൊരു ശതമാനം ജനങ്ങൾ കുത്തിവയ്പെടുത്തതിനാൽ മരണം കുറവാണ്.

ഫെയ്സ്ബുക്കിന് എതിരെ ബൈഡൻ

വാക്സിനേഷൻ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിലൂടെ ഫെയ്സ്ബുക് അടക്കം സമൂഹമാധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. വാക്സീൻ വിരുദ്ധ പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ തടയാത്തതിൽ ആരോഗ്യവിദഗ്ധർ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കിനെതിരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു.

കോവിഷീൽഡിന് ഫ്രാൻസിലും അംഗീകാരം

പാരിസ് ∙ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ഫ്രാൻസ് യാത്രാനുമതി നൽകി. ഇതേസമയം, ഡെൽറ്റ വകഭേദം വ്യാപിക്കുന്നതു തടയാൻ അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി.

യൂറോപ്യൻ യൂണിയന്റെ വാക്സീൻ പാസ്പോർട്ട് പദ്ധതി പ്രകാരം യൂറോപ്പിൽ നിർമിച്ച വാക്സീനുകൾ ഉപയോഗിച്ചവർക്കു മാത്രമേ യാത്രാനുമതി നൽകിയിരുന്നുള്ളൂ. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. യുകെ ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളും ആഫ്രിക്കയും കോവിഷീൽഡ് നേരത്തേ അംഗീകരിച്ചിരുന്നു.

ചൈനയിൽ നൽകിയത് 143.7 കോടി ഡോസ്

ഷാങ്ഹായ് ∙ ചൈന കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1.1 കോടി ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 143.7 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *