ജക്കാര്‍ത്ത: ദിനംപ്രതിയുള്ള കോവിഡ് മരണസംഖ്യയില്‍ ഇൻഡൊനീഷ്യ ബ്രസീലിനെ മറികടന്നു. കോവിഡ് മൂലം 1093 പേര്‍ കൂടി മരിച്ചതായി ഇൻഡൊനീഷ്യ ഞായറാഴ്ച വ്യക്തമാക്കി. 44,721 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറില്‍ 1092 കോവിഡ് മരണമാണ് ഇൻഡൊനീഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ അന്നേ ദിവസം 868 പേര്‍ മരിച്ചതായാണ് കണക്ക്.

ജനസംഖ്യയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇൻഡൊനീഷ്യ കോവിഡിന്റെ ഏഷ്യയിലെ പുതിയ പ്രഭവകേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 44,721 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ ദിനം പ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇൻഡൊനീഷ്യ ഇന്ത്യയെ മറികടന്നു. ശനിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ജക്കാര്‍ത്തയില്‍ മാത്രം 10.6 ദശലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചതായി പറയുന്നു. കോവിഡ് പരിശോധന നടത്തുന്നതില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നതിനാല്‍ ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതല്‍ രോഗികള്‍ രാജ്യത്ത് ഉണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇതു വരെ 2.8 ദശലക്ഷം പേര്‍ക്കാണ് ഇൻഡൊനീഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 73,582 പേര്‍ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു. നിലവില്‍ മറ്റേതൊരു രാജ്യത്തേക്കാളും ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇൻഡൊനീഷ്യയില്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. യുസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധയുണ്ടായത്. 6,09,000 പേര്‍ യുഎസില്‍ കോവിഡ്മൂലം മരിച്ചു. മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 5,40,000 പേരാണ് മരിച്ചത്.

രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ഇൻഡൊനീഷ്യയില്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. കൂടാതെ ഓക്‌സിജന്‍ ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. ആശുപത്രികളില്‍ ചികിത്സാസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞ 650 ഓളം പേര്‍ മരിച്ചതായും സൂചനയുണ്ട്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണ് ഇൻഡൊനീഷ്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കാനിടയായതെന്നാണ് വിലയിരുത്തല്‍.

കോവിഡ് മുന്നണിപോരാളികളായ ഡോക്ടര്‍മാരുടെ മരണസംഖ്യയിലും ഇൻഡൊനീഷ്യ മുന്‍പന്തിയിലുണ്ട്. ജൂലായ് ഒന്ന് മുതല്‍ 17 വരെയുള്ള കാലയളവില്‍ 114 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതു വരെ 545 ഡോക്ടര്‍മാര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനോടകം 57 ദശലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ആകെ ജനസംഖ്യുടെ പതിനൊന്ന് ശതമാനമാണിത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ജൂലായ് മൂന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ചൊവ്വാഴ്ച നിയന്ത്രണങ്ങള്‍ അവസാനിക്കാനിരിക്കെ അത് ദീര്‍ഘിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.

Leave a Reply

Your email address will not be published. Required fields are marked *