ചരിത്രത്തിന് മായിക്കാനും മറക്കാനും കഴിയാത്ത ധാരാളം അനുഭവപാഠങ്ങളുണ്ട്. പോർച്ചുഗീസുകാരും ഡച്ചുകാരും അവസാനം ഇംഗ്ലീഷ്‌കാരും കേരളത്തിൽ വന്നതുപോലെ അവസാനമെത്തിയത് സ്ത്രീ സുരക്ഷക്ക് പിങ്ക് പ്രൊട്ടക്ഷനാണ്. കേൾക്കാൻ എന്തൊരു സുഖമുള്ള വാക്കുകൾ. കേരളത്തിൽ സ്ത്രീകളോട് കാട്ടുന്ന അനീതി, സ്ത്രീപീഡനങ്ങൾ തുടരുകയാണ്. സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ, സൈബർ അതിക്രമങ്ങൾ തടയാൻ പിങ്ക് സുരക്ഷ ജീവനക്കാരെ കൊണ്ടുവന്നിട്ടും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കുന്നില്ല. പൊലീസിന്റ പത്തിന പദ്ധതിയിൽ പറയുന്ന ഒരു കാര്യം ഗാർഹിക പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാണ് “പിങ്ക് ജനമൈത്രി ബീറ്റ്”. ഇതുപോലെ തുടങ്ങിയതാണ് “ജനമൈത്രി പൊലീസ്”. ഇതും കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ. സിനിമ കാണുന്നതുപോലെ വെറുതെ കേട്ടാൽ പോരാ അതിലുപരി ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ സ്ത്രീകൾ കാണണം. അപ്പോഴറിയാം പിൻവാതിൽ നിയമനത്തിലൂടെ വന്ന കഴുകക്കണ്ണുകൾ കൂർപ്പിച്ചു നോക്കുന്നത്. ഇതെ കഴുകക്കണ്ണുകളും കൂർപ്പിച്ച നഖങ്ങളുമുള്ള മനുഷ്യർ നമ്മുടെ അധികാരകേന്ദ്രങ്ങളിൽ മാത്രമല്ല എല്ലായിടവും പറന്നു നടക്കുന്നു. ഏറ്റവും കൂടുതൽ കഴുകന്മാർ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ഉള്ളതുകൊണ്ടാണോ സ്ത്രീകൾ അവിടെ പോകാൻ ഭയക്കുന്നത്?
നമ്മുടെ മുൻ ഡി.ജി.പി കണ്ണഞ്ചിപ്പിക്കുന്ന ഒരു തള്ള് ഉന്തിത്തള്ളിയിട്ടാണ് പോയത്. എന്താണത്? സ്ത്രീപീഡകർക്കെതിരെ ഒരു ടെലിഫോൺ സന്ദേശം മതി. പോലീസ് ഓടിയെത്തും. സർക്കാരുകളുടെ താളത്തിന് തുള്ളി മുടന്തനെപോലെ നടക്കുന്ന പൊലീസ് ഒരു ഭാഗത്തും ഞണ്ടിനെപ്പോലെ വളഞ്ഞും പുളഞ്ഞും പോകുന്ന നേരായ മാർഗ്ഗത്തിൽ സഞ്ചരിക്കാത്ത അധികാരികൾ മറ്റൊരു ഭാഗത്തും നിന്ന് സമൂഹത്തിന് വല്ലാത്തൊരു വല്ലായ്‌മയാണ് ഓരോ ദിവസവുമുണ്ടാക്കുന്നത്. ഒരുപക്ഷെ ഡി.ജി.പി. ഉദേശിച്ചത് ബ്രിട്ടനെപോലുള്ള വികസിത രാജ്യങ്ങളാകാം. അവിടെയാണ് വിളിപ്പുറത്തു് പൊലീസ് വരുന്നത്. അധികാരത്തിരിക്കുന്ന ആരെങ്കിലും നിയമവ്യവസ്ഥയിൽ കൈവെച്ചാൽ കയ്യാമം വെച്ച് അവരെയും അകത്താക്കുന്ന രാജ്യങ്ങളാണ്. ഇവിടുത്തെ ഭരണാധിപന്മാർക്ക് നിയമങ്ങളെ ഭയമാണ്. നമ്മുടെ നാട്ടിൽ നിയമങ്ങൾ ഭരണകൂടത്തെ ഭയക്കുന്നു. അതിൽ ചുരുക്കം നിരപരാധികളായ ഭരണാധിപന്മാരും പൊലീസുകാരുമുണ്ട്. വികസിത രാജ്യങ്ങളിൽ രാജഭരണമുള്ള കാലത്തും നാട് ഭരിച്ചു മുടിക്കുന്ന രാജാക്കന്മാരെ, മന്ത്രിമാരെ നടുറോഡിൽ കെട്ടിതൂക്കിക്കൊന്ന ചരിത്രമുണ്ട്. ഇതൊക്കെ ഇന്ത്യയിൽ സംഭവിക്കുമെന്ന് ആരെങ്കിലും കരുതുമോ? ഭരിക്കുന്നവർ ദാസന്മാരാണ് അല്ലാതെ ഇന്ത്യയിൽ കാണുന്നതുപോലുള്ള മാടമ്പികളല്ല. നമ്മുടെ വ്യവസ്ഥിതി മാറാതെ ഇന്നത്തെ പെറ്റിബൂർഷാ ഭരണ സംവിധാനം അവസാനിക്കില്ല. നാം കണ്ടുകൊണ്ടരിക്കുന്നത് ഭരണത്തിൽ വരുന്നവർ ഒളിഞ്ഞും തെളിഞ്ഞും അഴിമതികൾ നടത്തി തലമുറകൾക്ക് സമ്പാദിച്ചുകുട്ടുന്ന ജനാധിപത്യ ഭരണമാണ്. ഇന്ത്യക്കാർ എന്തിനാണ് ജനാധിപത്യമെന്ന പുറംതോടുമായി ഇങ്ങനെ ജീവിക്കുന്നത്?
ഈ മാസമാണ് സ്ത്രീ പീഡന വിഷയത്തിൽ ഒളിമ്പ്യൻ മയൂഖ ജോണിയും കുണ്ടറയിൽ ഒരു പരാതിക്കാരിയും മുന്നോട്ട് വന്നത്. സ്ത്രീകളുടെ കരുത്തു് തെളിയിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. ഭരണകൂടങ്ങളെ താഴയിറക്കിയ എത്രയോ സ്ത്രീപീഡന സംഭവങ്ങളുണ്ട്. ഇന്ത്യയിൽ കൊടിയുടെ നിറം മാത്രമാണ് പലർക്കും രക്ഷാകവചമായി കാണുന്നത്. അതിനേക്കാൾ ശക്തമായ നിലപാടുമായി ഒരു സ്ത്രീയുടെ നൊമ്പരമറിഞ്ഞു സ്ത്രീത്വത്തെ ചവുട്ടിമെതിക്കുന്നവർക്കെതിരെ മയൂഖ ജോണി വന്നത് പത്തൊൻപതാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി നേടിയ സ്വർണ്ണത്തിളക്കമാണ് ഞാൻ കണ്ടത്. 2012 ൽ ഞാൻ മാധ്യമം പത്രത്തിനായി ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യുമ്പോൾ ഓട്ടക്കളത്തിലും ഇതെ വാശിയേറിയ പോരാട്ടം കണ്ടിരുന്നു. പി.ടി.ഉഷ, ടിന്റു ലൂക്ക, ഇർഫാൻ, ഹോക്കി താരം പി.ആർ.ശ്രീജേഷ്, മയൂഖ ജോണിയടങ്ങിയവരുടെ ഫോട്ടോകൾ ഇപ്പോഴും സൂക്ഷിക്കുന്നു. സാധാരണ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരാണ് കാലഘട്ടത്തിന്റ ഹ്ര്യദയസ്പന്ദനമറിഞ്ഞു ശബ്ദമുയർത്തുന്നത്. അവർ നെറികേടുകൾക്കെതിരെ കണ്ണ് ഇറുക്കി അടച്ചിരിക്കുന്നവരല്ല ലോകചരിത്രത്തിൽ മനുഷ്യരുടെ പുരോഗതി, ഉയർത്തെഴുന്നേൽപ്പാണ് അവരുടെ ലക്ഷ്യ൦ അല്ലാതെ സ്വാർത്ഥ താല്പര്യങ്ങളല്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതുപോലെ സത്യമെഴുതുന്ന സർഗ്ഗ പ്രതിഭകളെയും ഇവർ വേട്ടയാടുന്നു. ഇത്തരത്തിൽ കേരളത്തിൽ രാഷ്ട്രീയക്കാർ വെച്ചുനീട്ടുന്ന പുരസ്കാരങ്ങളും പദവികളും വാങ്ങി അയോഗ്യരായവർ ഭാഷയെ മലിനമാക്കുന്നു. കേരളത്തിൽ ഒരു കായിക താരം ഒരു കൂട്ടുകാരിക്ക് വേണ്ടി അല്ലെങ്കിൽ ഒരു സ്ത്രീക്ക് വേണ്ടി തന്റേടത്തോടെ തലയെടുപ്പോടെ വന്നത് സ്ത്രീകളുടെ പ്രതിച്ഛായക്ക് മാറ്റുകൂട്ടുന്നു.
ജനമൈത്രി പൊലീസിൽ കുണ്ടറയുള്ള പരാതിക്കാരി ജൂൺ 28 ന് പരാതി കൊടുത്തു. ഒന്നും സഭവിച്ചില്ല. ജൂലൈ 20 ന് ഒരു മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തുവരുമ്പോഴാണ് ലോകമറിയുന്നത്. ഇങ്ങനെ എത്രയോ കേസ്സുകൾ അനാഥ പ്രേതങ്ങൾ പോലെ കിടക്കുന്നു. ഇനിയെങ്കിലും ജനമൈത്രി പൊലീസിന് അന്ത്യകൂദാശ കൊടുത്തുകൂടെ? ജനമൈത്രിക്ക് പകരം എത്രയോ നല്ലതാണ് ഭരിക്കുന്ന പാർട്ടിയുടെ പേര് കൊടുക്കുന്നത്. അങ്ങനെയെങ്കിൽ ഗുണ്ടാ വിളയാട്ടവും നാട്ടിൽ ഒരു പണിയുമെടുക്കാതെ വെള്ളകുപ്പായമണിഞ്ഞു നടക്കുന്ന നേതാക്കന്മാർക്കുള്ള പേരുദോഷവും മാറിക്കിട്ടും. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ മാധ്യമങ്ങളെക്കുടി നിയമിച്ചാൽ ഒളുവിൽ പാർക്കുന്ന കേസ്സുകൾ അവർ പൊക്കികൊണ്ടുവരും. എന്തുകൊണ്ടെന്നാൽ മിക്ക കേസുകളും അവരാണല്ലോ പുറത്തുകൊണ്ടുവരുന്നത്. ഒടുവിൽ അവരുടെ മേൽ കുതിര കയറുന്നതും ചാനൽ ചർച്ചകളിൽ കാണാറുണ്ട്. ആ കാര്യത്തിൽ ഏഷ്യാനെറ്റ് വിനു വി.ജോണിനെ അഭിനന്ദിക്കുന്നു. എന്തിനാണ് പാവപ്പെട്ടവന്റെ നികുതിപ്പണം കൊടുത്തു ഒരു സൈന്യത്തെ തീറ്റിപ്പോറ്റി കൈക്കൂലി മന്ത്രവുംജപിച്ചു കൊടുത്തു സമ്പന്നരാക്കുന്നത്. ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഞെക്കിപ്പഴുപ്പിച്ച പഴംപോലെ പ്രവർത്തിക്കുന്ന ഒരു പൊലീസ് സംവിധാനം ആഫ്രിക്കൻ കാടുകളിൽ മാത്രമെ കാണാൻ സാധിക്കു. മിക്ക കേസുകളും ഭരിക്കുന്ന പാർട്ടിയുടെ ഉൾവഴികളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് . അതിന്റ കാരണം ഭരിക്കുന്ന പാർട്ടികൾ ഇന്ത്യൻ നിയമവ്യവസ്ഥയെ മാനിക്കുന്നില്ല. സ്വന്തം പാർട്ടിയിലെ ഒരംഗം സ്ത്രീയെ പീഡിപ്പിച്ചാൽ അവർക്ക് വേണ്ടുന്ന പരിപൂർണ്ണ പിന്തുണ സംരക്ഷണം കൊടുക്കുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തി സ്ത്രീകളുടെ മാനത്തിന് വിലയിടുന്നു. പൊലീസ്, കോടതി അവർ കൂട്ടംകൂടി ഒത്തുതീർപ്പാക്കുന്നു. എത്ര ദയനീയം. സത്യത്തിനും നീതിക്കും ഒരു വിലയുമില്ലേ? എങ്ങും അനീതി, കൈക്കൂലി, സൈബർ ഗുണ്ടകളുടെ ആക്രമണം, എന്തിന് പറയണം മന്ത്രിമാർപോലും സത്യപ്രതിജ്ഞ ലംഘനം നടത്തുന്ന ഒരു വിചിത്ര ലോകം.
കേരളത്തിന്റ അഭിമാനമായ ഒളിമ്പ്യൻ മയൂഖ ജോണി ത്യശൂരിൽ ഒരു പത്ര സമ്മേളനം നടത്തി അറിയിച്ചത് ആരിലും ഞെട്ടലുണ്ടാക്കുന്നു. 2016 ൽ ഒരു സമ്പന്നൻ അവിവാഹിതയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ആ പെൺകുട്ടി 2018 ൽ വിവാഹം കഴിഞ്ഞു പോയിട്ടും ഈ വേട്ടമൃഗം ഇരയെത്തേടിയെത്തുന്നു. കാട്ടിൽ ജീവിക്കുന്ന മനുഷ്യർ വിശപ്പടക്കാനാണ് കാട്ടിൽ തേനെടുക്കാൻ പോകുന്നതെങ്കിൽ നാട്ടിലെ വേടൻ പാവപ്പെട്ട സ്ത്രീകളെ വേട്ടയാടുന്നു. കൊല്ലുന്നു. ഇവർ അധികാരികളാണ്, സമ്പന്നരാണ്. നാട് മുഴുവൻ ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ വെള്ളക്കുപ്പായമണിഞ്ഞങ്ങനെ വിലസുന്നു. പണം വാങ്ങി ഓശാന പാടുന്ന ചില മാധ്യമങ്ങളുമുണ്ട്. ഇത്തരക്കാർ കള്ളും കാശു൦ കൊടുത്തു് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നു. ഈ ക്രിമിനലുകളെ ജനം തീറ്റിപ്പോറ്റുന്നു. സ്ത്രീകൾ പൊലീസ് സ്റ്റേഷനെ ഭയക്കുന്നതുപോലെ പൊലീസ് വകുപ്പുകൾ ഭരണത്തിലുള്ളവരെ ഭയക്കുന്നു. സത്യസന്ധമായി ജോലി ചെയ്യാൻ പൊലീസിന് താല്പര്യമുണ്ടെങ്കിലും അതിനവരെ അനുവദിക്കാറില്ല. മയൂഖ ജോണി ആദ്യം ഒരു എസ്.പിയെ സമീപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഉറപ്പ് കൊടുക്കുന്നു. ആഴ്ചകൾ കഴിയുമ്പോൾ എസ്. പി മലക്കം മറിയുന്നു. കുണ്ടറക്കാരി പരാതി കൊടുത്തിട്ട് തിരിഞ്ഞു നോക്കിയില്ല. ഇവർ എന്താണ് ഇരയുടെ നൊമ്പരം തിരിച്ചറിയാത്തത്? സ്ത്രീപീഡകർക്ക് ചുമടുതാങ്ങികളായി അധികാരികൾ വരുന്നതുകൊണ്ടല്ലേ കേരളത്തിൽ സ്ത്രീപീഡനം പെരുകുന്നത്?
സമൂഹത്തിൽ അനീതി നടത്തുന്നവരെ അധികാരത്തിലെത്തിക്കുന്ന സാക്ഷരകേരളമേ ഇനിയെങ്കിലും തലതാഴ്ത്തു. സ്ത്രീകളുടെ വിഷയത്തിൽ മാത്രമല്ല ഏത് രംഗമെടുത്താലും അനീതിയുടെ വിളനിലമാണ് കേരളം. സാമൂഹ്യ തിന്മകൾക്കെതിരെ തൂലിക ചലിപ്പിക്കേണ്ട എഴുത്തുകാർപോലും കലാസാഹിത്യ മേനിപറഞ്ഞു പെറ്റിബൂർഷ്വകൾക്ക് വീടുപണി ചെയ്യുന്നു. . ഇതുപോലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങുന്ന പെൺകുട്ടികൾ പലവിധ പ്രലോഭനങ്ങളിൽ കുടുങ്ങിപ്പോകാറുണ്ട്. ചിലരാകട്ടെ ദുർവിധിയെന്ന പേരിൽ നിസ്സംഗതയോടെ കണ്ണീർവാർക്കുന്നു. ഇരയാക്കപ്പെടുന്ന സ്ത്രീകൾ സ്വന്തം ശക്തി തെളിയിക്കേണ്ട സമയം, വിഷയത്തെ ആളികത്തിക്കേണ്ട സമയം, കയ്യിലായുധമെടുക്കേണ്ട സമയം, രഹസ്യമായി പൊതിഞ്ഞുവെക്കുന്നു. ചതിയൻമ്മാർ ഉള്ളിൽ ചിരിച്ചുകൊണ്ട് മുഖസ്തുതി ചൊരിഞ്ഞു പല സ്ത്രീകളെയും ചതിക്കുഴിയിൽ വീഴ്ത്താറുണ്ട്. കേരളത്തിലെ സ്ത്രീകളുടെ മനസ്സ് ഇത്രമാത്രം ദുർബലമാണോ? സ്കൂൾ പഠനക്ലാസ്സുകളിൽ സഹോദരിമാരെ, അമ്മമാരേ ബഹുമാനിക്കാൻ പഠിപ്പിക്കണം. തൃശൂരിലെ പെൺകുട്ടി ഒരു വഞ്ചകനെ രഹസ്യമാക്കി വച്ചു. സ്കൂളുകളിൽ നിന്ന് വേണ്ടുന്ന ശിക്ഷണം പെൺകുട്ടികൾക്ക് കിട്ടാത്തതുകൊണ്ടാണ് പലവിധ പീഡനങ്ങൾ അവർ നേരിടുന്നത്. 2016 ലെ സംഭവം 2021 ൽ തെളിവായി വന്നിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നു. അത് കുഴിച്ചുമൂടാൻ അധികാരിവർഗ്ഗം ഒത്താശ ചെയ്യുന്നു. നിലവിലിരിക്കുന്ന ഭരണഘടന, നിയമങ്ങൾ കേരളത്തിൽ മരിച്ചോ?
സമൂഹത്തിൽ നിന്നും കുടുബത്തിൽ നിന്നും ഉടലെടുക്കുന്നത് മനസ്സിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദുഃഖ ദുരിതങ്ങളാണ് പല പെൺകുട്ടികളും സ്ത്രീകളും നേരിടുന്നത്. ഒരു സ്ത്രീയുടെ മാനം രക്ഷിക്കാനുള്ള ചുമതല ചെറുപ്പം മുതൽ പെൺകുട്ടികൾ ഏറ്റെടുക്കണം. സമൂഹത്തിന്റ ക്രമസമാധാന ചുമതലയുള്ളവർ, സമ്പന്നർ ആദിവാസിസ്ത്രീകളുടെ നിഷ്‌കളങ്കതയും അരക്ഷിതമായ ജീവിത ചുറ്റുപാടുകളും എങ്ങനെ ചുഷണം ചെയ്യുന്നുവോ അത് തന്നെയാണ് നഗര ഗ്രാമങ്ങളിലും അരങ്ങേറുന്നത്. ഇന്ത്യയിൽ സ്വയം രക്ഷിക്കേണ്ട വാൾ ഡെമോക്ലസ്സിന്റെ വാൾ പോലെ ഇരകളായ സ്ത്രീകളുടെ തലക്കുമീതെ തുങ്ങി കിടക്കുന്നു. ഇരിക്കുന്ന കസേരയുടെ കീർത്തി വർദ്ധിപ്പിക്കുന്നവർ ഇരകളുടെ വേദന കണ്ണുതുറന്ന് കാണണം. നീതി കിട്ടാത്തവർ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത്? പൊലീസ് വകുപ്പുകൾ കോടതിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സാഹിത്യ സാംസ്കാരിക രംഗം രാഷ്ട്രീയക്കാരിൽ നിന്ന് മോചിപ്പിക്കണം. രാഷ്ട്രീയപാർട്ടികളടക്കം സമസ്ത മേഖലകളിലും ഒരു മാറ്റം വരാതെ നമ്മൾ പുരോഗതി നേടില്ല. വേലിതന്നെ വിളവ് തിന്നുന്ന ഈ വ്യവസ്ഥിതിക്കെതിരെ മയൂഖ ജോണിനെപോലുള്ള മനസാക്ഷി മരവിക്കാത്തവർ രംഗത്ത് വരണം തൃശൂരിലെ മദയാനകളെ തളക്കാനെത്തിയ മയൂഖ ജോണിക്ക് ഒരു ബിഗ് സല്യൂട്ട്.
……………………………………………

Leave a Reply

Your email address will not be published. Required fields are marked *