തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
നാടകങ്ങളിലൂടെ സിനിമയിലെത്തിയ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിൽ പെട്ടിക്കട നടത്തിയിരുന്നു.
140-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ ആണ് ആദ്യ ചിത്രം. വൃദ്ധൻമാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി.
1956-ൽ ‘വിവാഹ ദല്ലാൾ’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് അഞ്ചുരൂപ പ്രതിഫലത്തിൽ അമെച്ചർ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പ്രൊഫഷണൽ നാടകരംഗത്ത് 50 വർഷം നീണ്ട അഭിനയജീവിതം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ രമണി, മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാജൻ.