ഒളിമ്പിക്സ് തുടങ്ങി…
ഒളിമ്പിക്സിനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ വരുന്നത് ഏഷ്യാഡാണ്…
ഇന്ത്യയിലാദ്യമായി ഡൽഹിയിൽ ഏഷ്യാഡ് നടക്കുന്നു…
അന്നത്തെ ഏഷ്യാഡിന്റെ ചിഹ്നം “അപ്പു” എന്ന ആനക്കുട്ടി ആയിരുന്നു…
അന്നു മുതൽ ‘അപ്പു’ എന്ന പേരുള്ളവരുടെയെല്ലാം വിളിപ്പേര് ‘ഏഷ്യാഡ്’ എന്നായി മാറിയത് രസകരമായ ചരിത്രം…
ഏഷ്യാഡിനെ കുറിച്ചറിയാൻ
പത്രവാർത്തകൾ മാത്രമാണ് ഏക ആശ്രയം…
ഞങ്ങളുടെ നാട്ടിൽ അന്ന് ആകെ മൂന്നു വീടുകളിലേ ടെലിവിഷൻ ഉണ്ടായിരുന്നുള്ളൂ…
കരീം സാറിന്റെ വീട്ടിലും
പൗർണ്ണമി അപ്പു അണ്ണന്റെ വീട്ടിലും
എഡ്മഡ് അണ്ണന്റെ വീട്ടിലും…
ഒരു ടെലിവിഷനിലും ചിത്രങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല…
ഒരു നിഴലു പോലെ മത്സരാർത്ഥികൾ ഓടുന്നതും ചാടുന്നതും കാണാം…
എന്നാലും മൂന്നു വീടുകളിലും ടെലിവിഷൻ കാണാൻ തിരക്കോട് തിരക്കായിരുന്നു…
അപ്പോഴാണ്
മത്തായി ഷാജു പറയുന്നത് കഴക്കൂട്ടത്ത് ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് ശങ്കരൻ കുട്ടി എന്നൊരാളിന്റെ വീട്ടിലെ ടെലിവിഷനിൽ എല്ലാം നല്ല വ്യക്തമായി കാണാമെന്ന്…
ആ ടെലിവിഷൻ കാണാനുള്ള ആഗ്രഹം ഞങ്ങളിൽ വളർന്നു…
എങ്ങനെ പോകും…?
കുട്ടികളുടെ അന്നത്തെ സൗഹൃദങ്ങൾക്ക് അതിരില്ലായിരുന്നു…
കൂട്ടുകാർ കൂട്ടംകൂടി ഓരോ വീടുകളിലും കളിക്കാൻ പോകും…
വിശക്കുമ്പോൾ മാത്രമാണ് തിരിച്ചു വീട്ടിലെത്തുന്നത്…
അപ്പുറത്തെ വീട്ടിൽ പോയതിനോ ഇപ്പുറത്തെ വീട്ടിൽ പോയതിനോ അമ്മമാർ മക്കളെ വഴക്ക് പറയാറില്ല…
ഈ സ്വാതന്ത്ര്യം ‘ദുരുപയോഗം’ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു…
ഞാൻ,വെള്ള അനി,
ചലപ്പറ അനി,ഷാജു,ജിത്ത്, മണിലാൽ,ഗോപൻ,ജോയ് തുടങ്ങി പന്ത്രണ്ടോളം പേർ രാവിലത്തെ കാപ്പി കുടിയും കഴിഞ്ഞ് കളർ ടെലിവിഷൻ കാണാനായി കഴക്കൂട്ടത്തേക്ക് ഓടാൻ തുടങ്ങി…
വെട്ടുറോഡിൽ നിന്ന് കഴക്കൂട്ടം വരെ രണ്ടര കിലോമീറ്റർ ദൂരമുണ്ട്…
ദേശാടന പക്ഷികളെ പോലെ ഞങ്ങൾ പത്തു പന്ത്രണ്ട് കുട്ടികൾ ഇടവഴിയേ ഓടി…
ഓട്ടത്തിനിടയിലും വീട്ടിൽ അറിയുമോ എന്ന പേടി ഞങ്ങളിൽ ഉണ്ടായിരുന്നു…
ആ പേടി പരസ്പരം പങ്കു വെച്ചെങ്കിലും ടെലിവിഷൻ കാണാനുള്ള ആഗ്രഹത്തിന് മുന്നിൽ പേടിയെ പേടിച്ചില്ല…
ശങ്കരൻ കുട്ടി അണ്ണന്റെ വീട്ടിലെത്തി…
അവിടെ വീടിനകത്തും പുറത്തുമായി
അമ്പല പറമ്പിലെ ആൾക്കൂട്ടം…
വീടിന് വെളിയിൽ ജനലിലൂടെ തിക്കി തിരക്കി ഞങ്ങൾ നിറമുള്ള ടെലിവിഷനിലൂടെ ഏഷ്യാഡ് കണ്ടു…
പത്തു മിനിട്ട് കണ്ടു കഴിഞ്ഞപ്പോൾ വീട്ടിൽ തിരക്കുമോ എന്ന പേടി വളർന്നു വലുതായി…
പത്തു മിനിട്ടെങ്കിലും കളർ ടെലിവിഷനിൽ ഏഷ്യാഡ് കണ്ട സംതൃപ്തിയോടെ വന്നതിനേക്കാൾ ഇരട്ടി വേഗതയിൽ ഞങ്ങൾ തിരിച്ചോടി…
വീട്ടിലെത്തിയ പാടേ
കിതപ്പോടെ കിണറിൽ നിന്നും വെള്ളം കോരി കുടിച്ചപ്പോൾ അമ്മ കരുതിയത് ഓടിക്കളിച്ചതിന്റെ കിതപ്പായിരിക്കുമെന്നാണ്…
അമ്മയുടെ നല്ല കുട്ടിയായ,
അമ്മയുടെ പാവം കുട്ടിയായ,
അമ്മയുടെ ഓമന കുഞ്ചുവായ,
ഞാൻ അടുക്കളയിൽ ചെന്ന് അമ്മയോട് കിന്നാരം പറഞ്ഞിട്ട് പഠിക്കാനെന്ന ഭാവേന അകത്തേക്ക് പോയി…
പാവം എന്റെ അമ്മ…
പാവം എന്റെ കൂട്ടുകാരുടെ അമ്മമാർ…
ടെലിവിഷൻ കാണാൻ അങ്ങോട്ടും ഇങ്ങോട്ടുമായി അഞ്ചു കിലോമീറ്റർ ഓടിയെന്നു പറഞ്ഞാൽ
അത്യന്താധുനിക മൊബൈൽ ഫോണുമായി നടക്കുന്ന ഇന്നത്തെ കുട്ടികൾ വിശ്വസിക്കുമോ…?
വിശ്വസിക്കണം കുട്ടികളേ വിശ്വസിക്കണം…
അങ്ങനെയൊമൊരു കാലം ഉണ്ടായിരുന്നു…
കാളവണ്ടിയിൽ നിന്ന് കമ്പ്യൂട്ടറിലേക്കുള്ള വളർച്ച കാണാൻ ഭാഗ്യം ലഭിച്ച
ഏക തലമുറ
ഞങ്ങളുടെ തലമുറ മാത്രമാണ്……………………………………..
___ഉല്ലാസ് ശ്രീധർ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏