മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 136 ആയി. റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 49 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദുരന്ത മേഖലകളില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദര്‍ശനം നടത്തുകയാണ്. തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്.

40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് മഹാരാഷ്ട്ര അഭിമുഖീകരിക്കുന്നത്. റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും കോസ്റ്റ് ഗർഡും ചേർന്നാണ് രക്ഷപ്രവർത്തനം തുടരുന്നത്. മണ്ണിടിച്ചിലില്‍ നിരവധി പേരുടെ വീടുകള്‍ ഒലിച്ചുപോയി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പരുക്കേറ്റവരുടെ ചികില്‍സ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കോല്‍ഹാപൂരില്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. രത്നഗിരി, വിദര്‍ഭ മേഖലയില്‍ ശക്തമായ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുംബൈയുള്‍പ്പെടെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. മഴ ശക്തയായി പെയ്യുന്നതിനാല്‍ കൊങ്കണ്‍ റെയില്‍പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെട്ടു. ഇന്നലെ മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *