കാളികാവ് : അപകടകാരിയായ ചെഞ്ചേവിയൻ ആമയെ കാളികാവിലും കണ്ടെത്തി. മേലെ കാളികാവിലെ ഒരു വീട്ടിലെ അക്വേറിയത്തിൽ വളർത്തിയ ആമയെയാണ് കണ്ടെത്തിയത്. ഈ ആമയുടെ അപകടാവസ്‌ഥ ന്യൂസ് ചാനലിൽനിന്നും അറിഞ്ഞ ഇയാൾ തൃശൂർ പീച്ചിയിലുളള കേരള വന ഗവേഷണ കേന്ദ്രത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാരായ എ.അനീഷ്, എൻ.സൂരജ് എന്നിവർ ആമയെ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ നിന്ന‌് മാത്രം ഇത്തരം 10 ആമകളെ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കണ്ടെത്തുകയുണ്ടായി. 2014ൽ കോഴിക്കോട് നടക്കാവിലെ ഒരു അക്വേറിയത്തിൽ നിന്നാണ് ഫസൽ ആമകുഞ്ഞിനെ വാങ്ങിയത്. ഇവ എത്തിപ്പെടുന്ന ജലാശത്തിലെ തദ്ദേശീയ ആമകൾ, തവളകൾ, മീനുകൾ എന്നിവയെ പൂർണമായും നശിപ്പിക്കാൻ ഇവയ്‌ക്ക് കഴിയും.
ശരീരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പ്രത്യേകതരം ബാക്‌ടീരിയ മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ രോഗത്തിനിടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റ‌് ആമകളിൽ നിന്ന് ഭിന്നമായ പച്ചയും മഞ്ഞയും കലർന്ന നിറവും പുറന്തോടിലെ വ്യത്യാസവുമാണ് തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരം ആമകളെ വളർത്തുന്നത് കുറ്റകരമല്ലെങ്കിലും അപകടം തിരിച്ചറിയണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ഇവയെ നശിപ്പിക്കാനുളള പദ്ധതികളുണ്ട്.