കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്നാട്. വ്യാഴാഴ്ച മുതല്‍ തീരുമാനം നടപ്പില്‍ വരുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി. രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ച് 14 ആഴ്ച പിന്നിട്ടവര്‍ക്ക് മാത്രം ഇളവ്. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതിനിടെ, കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. ഉത്തരവ് തിരുത്തിയിട്ടില്ലെങ്കിലും തൽക്കാലത്തേക്ക് രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും തലപ്പാടി അതിർത്തിവഴി കടത്തിവിടുന്നുണ്ട്. വാഹനങ്ങൾ കർശനമായി പരിശോധിക്കണമെന്ന് അതിർത്തിയിലെ പൊലീസുകാർക്ക് നിർദേശം ഉണ്ടെങ്കിലും രണ്ടുഡോസ് വാക്സീൻ എടുത്തവർക്ക് തൽക്കാലത്തേക്ക് ഇളവ് നൽകാമെന്നാണ് മംഗളൂരു പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. പുതിയ നിബന്ധനകൾക്കിടെ ദക്ഷിണ കന്നഡയിൽനിന്ന് കാസർകോട്ടേയ്ക്കുള്ള എൺപതോളം ബസ് സർവീസുകൾ കർണാടക നിർത്തി. കേരളത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനം.