ഫ്ലോറിഡ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ റഷ്യൻ പേടകം ‘നൗക’ ത്രസ്റ്ററുകൾ (ദിശ നിയന്ത്രിക്കുന്ന ചെറുറോക്കറ്റുകൾ) ജ്വലിപ്പിച്ചതോടെ നിലയത്തിന്റെ നിയന്ത്രണം അൽപ സമയത്തേക്കു നഷ്ടപ്പെട്ടു. 7 ഗവേഷകർ നിലയത്തിലുണ്ടായിരിക്കെ വ്യാഴാഴ്ചയാണു സംഭവം ഉണ്ടായത്.

റഷ്യയിലെ മോസ്കോയിൽ നിന്നു പേടകത്തെ നിയന്ത്രിച്ചിരുന്ന കൺട്രോളർമാർ അതിനെ നിലയവുമായി ബന്ധിപ്പിച്ച ശേഷമുള്ള നടപടികളിലേക്കു കടക്കുമ്പോഴാണു പെട്ടെന്നു ത്രസ്റ്ററുകൾ ജ്വലിച്ചത്. ഒരു വശത്തെ ത്രസ്റ്ററുകൾ ജ്വലിച്ചതോടെ നിലയം എതിർവശത്തേക്കു സെക്കൻഡിൽ അര ഡിഗ്രി വീതം നീങ്ങിത്തുടങ്ങി. ഉടൻ എതിർവശത്തെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണു നാസ നിലയത്തെ സാധാരണ നിലയിലാക്കിയത്‌. ഇതിനിടയിൽ 2 തവണ ഭൂമിയിൽ നിന്നു നിലയവുമായുള്ള എല്ലാ ബന്ധങ്ങളും മിനിറ്റുകളോളം നഷ്ടപ്പെടുകയും ചെയ്തു. നിലയത്തിലുണ്ടായിരുന്ന ആർക്കും പരുക്കില്ല. പരീക്ഷണഘട്ടത്തിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന നൗക ബഹിരാകാശത്തേക്ക് അയച്ചതാണു സംഭവങ്ങൾക്കു കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, പേടകത്തിന്റെ സോഫ്റ്റ്‌വെയറിൽ ഉണ്ടായ പിഴവാണ് ത്രസ്റ്ററുകൾ ജ്വലിക്കാൻ കാരണമായതെന്ന് റഷ്യൻ ഗവേഷകർ പറഞ്ഞു.

ബഹിരാകാശ നിലയത്തിനു കേടുപാടില്ലെങ്കിലും ബോയിങ്ങിന്റെ സിഎസ്ടി – 100 സ്റ്റാർലൈനർ എന്ന പേടകത്തിന്റെ ആളില്ലാ പരീക്ഷണപ്പറക്കൽ നീട്ടിവച്ചു.

English Summary: International Space Station briefly loses control after new Russian module misfires

Leave a Reply

Your email address will not be published. Required fields are marked *